ഇട്ട്ല്

ഇടവഴി എന്നതിന്റെ ഒരു പ്രാദേശിക പേരാണ് ഇട്ട്ല് . പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിൽ തന്നെ ഈ പദം വ്യത്യസ്ത രൂപങ്ങളിൽ അറിയപ്പെടുന്നു . ഇട്ടിലി ,ഇട്ട്ലി എന്നൊക്കെ പല സ്പെല്ലിങ്ങുകൾ ഉൾക്കൊള്ളുന്ന ഈ പദം ,എന്റെ ഭൂതകാലത്തിന്റെ സാക്ഷിയാണ് .മുറുമുറുപ്പും നിരാശയും അടക്കം പറച്ചിലും അമർത്തിച്ചിരികളൂം തുടങ്ങി ഒരൂട്ടം വൈകാരികമായ പങ്കുവെക്കലുകൾ സാധാരണമായിരുന്ന ആ നാട്ടിടവഴികളെക്കുറിച്ചു അഥവാ ജീവിതത്തെ കുറിച്ച് തന്നെ … എന്റെ അക്ഷരങ്ങൾക്ക് വഴുവഴുപ്പാണ് വിധി ;അറയ്ക്കുന്ന ചീരാപ്പു ഒലിയ്ക്കുന്നതു കൊണ്ടാവാം ….


ഒരു അഭിപ്രായം ഇടൂ

മൂന്നാമത്തേത്‌

കറുപ്പും വെളുപ്പും മാത്രമുള്ളിടത്തു നിന്ന്
രാത്രിക്കും പകലിനുമിടക്ക്‌
ഇടവും വലവും നോക്കാതെ
ഒരാണും പെണ്ണും പുറപ്പെട്ടു

വഴി തുടങ്ങിയപ്പോൾ
ആണ്‌ പെണ്ണിനെ നോക്കി
“വെളുപ്പിനാണ്‌ വശ്യത
നിരയൊത്ത പല്ലുകൾ
അകത്തും പുറത്തും പാൽനിറം പേറുന്ന മാറിടം
വെണ്ണക്കൽ മെഴുകിയ നാഭീതലം
കൺകളെ കവർന്നെടുക്കും നിതംബം
ലാളനകൾ ചാഞ്ഞുറങ്ങുന്ന കൈകാലുകൾ
പലതും മായ്ച്ചും മായ്ക്കാതെയും…
ആ നിലാവു മേനിയിൽ
വെളുപ്പു തൂവാത്ത
ഒരു കറുത്ത ചേല.”

പെണ്ണ്‌ ആണിനെ നോക്കി.
“പൗരുഷം കറുപ്പിലാണ്‌.
കൺകളിലെ ജ്വാലകൾ
കറുത്ത തലമുടി
താടി,മീശ,നെഞ്ചകം നിറയെ
മുറ്റി വളർന്ന രോമങ്ങൾ
വിരിഞ്ഞ മാറിടം
കെട്ടുറച്ച പേശികൾ
ബലത്തിലേറ്റം
മുന്നിൽ നിൽക്കുമാ-
കൈകാലുകൾ…
ആ കാർവർണ്ണ മേനിയിൽ
കറുപ്പു തൂവാത്ത
വെളുത്ത ചേലയിൽ അവൻ”

വഴിക്കു മധ്യേ
ഇരുവരും പ്രണയപരവശരായി
“നമുക്കൊന്നിരിക്കാം” ആണ്‌ പെണ്ണിനെ പ്രണയിച്ചു;
“ഇവിടെ ഇരുന്നോളൂ” പെണ്ണ്‌ ആണിനെയും.

ഒന്നായി മാറിയ ഇരുവരെയും
നിലാവും വെയിലും വെളുപ്പിക്കാൻ നോക്കി;
ഇരുട്ടും തീയും കറുപ്പിക്കാനും.

കറുത്തവരാരും വെളുത്തില്ല
വെളുത്തവരാരും കറുത്തതുമില്ല

വഴി നീണ്ടു.
ആ വഴി തീരുന്നിടം
മറ്റു രണ്ടു വഴികൾ തുറന്നു
യാത്ര പറയാൻ തുനിയവെ,
ആണ്‌ പെണ്ണിനെ നോക്കി;
പെണ്ണ്‌ ആണിനെയും

ആണിന്റെ കാലടിയിലേക്ക്‌
മൂലക്കുരു പൊട്ടി
പെണ്ണിന്റെ കാൽചുവട്ടിൽ
മാസമുറ ഒലിച്ചു.

ആണ്‌ പറഞ്ഞു:
“വെളുത്ത നിന്നിൽ നിന്ന് കറുത്ത നിറം”
പെണ്ണ്‌ പറഞ്ഞു:
“കറുത്ത നിന്നിൽ നിന്ന് വെളുത്ത നിറം”

ഒരു വേള ഇരുവരും പുറകോട്ട്‌ നോക്കി.
രക്തം പിന്തുടർന്നെത്തിയ ആൾക്കൂട്ടമാണ്‌ പറഞ്ഞത്‌
‘ഇതായിരുന്നു വഴിയുടെ നിറം’
എന്ന്

Advertisements