ഇട്ട്ല്

ഇടവഴി എന്നതിന്റെ ഒരു പ്രാദേശിക പേരാണ് ഇട്ട്ല് . പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിൽ തന്നെ ഈ പദം വ്യത്യസ്ത രൂപങ്ങളിൽ അറിയപ്പെടുന്നു . ഇട്ടിലി ,ഇട്ട്ലി എന്നൊക്കെ പല സ്പെല്ലിങ്ങുകൾ ഉൾക്കൊള്ളുന്ന ഈ പദം ,എന്റെ ഭൂതകാലത്തിന്റെ സാക്ഷിയാണ് .മുറുമുറുപ്പും നിരാശയും അടക്കം പറച്ചിലും അമർത്തിച്ചിരികളൂം തുടങ്ങി ഒരൂട്ടം വൈകാരികമായ പങ്കുവെക്കലുകൾ സാധാരണമായിരുന്ന ആ നാട്ടിടവഴികളെക്കുറിച്ചു അഥവാ ജീവിതത്തെ കുറിച്ച് തന്നെ … എന്റെ അക്ഷരങ്ങൾക്ക് വഴുവഴുപ്പാണ് വിധി ;അറയ്ക്കുന്ന ചീരാപ്പു ഒലിയ്ക്കുന്നതു കൊണ്ടാവാം ….


5അഭിപ്രായങ്ങള്‍

ബാല്യകാലസഖി

കേൾക്കുന്നതു അരോചകമാവുകയില്ലെങ്കിൽ ‘നൊസ്റ്റാൾജിയ” എന്ന വാക്കു ഞാനും ഉപയൊഗിച്ചോട്ടെ;ഇന്നലെകളുടെ പ്രാതിനിധ്യം ഉൾക്കൊള്ളാൻ മറ്റൊരു വാക്കിന്റെ ക്ഷാമമുള്ളതിനാൽ. എനിക്കും നിങ്ങൾക്കുമിടയിലുള്ള ഈ നിശബ്ദത ഭഞ്ജിച്ച എന്റെ നിശ്വാസങ്ങളെ ശപിക്കാതിരിക്കുക. ആ ഇല്ലായ്മ മരണമാണ്‌. ( നിശബ്ദതയുടെ സംഗീതം ആസ്വദിക്കാനറിയാത്ത ഈ അരസികനു മാപ്പു നൽകുക)

image

ഗൃഹാതുരത്വത്തിന്റെ ആഴിയിൽ ഊളിയിട്ടപ്പോൾ ഓർത്തതു പഴയ ഫിലിപ്സ്‌ റേഡിയോയെ കുറിച്ചാണ്‌. എന്നെക്കാൾ രണ്ടു വയസ്സിനു ഇളയതാണു ആ റേഡിയോ. ടേപ്പും റേഡിയോയും ചേർന്ന ആ ഉപകരണം ബാല്യത്തിന്റെ തീരാ കൗതുകമായിരുന്നു. ഇത്രയും വലിയ മനുഷ്യരെ ഈ ഉപകരണം എങ്ങനെ അടക്കം ചെയ്തിരിക്കുന്നു എന്നറിയാതെ ഒരു പാടു ആശ്ചര്യപ്പെട്ടിട്ടുണ്ട്‌.

രാവിലെ റേഡിയോയൊപ്പം ഉണരാറുള്ള ഞാൻ കേൾക്കാറുള്ള ആകാശവാണി സംഗീതം ഒരു പ്രത്യേക അനുഭൂതി നൽകിയിരുന്നു. അതിനു മുൻപു ട്യൂൺ ചെയ്യുന്ന നീണ്ട ചൂളം വിളി ഒരു നാലു വയസ്സുകാരന്റെ പ്രതീക്ഷകളായിരുന്നു. ഉമ്മയും വാപ്പയും താത്തിയും സ്കൂളിൽ പോയാൽ ഞാനും വല്ല്യുപ്പയും മാത്രമാണു വീട്ടിൽ ഉണ്ടാവാറ്‌. സ്ഥലത്തെ പ്രധാന കാരണവരായ വല്ല്യുപ്പയെ കാണാൻ ഇടയ്ക്കും തലയ്ക്കും ആളുകൾ വന്നുകൊണ്ടിരിക്കും. ദിക്കൊട്ടുമുള്ള കാര്യങ്ങളെക്കുറിച്ചു സംസാരിച്ചു കൊണ്ടിരിക്കേ, ബോറടിക്കുന്ന ഞാൻ റേഡിയോയോടു കൂട്ടു കൂടും.

എന്നു മുതൽക്കാണു ഞങ്ങൾ കണ്ടു മുട്ടിയതെന്നു കൃത്യമായി ഓർമ്മയില്ല. സിനിമയെ ‘വിലക്കപ്പെട്ട കനി’ ആയി ചിത്രീകരിക്കപ്പെട്ട എന്റെ ബാല്യത്തിൽ,സിനിമാപ്പാട്ടുകൾ കേട്ടു ‘കഥയറിയാതെ ആട്ടം കണ്ടു’. സിനിമാപ്പേരുകളോ സംഗീതസംവിധായകരെയോ ശ്രദ്ധിക്കാതെ ഞാൻ പാട്ടുകൾ മാത്രം കേട്ടു കൊണ്ടിരുന്നു. കേൾക്കുന്ന പാട്ടുകളോടൊപ്പം അനുഗമിച്ച ‘യേശുദാസ്‌’ എന്ന പേരു മാത്രം മനസ്സിൽ കിടന്നു. ഉച്ചയ്ക്കുള്ള ചലച്ചിത്ര ഗാന പരിപാടി കഴിഞ്ഞു 2 മണിയുടേീ ഇംഗ്ലീഷ്‌ വാർത്തക്കു നാഴിക മണി ശബ്ദിക്കുമ്പോൾ വല്ല്യുപ്പ പറയും ” ഇഞ്ഞി ഇംഗ്ലീസാ… ജ്ജ്‌ അതങ്ങ്ട്ട്‌ ഓപ്പാക്ക്‌” അങ്ങനെ ഇംഗ്ലീഷിനോടും ഇംഗ്ലീഷ്‌ വാർത്തയോടും വെറുക്കേണ്ടതു എന്റെ പാരമ്പര്യമാണെന്നു ഞാൻ മനസ്സിലാക്കി.

ഏകാന്‌തതയുടെ ചില നിമിഷങ്ങളെ ശപിച്ചു, പാട്ടു കേട്ടു കൊണ്ടിരിക്കുമ്പോൾ മിക്കപ്പോഴും റേഡിയോ തലയിണയായി മാറി. പിന്നീടു ആരെങ്കിലും വന്നു വിളിക്കുമ്പോൾ മാത്രം ഉണർന്നു.

രാവിലെ 9.15 കഴിഞ്ഞാൽ പിന്നെ 12.00 മണിക്കേ റേഡിയോ ഉണരാറുള്ളൂ. അതു വരെയുള്ള വിരസതയകറ്റാൻ ‘ ബദ്രുൽ മുനീർ,ഹുസ്നുൽ ജമാൽ’ കഥാപ്രസംഗം തന്നെ ശരണം. കേട്ടു കേട്ടു പഴകിയപ്പോൾ മോയിങ്കുട്ടി വൈദ്യരുടെയും മറ്റും മാപ്പിളപ്പാട്ടു കാസറ്റ്‌ അമ്മാവൻ കൊണ്ടു വന്നു തന്നു. ‘തടകിമനത്തെ സമയത്തിലും”മഹിൽ മഹാ’ യുമൊക്കെ മനപ്പാഠമായി. റിവൈൻഡ്‌ ബട്ടണിൽ കൈ വെക്കുമ്പോളുള്ള കിരു കിരുപ്പു വ്യത്യസ്താനുഭവമായി.

അവയുടെയും രസച്ചരടുകൾ തേഞ്ഞപ്പോൾ പല മലയാള കവിതകളും വീട്ടിലെത്തി. പല കുട്ടിക്കവിതകളും പാടി നടന്നു. പൂതപ്പാട്ടിലെ, തെച്ചിപ്പൂക്കളിലേക്കു മുറുക്കിച്ചുവപ്പിച്ച്‌ തുപ്പിയ പൂതത്തിനെ ഞാൻ തീരെ ഭയന്നില്ല. പകരം,’ഉണ്ണിയെ വേണോ’ എന്നു കളിയാക്കിച്ചിരിച്ച ആളുകളോടു അമർഷം ആണു തോന്നിയത്‌. പൂതത്തിനോടുള്ള അനുകമ്പയിൽ എപ്പോഴോ ഞാനും തേങ്ങിയോ?

ഇടയ്ക്കു എപ്പോഴോ കയ്യിൽ കിട്ടിയ ‘ഗീതാഞ്ജലി’ ഉൾക്കൊള്ളാൻ തീരെ കഴിഞ്ഞില്ല. ‘ഞാനറിഞ്ഞീല ഭവാന്റെ മോഹന ഗാനാലാപന ശൈലി’ എന്നൊക്കെ മനസ്സിലാക്കനുള്ള തലത്തിലേക്കു എന്റെ ആസ്വാദന മികവു വളർന്നില്ല. നിർത്തിയും പരത്തിയും സംസാരിച്ച സമദാനിയുടെ പ്രസംഗം എനിയ്ക്കു ശബ്ദാസ്വാദനമായി. താരാട്ടായി. കട്ടിലിൽ ഓൺ ചെയ്തു വെച്ച റേഡിയോയെ കെട്ടിപ്പിടിച്ചു എന്റെ ബാല്യം കിനാവു കണ്ടു. ‘പ്രിയപ്പെട്ടവളേ’ എന്നു വിളിക്കാൻ മാത്രം പ്രണയം നിറഞ്ഞ ബാല്യകാലസഖിയായി.

മൂന്നര വയസ്സായപ്പോൾ അംഗനവാടിയിലെത്തിയതും , മനോജ്‌ എന്ന ‘ഗുണ്ട’ യുടെ ഉപദ്രവം ഭയന്നു തിരികെ വീട്ടിലെത്തിയതും വളരെ പെട്ടെന്നായിരുന്നു. വീണ്ടും എന്നെ രസിപ്പിക്കാനും ഉറക്കാനും റേഡിയോ പാട്ടു പാടി.

ബുദ്ധിയുറച്ചു എന്നു പറയപ്പെട്ട കാലത്തു പൈക്കളെ മേക്കാൻ പോയപ്പോൾ ‘എവറെഡി’ യുടെ ബലത്തിൽ റേഡിയോ എന്നെ അനുഗമിച്ചു. അമ്മായിയുടെ വീട്ടിലേക്കും ദൂരെ തോട്ടത്തിലേക്കും പോകുമ്പോഴും എന്റെ കൂടെത്തന്നെ വന്നു.

ഒരു അനിയത്തിക്കുട്ടി വന്നതോടെ സ്നേഹം പങ്കുവെക്കപ്പെടുമോ എന്നതിനെ ചൊല്ലി ഒരു പരിഭവം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. പക്ഷേ,അവളെയും കൂടി പങ്കെടുപ്പിച്ചു ഞാൻ കാസറ്റിൽ പാട്ടു റെക്കോർഡ്‌ ചെയ്തു രസിച്ചു.

കുറച്ചു മുതിർന്നപ്പോൾ വാർത്താവായനകൾ ശ്രദ്ധിച്ചു. സുഷമയുടെയും ഹക്കീം കൂട്ടായിയുടെയും സക്കറിയയുടെയും ശബ്ദം പരിചിതമായി. പ്രിയപ്പെട്ട പാട്ടുകളിലൂടെയും നിങ്ങൾ ആവശ്യപ്പെട്ട പാട്ടുകളിലൂടെയും ആർ.കെ യും തങ്കമണിച്ചേച്ചിയും നിർമ്മലച്ചേച്ചിയും വിരുന്നൊരുക്കി. പല പ്രാവശ്യം വിളിക്കാൻ ശ്രമിച്ചു സുല്ലിടേണ്ടി വന്നു.

വിവിധ സ്റ്റേഷനുകളിലെ വിവിധ പരിപാടികളുടെ സ്ഥിരം ശ്രോതാവായി. ഇടയ്ക്കു സിലോൺ റേഡിയോ ട്യൂൺ ചെയ്തു കിട്ടി. ആമ്പ്ലിറ്റിയൂഡ്‌ മോഡുലേഷനിൽ തന്നെ വിവിധ വേവുകൾ ട്യൂൺ ചെയ്തു. (കൗതുകത്തിനു വേണ്ടി മാത്രം)

പിന്നീടെപ്പോഴോ ശബ്ദങ്ങൾ എന്നെ ശബ്ദരേഖകളിൽ എത്തിച്ചു. സിനിമകളും പൈങ്കിളി നോവെലുകളും നിഷേധിക്കപ്പെട്ട അന്‌തരീക്ഷത്തിൽ വെറുതെ കൗതുകത്തിനു വെണ്ടി മാത്രം ചില ശബ്ദരേഖകൾ ശ്രവിച്ചു. സിനിമാഭാഷ തീരെ വശമില്ലാതിരുന്ന എനിയ്ക്കു ‘മുന്‌തിരി പുളിച്ചു’.

ലളിത സംഗീതം,ദേശഭക്തിഗാനം’ഹിന്ദി പാഠം തുടങ്ങിയ ക്ലസ്സുകളിൽ നിന്നും കിട്ടിയ വിജ്ഞാനം സ്കൂളിൽ ഉപയോഗിക്കാനായി. അവയിൽ നിന്നും പഠിച്ച പാട്ടുകൾ സാഹിത്യ സമാജത്തിൽ അവതരിപ്പിച്ചു. പ്രത്യേകിച്ചൊന്നും മനസ്സിലാവുമായിരുന്നില്ലെങ്കിലും ക്രിക്കെറ്റ്‌ കമന്ററി കേട്ടു തുടങ്ങിയതു ഇക്കാലത്താണ്‌. ബൗൻഡറി പായുമ്പോൾ വ്യക്തമായി കേൾക്കാവുന്ന ബി.എസ്‌.എൻ.എൽ.ന്റെ ‘കണെക്റ്റിംഗ്‌ ഇന്ത്യ’ എന്ന പരസ്യവാചകം എന്നെ ഏറെ സന്‌തോഷിപ്പിച്ചു. മുതിർന്ന ക്ലാസ്സുകളിലെത്തിയപ്പോൾ ക്രിക്കറ്റ്‌ കമന്ററി കേൾക്കാൻ മാത്രം റേഡിയോയെ സ്കൂൾ കാണിച്ചു.

അൽപ്പം രാഷ്ട്രബോധവും രാഷ്ട്രീയബോധവും വന്ന കാലത്തു തെരഞ്ഞെടുപ്പു വാർത്തകൾ ജിജ്ഞാസപൂർവ്വം കേട്ടു.ഹർത്താലുകളും സമരങ്ങളും നേരത്തെ അറിഞ്ഞതു റേഡിയോയിലൂടെ ആയിരുന്നു.

ഗൗരവമേറിയ ‘ശാസ്ത്രകൗതുക’ വും ‘സാഹിത്യരംഗവും’ വയലും വീടും’ തുടങ്ങിയവ ഇഷ്ടപ്പെട്ട പരിപാടികളായി. ‘വിദ്യാഭ്യാസരംഗം’ വളരെ താൽപര്യപൂർവ്വം കേട്ടിരുന്നു. എസ്‌.എസ്‌.എൽ.സി കാലത്തുള്ള ‘വിജയവാണി’ ഒരു ഭയമാണു സമ്മാനിച്ചിരുന്നത്‌. അതിന്റെ ഇന്റ്രൊഡക്ഷൻ മ്യൂസിക്‌ കേൾക്കുമ്പോൾ ഇന്നും അറിയാതെ ഞെട്ടും. ‘വിജയവാണി’ തുടങ്ങിയാൽ പിന്നെ വീടു നിശബ്ദമാകും. എല്ലാവരും ശ്രദ്ധാപൂർവ്വം കേൾക്കുകയോ കേൾക്കാൻ സഹകരിക്കുകയോ ചെയ്യും. താത്തിയും ഞാനും എസ്‌.എസ്‌.എൽ. സി പാസ്‌ ആയതിൽ ‘വിജയവാണി’ ക്കു അതിന്റേതായ പങ്കുണ്ട്‌.

അഖില കേരള റേഡിയോ നാടകോൽസവം കുടുംബസമേതം കേൾക്കുന്ന പരിപാടിയാണ്‌.നാടകങ്ങൾ കേട്ടു വിശകലനം ചെയ്യുന്നതിൽ എല്ലാവരും പങ്കെടുക്കാറുണ്ട്‌. ഞാനും ഉമ്മയും ഒരുമിച്ചാവുമ്പോൾ പാട്ടിന്റെ ഹമ്മിംഗ്‌ കേട്ടു പാട്ടു ഏതു എന്നു പറഞ്ഞു കളിക്കാറുണ്ട്‌. മിക്കപ്പോഴും പരിചയസമ്പത്തിന്റെ പിൻബലത്തിൽ ഉമ്മയാണു വിജയിക്കാറ്‌.
ഇങ്ങനെ ഒരുപാടു ഓർമ്മകൾ സമ്മാനിച്ച റേഡിയോയെ പിരിഞ്ഞതു ഉപരിപഠനാർത്ഥം ‘ദേശാടന’തിനിറങ്ങിയപ്പോഴാണ്‌. മൊബെയിലിൽ എഫ്‌.എം കിട്ടുന്നുണ്ടെങ്കിലും ‘പഴയതു മാത്രം നല്ലത്‌’ എന്ന എന്റെ ചിന്‌തയ്ക്കു ചിതലരിയ്ക്കുന്നില്ല.

ഇന്നു വീട്ടിലെ ആ പഴയ ഫിലിപ്സ്‌ റേഡിയോ കട്ടപ്പുറത്താണ്‌. പകരം വാങ്ങിയവനു പ്രസരിപ്പ്‌ പോരാ. വീട്ടിലെത്തിയാൽ ചിലപ്പോൾ മഞ്ചേരി എഫ്‌.എം ട്യൂൺ ചെയ്തു ഗസൽ കേൾക്കും. അത്ര മാത്രം.. എന്‌തോ പഴയ ബാല്യകാലസഖിയെ ക്കൂടാതെ പുതിയ ഓർമ്മകൾ വേണ്ട എന്നൊരു വെപ്പു ഉണ്ടായിരിക്കും.
എപ്പോഴെങ്കിലും കേൾക്കാൻ ഒരു ചൈനാ റേഡിയോ ഹൊസ്റ്റെൽ മുറിയിൽ വാങ്ങിവെച്ചിട്ടുണ്ട്‌. അവനാണു ഈ ലേഖനം എഴുതാൻ പ്രേരിപ്പിച്ചതും പഴയ ബാല്യകാല സഖിയെ ഓർമ്മിപ്പിച്ചതും….

Advertisements