ഇട്ട്ല്

ഇടവഴി എന്നതിന്റെ ഒരു പ്രാദേശിക പേരാണ് ഇട്ട്ല് . പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിൽ തന്നെ ഈ പദം വ്യത്യസ്ത രൂപങ്ങളിൽ അറിയപ്പെടുന്നു . ഇട്ടിലി ,ഇട്ട്ലി എന്നൊക്കെ പല സ്പെല്ലിങ്ങുകൾ ഉൾക്കൊള്ളുന്ന ഈ പദം ,എന്റെ ഭൂതകാലത്തിന്റെ സാക്ഷിയാണ് .മുറുമുറുപ്പും നിരാശയും അടക്കം പറച്ചിലും അമർത്തിച്ചിരികളൂം തുടങ്ങി ഒരൂട്ടം വൈകാരികമായ പങ്കുവെക്കലുകൾ സാധാരണമായിരുന്ന ആ നാട്ടിടവഴികളെക്കുറിച്ചു അഥവാ ജീവിതത്തെ കുറിച്ച് തന്നെ … എന്റെ അക്ഷരങ്ങൾക്ക് വഴുവഴുപ്പാണ് വിധി ;അറയ്ക്കുന്ന ചീരാപ്പു ഒലിയ്ക്കുന്നതു കൊണ്ടാവാം ….


11അഭിപ്രായങ്ങള്‍

നെല്ലിക്ക

പഴയ പ്രതാപത്തിന്റെ ശേഷിപ്പുകളെല്ലാം മങ്ങി, റബർക്കാടുകളായി മാറിയ ‘വാഴക്കുത്തു’ തോട്ടത്തിന്റെ ഓരങ്ങൾ ചേർന്നു, കഷ്ടിച്ചു ഒരു ജീപ്പ്പിനു പോകാവുന്ന പാകത്തിൽ ഒരു ടാറിടാത്ത റോഡുണ്ട്‌. അതിന്റെ മറുവശത്തുള്ള ഓലക്കുടിലുകളിലായിരുന്നു ചെറുമക്കൾ താമസിച്ചിരുന്നത്‌.

പരസ്പരം മല്ലിട്ടു ഞരങ്ങുന്ന മുളങ്കൂട്ടങ്ങൾ അതിരിടുന്നിടത്തായി വെള്ളേക്കി എന്നൊരു സ്ത്രീ താമസിച്ചിരുന്നു. വെളുത്ത ചക്കി ലോപിച്ചായിരിക്കും വെള്ളേക്കി ആയതെന്നു എനിക്കു പലപ്പോഴും തോന്നാറുണ്ട്‌. എന്തായാലും എനിക്കോർമ്മ വെച്ച കാലം തൊട്ടു ഈ ഓലപ്പുരയിലാണു വെള്ളേക്കി താമസിക്കുന്നത്‌.

പണിക്കു വിളിച്ചാൽ രാവിലെ 7.30 നു തന്നെ എത്തി വൈകീട്ടു 6 മണി വരെ പണി എടുക്കുന്ന വെള്ളേക്കിയുടെ ആരോഗ്യ രഹസ്യം എന്താണെന്നറിയാതെ ഒരുപാടു ആശ്ചര്യപ്പെട്ടിട്ടുണ്ട്‌. അതുമായി ബന്ധപ്പെട്ടു വല്ലതും ചോദിച്ചാൽ പറയും. “അയ്യപ്പനും കൊടുങ്ങല്ലൂർ കാവിലമ്മയും തന്നെ ശരണം.”
അതിനാൽ അരവണയുടെ മാധുര്യവും ഭരണിപ്പാട്ടിന്റെ ചവർപ്പും കൂടാതെ വെള്ളേക്കിയെ ഓർക്കാനാവില്ല. അവിചാരിതമായി കണ്ട ഒരു ദിവസം യാതൊരു മുഖവുരയും കൂടാതെ തന്നെ പറഞ്ഞു. ” മാഷുട്ടീ, കൊടുങ്ങല്ലൂർ ഭരണിക്കു ഇക്കൊല്ലോം പോണ്‌ണ്ട്‌”

അൽപം വൈകിയാണൂ സ്കൂൾ വിടുന്നതെങ്കിൽ തിരിച്ചു വരവിനു പശ്ചാത്തല സംഗീതവുമായി, മുളങ്കൂട്ടങ്ങൾക്കൊപ്പം വെള്ളേക്കിയുടെ റേഡിയോയും ഉണ്ടാകും. എന്റെ ഓർമ്മകൾക്കു ക്ലാവില്ലെങ്കിൽ ‘തൊഴിലാളി മണ്ഡല’മോ ‘അന്വേഷി’ യോ ആയിരിക്കും ആ സമയത്ത്‌. എന്തെങ്കിലും തൊഴിലിൽ മുഴുകി ‘തൊഴിലവസര’ വാർത്തകൾ ശ്രവിക്കുന്ന വെള്ളേക്കി ചിരി പൊട്ടിക്കുന്ന വിരോധാഭാസമായി അപ്പോഴൊക്കെ.

വെള്ളേക്കിയുടെ മാതാപിതാക്കളെക്കുറിച്ചോ സഹോദരങ്ങളെക്കുറിച്ചോ എനിക്കു യാതൊന്നും അറിയില്ല. ആളു അവിവാഹിതയാണു എന്നു മാത്രം അറിയാം. ഒറ്റയ്ക്കു ‘സ്വന്ത’ത്തെ പോറ്റുന്നു. മഴയും വെയിലും കൊള്ളാത്ത ഓലപ്പുര ഒറ്റക്കു മേയുന്നു. സാധനങ്ങൾ വാങ്ങുന്നു. വെക്കുന്നു. ഉണ്ണുന്നു. ഉറങ്ങുന്നു. സ്വാശ്രയത്വത്തിനു നിശബ്ദമായി ഉദാഹരണമാവുന്നു.

സമീപത്തെ തോട്ടത്തിൽ നിന്നോ മറ്റോ കിട്ടിയ മാങ്ങ, തെച്ചിപ്പഴം, പറങ്കിമാങ്ങ, നെല്ലിക്ക തുടങ്ങി തേങ്ങാപ്പൂളു വരെ എന്തെങ്കിലും വെള്ളേക്കിയുടെ കയ്യിൽ ഉണ്ടാകും. വഴിയേ പോകുന്ന പിള്ളാർക്ക്‌ ദാനമായി നൽകാനുള്ള സ്റ്റോക്കാണിത്‌. ഒരുപാടു പറങ്കിമാങ്ങക്കറകൾ ഇങ്ങനെ എന്റെ കുപ്പായങ്ങൾക്കും ചാരുത നൽകി.
ഒന്നിലും രണ്ടിലും പഠിക്കുന്ന കാലത്തു, വഴിയേ പോകുമ്പോൾ വെള്ളേക്കി വാത്സല്യത്തോടെ ചുംബിക്കും. നാലും കൂട്ടി മുറുക്കിയതിന്റെ നൈർമ്മല്യമായ അരുണ വർണ്ണം എന്റെ കവിളിൽ സ്നേഹ ചിഹ്നം അടയാളപ്പെടുത്തും. കുട്ടിക്കൂട്ടത്തിൽ എനിക്കു മാത്രം കിട്ടിയിരുന്ന ഈ പരിഗണന ‘വലിയ’ കുട്ടിയായ എന്നെ ഒരുപാടു നാണിപ്പിച്ചിരുന്നു.

ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ വെള്ളേക്കി എന്നെ എടുത്തു നടന്നിരുന്നു. കുളിപ്പിച്ചിരുന്നു. ഊട്ടിയിരുന്നു. എന്നൊക്കെ വീട്ടിലെ മുതിർന്നവർ പറയാറുണ്ട്‌. ഇതൊക്കെ കേട്ട്‌ നാണിക്കുന്ന എനിക്കു വെള്ളേക്കിയുടെ ചരിത്രത്തിന്റെ മറ്റധ്യായങ്ങളിലേക്കു കടക്കാൻ സാധിക്കാറില്ല.

പണിക്കു വരുന്ന ദിവസങ്ങളിൽ, ഉച്ചയൂണൂ കഴിഞ്ഞു ഒരു മുറുക്കാനിരിപ്പുണ്ട്‌. ആ സമയത്തു അവിടെ ചെന്നു വല്ല തിരിയും ഇട്ടു കൊടുത്താൽ കഥകളും ഐതിഹ്യങ്ങളും ചരിത്രങ്ങളും തുടങ്ങി ഒരു വലിയ വിളക്കു കത്താൻ തുടങ്ങും. തിരിച്ചു പണിക്കിറങ്ങുന്നതു വരെ ഇതു തുടരും. പുകയില ഒഴിച്ചുള്ള കൂട്ടുകൾ ചേർത്തു ഞാനും മുറുക്കും; കഥകൾക്കു മേമ്പൊടിയായി.

ചില നേരങ്ങളിൽ ഇടവഴിയിലൂടെ റേഡിയോ പാടിപ്പിച്ചു വെള്ളേക്കി ആടിയാടി വരും. ചിലപ്പോൾ റേഡിയോയെക്കാൾ ഉച്ചത്തിൽ ഭരണിപ്പാട്ടു പാടും. “വേലിയേ, തെരക്കാണ്ടാട്ടോ…!” വശങ്ങളിലെ വേലിപ്പുറങ്ങളിലേക്കു വീഴാൻ പോകുമ്പോൾ ദേഷ്യത്തോടെ ശാസിക്കും. ചന്തപ്പടി ഷാപ്പിൽ നിന്നും കുടിച്ച കള്ളിന്റെ വീര്യം തീരുമ്പോഴേക്കു വീടണഞ്ഞു കാണും.

നടക്കുന്ന വഴി മാറ്റിപ്പിടിച്ച ഒരു കാലത്തു വെള്ളേക്കിയെ കണ്ടുമുട്ടാറുള്ളതു തീരെ വിരളമായേ ഉണ്ടാവാറുണ്ടായിരുന്നുള്ളൂ. എങ്കിലും മുടി വെട്ടിക്കാനും വീട്ടു സാമാനങ്ങൾ വാങ്ങാനും മണിയേട്ടന്റെ കടയിൽ പോകാനുമെല്ലാം വെള്ളേക്കിയുടെ പുരയുടെ അടുത്തു കൂടെ തന്നെ പോണം. അതിനാൽ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം കണ്ടുമുട്ടും. പലപ്പോഴും എനിക്കായി മാത്രം എടുത്തു വെച്ചിരിക്കുന്ന സാധങ്ങൾ സന്തോഷപൂർവ്വം സമ്മാനിക്കും. വയസ്സു കൊണ്ടു മുതിർന്നു എന്നു അവകാശപ്പെട്ടിരുന്ന എനിക്ക്‌ അപ്പോൾ പുച്ഛം തോന്നിയിരുന്നോ? ( ജഗദീശ്വരാ, ആ പാപം പൊറുക്കേണമേ..!)

അടുത്തിരിക്കുന്നവനെപ്പോലും ഡിലീറ്റു ചെയ്യാൻ ശാസന ലഭിച്ചിരുന്ന ഒരു കാലഘട്ടത്തിൽ, ജീവിതം ഒ.എം.ആർ ഷീറ്റിലേക്കൊതുങ്ങി. അവിടെ ഗൃഹാതുരത്വവും ബന്ധങ്ങളുമൊന്നും ഓപ്ഷൻ ആയി ഉണ്ടായിരുന്നില്ല. മൂന്നര വർഷത്തോളം വെള്ളേക്കിയെ കണ്ടില്ല എന്നു തന്നെ പറയാം.

പിന്നീടെപ്പോഴോ ആ വഴി പോയപ്പോൾ വെള്ളേക്കിയെ പുറത്തൊന്നും കണ്ടില്ല. വെറുതെ കയറി നോക്കി. വെള്ളേക്കി കിടപ്പിലാണ്‌.
“മാഷുട്ടീ, ഒരു പത്തുറുപ്പ്യ എടുക്കാണ്ടാവ്വോ?”

കൊടുത്ത പത്തു രൂപ ശരിക്കു പിടിക്കാനാവുന്നില്ല. വിറച്ചു വിറച്ചു പത്തു രൂപ നോട്ടു തലയിണക്കടിയിലേക്കു തിരുകി വെള്ളേക്കി ചുറ്റും കണ്ണോടിച്ചു എന്തോ തിരഞ്ഞു. സംസാരത്തിന്റെ ആ ഇടവേളയിൽ ഞാൻ പുറത്തിറങ്ങാനൊരുങ്ങി. തിരക്കുകളുടെ ഓപ്ഷനുകൾ മാത്രമുള്ള ഞാൻ യാത്ര പറഞ്ഞതു പോലും പടിക്കൽ വെച്ചാണ്‌. എനിക്കായുള്ള തേങ്ങാപ്പൂൾ അവിടെ അനാഥമായി.

സ്ഥിരം ഫോൺ സംഭാഷണങ്ങളിലൊന്നിൽ ഒരു വാക്കായി മാത്രം ഉമ്മ ഒരു ദിവസം പറഞ്ഞു.
“മ്മടെ വെള്ളേക്കി പോയി”
വെള്ളേക്കി പോവാറുള്ള ശബരിമലയും കൊടുങ്ങല്ലൂരും യാത്രകൾ വാർത്തകളാവാൻ പ്രാധാന്യമില്ലാത്തതിനാൽ, ‘എപ്പോൾ’ എന്ന ഒരു ചോദ്യമെറിഞ്ഞു ഞാൻ നിശബ്ദനായി.

ആ ചോദ്യത്തിനുത്തരം ഞാൻ പ്രതീക്ഷിച്ചിട്ടേയില്ലായിരുന്നു. അറിഞ്ഞിട്ടു എനിക്കൊന്നും ചെയ്യാനില്ലയിരുന്നു. ഒരുപാടു കാര്യങ്ങൾ ഓവർലാപ്പു ചെയ്യുന്ന ജീവിതം ചിലപ്പോഴെങ്കിലും ചില വിങ്ങലുകൾ സൃഷ്ടിക്കും. ഏീതു വികാരം പുറത്തുവിടണം എന്നറിയാതെ കുഴക്കും. അത്തരം ഒരു മനസ്സുമായി വെള്ളേക്കിയുടെ ചിത്രവും കുറിക്കപ്പെട്ടു.

കുറേ കാലത്തിനു ശേഷം ഈയിടെ ആ വഴി പോയപ്പോൾ, മുളങ്കൂട്ടങ്ങളുടെ അലമുറയൊച്ച നിലച്ചിട്ടില്ല. പശ്ചാത്തലത്തിലുണ്ടായിരുന്ന റേഡിയോനാദം നഷ്ടസ്മൃതിയിലേക്കു മാഞ്ഞിരുന്നു. ഓലപ്പുര നിന്നിരുന്ന സ്ഥലത്തു തികഞ്ഞ ശൂന്യതയാണ്‌. ബാക്കിയുള്ള ചെറുമക്കളെല്ലാം ഇവിടം വിട്ടു പുതിയ സ്ഥലങ്ങളിലേക്കു,വീടുകളിലേക്കു ചേക്കേറി.

മുളങ്കൂട്ടങ്ങൾക്കു കൂട്ടായി അവശേഷിക്കുന്നത്‌ ഇലകൾ പൊഴിച്ചു നിൽക്കുന്ന അരളി മരവും, ഇനിയും തൂർക്കപ്പെട്ടിട്ടില്ലാത്ത, വെള്ളം വറ്റിയ ഒരു കുളവും മാത്രം..

Advertisements