ഇട്ട്ല്

ഇടവഴി എന്നതിന്റെ ഒരു പ്രാദേശിക പേരാണ് ഇട്ട്ല് . പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിൽ തന്നെ ഈ പദം വ്യത്യസ്ത രൂപങ്ങളിൽ അറിയപ്പെടുന്നു . ഇട്ടിലി ,ഇട്ട്ലി എന്നൊക്കെ പല സ്പെല്ലിങ്ങുകൾ ഉൾക്കൊള്ളുന്ന ഈ പദം ,എന്റെ ഭൂതകാലത്തിന്റെ സാക്ഷിയാണ് .മുറുമുറുപ്പും നിരാശയും അടക്കം പറച്ചിലും അമർത്തിച്ചിരികളൂം തുടങ്ങി ഒരൂട്ടം വൈകാരികമായ പങ്കുവെക്കലുകൾ സാധാരണമായിരുന്ന ആ നാട്ടിടവഴികളെക്കുറിച്ചു അഥവാ ജീവിതത്തെ കുറിച്ച് തന്നെ … എന്റെ അക്ഷരങ്ങൾക്ക് വഴുവഴുപ്പാണ് വിധി ;അറയ്ക്കുന്ന ചീരാപ്പു ഒലിയ്ക്കുന്നതു കൊണ്ടാവാം ….


ഒരു അഭിപ്രായം ഇടൂ

വിട(ഇരുപത്തഞ്ചു മുതൽ യാത്ര തീരുന്നത്‌ വരെയുള്ള ദിവസങ്ങൾ)

വെറും മണിക്കൂറുകൾക്ക്‌ റൂം എടുത്തതിന്റെ നഷ്ടം തീർക്കാൻ വേണ്ടി ഞങ്ങൾ രണ്ടു പേരും 11 മണി വരെ കിടന്നുറങ്ങി. ചെക്ക്‌ ഔട്ട്‌ ചെയ്ത്‌ സ്റ്റേഷനിൽ ചെന്ന് നോക്കിയപ്പോൾ വണ്ടി പിന്നെയും ലേറ്റ്‌.

3 മണിക്കേ എടുക്കൂ പോലും. അവിടവിടങ്ങളിൽ വാ നോക്കി ഇരുന്നും ഭക്ഷണങ്ങൾ വാങ്ങിക്കഴിച്ചും മൂന്നു മണിയായി. ക്ലോക്ക്‌ റൂമിൽ നിന്ന് ബാഗുക എടുത്ത്‌ നാലാമത്തെ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടന്നു.

ശരിക്കും യാത്ര തീരാൻ പോവുകയാണ്‌. കഴിഞ്ഞ മൂന്നാഴ്ചയിലധികമായി ഒരു സ്വപ്ന ലോകത്തായിരുന്നു. ബ്ലോഗിലൂടെ അപ്ഡേറ്റ്‌ ചെയ്തത്‌ വായിച്ചു പല സുഹൃത്തുക്കളും മെസേജ്‌ അയച്ചിരിക്കുന്നു. പല ഓഴയ സൗഹൃദങ്ങളും പുതുക്കപ്പെട്ടിരിക്കുന്നു. പുതിയ പല സൗഹൃദങ്ങളും ഉണ്ടായിരിക്കുന്നു.

കണ്ടുമുട്ടിയ നാടുകൾ, ഭാഷകൾ, സംസ്കാരങ്ങൾ, ആളുകൾ..  അനുഭവങ്ങളുടെയും അനുഭൂതികളുടെയും ശേഖരത്തിൽ ഒരുപാട്‌ വരകൾ കോറിയിട്ട്‌ മടക്കയാത്രക്ക്‌ ഒരുങ്ങുകയാണ്‌.

ഗുവാഹട്ടി-കൊച്ചു വേളി സ്പെഷ്യൽ എക്സ്‌പ്രസ്‌. ആസാമിലെ മഴയിൽ നിന്ന് ഒഡീഷയിലെയും ആന്ധ്രയിലെയും താപവാതങ്ങളെയും മുറിച്ചു വേണം ഇവന്‌ കേരളം പൂകാൻ.

ഇതിനോടകം തന്നെ എഞ്ചിൻ കേടായി 23 മണിക്കൂർ ലേറ്റായി ഓടുന്ന വണ്ടിയാണ്‌.വെറുതെ വാട്ട്‌സ്‌ അപ്പ്‌ സ്റ്റാറ്റസ്‌ മാറ്റി

“എന്റെ വിധി ഇന്ത്യൻ റെയിൽവേയുടെ തീരുമാനങ്ങളാണ്‌”

…………………ഈ യാത്രാവിവരണ ബ്ലോഗിംഗ്‌ അവസാനിക്കുന്നു. വായിച്ച, പ്രോത്സാഹിപ്പിച്ച,പ്രാർത്ഥിച്ച,കെറുവിച്ച എല്ലാവർക്കും നന്ദി.. ‘ഇട്ട്‌ലി’യിലൂടെ തുടർന്നും നടക്കാൻ അപേക്ഷ.

Advertisements


ഒരു അഭിപ്രായം ഇടൂ

ക്ലൈമാക്സിനിടക്കാ ഒടുക്കത്തെ ട്വിസ്റ്റ്‌!! (ഇരുപത്തി നാലാം ദിവസം)

രാവിലെ 5 മണിക്കു തന്നെ ഗുവാഹട്ടിയിൽ എത്തി. അയ്യർ 8 മണിക്കുള്ള ഫ്ലൈറ്റ്‌ പിടിക്കാൻ ഓട്ടോ എടുത്തു പോയി. ഇനി ഞാനും അനീഷുമാണ്‌.

ക്ലോക്ക്‌ റൂമിൽ ബാഗുകൾ ഏൽപ്പിച്ചു വെയ്റ്റിംഗ്‌ റൂമിൽ വന്ന് കുളിച്ചു ഫ്രഷായി. രാത്രി 11.25 നാണ്‌ ട്രയിൻ. അതു വരെയുള്ള സമയം ഫ്രീ ആണ്‌.

നേരെ മാർക്കറ്റിലേക്കിറങ്ങി. പാൻ ബസാർ, പാൾട്ടൺ ബസാർ എന്നീ രണ്ടു പ്രധാന മാർക്കറ്റുകളാണ്‌ ഗുവാഹറ്റിയിൽ. ചില സാധനങ്ങളൊക്കെ വാങ്ങിച്ച്‌ നേരെ നടന്നു.

നടന്നു നടന്നു ബ്രഹ്മപുത്രയുടെ ഓരത്തെത്തി. കൊച്ചിക്കായലിന്റെ പരപ്പു പോലെ ബ്രഹ്മപുത്ര നീണ്ടു നിവർന്നു കിടക്കുന്നു. ഫെറി സർവ്വീസുണ്ട്‌.

ഒരു പരിചയവുമില്ലെങ്കിലും അക്കരെക്കുള്ള രണ്ടു ടിക്കറ്റ്‌ പറഞ്ഞ്‌ ഞാനും അനീഷും ഫെറിയിൽ കയറിയിരുന്നു.

അക്കരെ എത്തിയപ്പോൾ അടുത്തൊരു പുരാതനമായ ക്ഷേത്രം കണ്ടു. കുത്തനെയുള്ള കൽപ്പടവുകൾ നിറയെയുള്ള ആ ക്ഷേത്രത്തിലേക്ക്‌ ഒരു മുസൽമാനും കൃസ്ത്യാനിയും നടന്നു.

“പണ്ടത്തെ പോലെയൊന്നുമല്ല. ആകെ പ്രശ്നാവും പിടിക്കപ്പെട്ടാൽ..”എന്നു പറഞ്ഞു ഞാനെന്റെ ഭയം പങ്കുവെച്ചു.
“പേടിക്കാതെ വാ. ഒരു കള്ളപ്പേരു പറഞ്ഞാൽ മതി. ആരും പിടിക്കാനൊന്നും പോണില്ല” അനീഷിന്റെ ധൈര്യ-ദാനം.

ഒടുക്കം ‘ഗോകുൽ’ ആയി ഞാനും പടികൾ കയറി. കുരങ്ങന്മാർ മാത്രമുള്ള അവിടെ ഒരു മനുഷ്യ ജീവിയെയും കണ്ടില്ല. അതിനു താഴെയുള്ള ക്ഷേത്രത്തിലെ പൂജാരിയോട്‌ അനീഷ്‌ ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചന്വേഷിച്ചു. 17ആം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ക്ഷേത്രം ആസാമിലെ പുകൾ പെറ്റ ഏതോ രാജാവു സ്ഥാപിച്ചതാണ്‌.

തിരിച്ചു ഫെറിയിൽ തന്നെ മടങ്ങി ആസാം മ്യൂസിയത്തിൽ കയറി. ശിൽപ്പകലയിലെയും ചിത്രകലയിലെയും വാസ്തുകലയിലെയും ആസാം പരിണാമങ്ങൾ വളരെ വിശദമായി പ്രദർശ്ശിപ്പിക്കപ്പെട്ട മ്യൂസിയം ആയിരുന്നു അത്‌.

ഖനനം ചെയ്തെടുക്കപ്പെട്ട പല പുരാവസ്തുക്കളുടെയും ശേഖരം വല്ലാത്ത ആശ്ചര്യമാണ്‌ സമ്മാനിച്ചത്‌. ഇതു വരെ കണ്ട ഏതൊരു സ്റ്റേറ്റ്‌ മ്യൂസിയത്തെയും വെല്ലു വിളിക്കുമാറ്‌ ശേഖരങ്ങൾ കൊണ്ട്‌ സമ്പന്നമായിരുന്നു ഇവിടം.

‘ലൈറ്റ്‌നിംഗ്‌ ടെസ്റ്റിമോണിയൽസ്‌’ എന്നൊരു ഇൻസ്റ്റലേഷനും അവിടെ പ്രദർശ്ശനത്തിനുണ്ടായിരുന്നു. അമർ കനാവർ എന്നയാൾ ആദ്യത്തെ കൊച്ചി-മുസിരിസ്‌ ബിനാലെയിൽ ഈ ഇൻസ്റ്റലേഷൻ പ്രദർശ്ശിപ്പിച്ചിരുന്നുവത്രേ.

സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ എട്ടൊളം വീഡിയോകളുടെ സഹായത്തോടെ അനുചിതമായ ശബ്ദമിശ്രണത്തോടെ ദൃശ്യവൽക്കരിച്ച ഒരു ഇൻസ്റ്റലേഷൻ ആയിരുന്നു ഇത്‌. സ്വാതന്ത്രാനന്തര ഇന്ത്യയിലെയും നോർത്ത്‌ ഈസ്റ്റ്‌ ഭാഗത്തെയും സ്ത്രീകൾ നേരിയടുന്ന പ്രശ്നങ്ങൾ ഇതിൽ മുഴച്ചു നിന്നു.

‘ഇന്ത്യൻ ആർമ്മി, റേപ്പ്‌ അസ്‌’ എന്ന ബാനറിനു കീഴെ നഗ്നരായി പ്രതിഷേധിച്ച മണിപ്പൂരി സ്ത്രീകളുടെ വിങ്ങലുകളോടെ ഇൻസ്റ്റലേഷൻ അവസാനിച്ചു. വല്ലാത്ത ഞെട്ടലുകൾ സമ്മാനിച്ച അവിടം വിട്ട്‌ ഞങ്ങൾ വീണ്ടും നഗരത്തിലേക്കിറങ്ങി.

അനീഷിന്റെ അച്ഛന്റെ പരിചയത്തിലുള്ള ഒരു അങ്കിൾ ഗുവാഹട്ടിയിൽ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽ നിന്നാണ്‌ ഉച്ചഭക്ഷണവും വൈകുന്നേരത്തെ ചായയും തരപ്പെടുത്തിയത്‌.

രാത്രി സ്റ്റേഷനിൽ വിടാൻ നേരം അദ്ദേഹം പറഞ്ഞു. ” ചില ട്രയിനുകൾ വൈകാറുണ്ട്‌ ഈ സ്റ്റേഷനിൽ നിന്ന്. വല്ലാതെ വൈകിയാൽ ക്യാൻസൽ ചെയ്യാറുമുണ്ട്‌. ഒന്നു കൺഫേം ചെയ്തു നോക്ക്‌”

സ്റ്റേഷനിൽ ഇറങ്ങി നോക്കിയപ്പോൾ ഞങ്ങൾക്ക്‌ പോവേണ്ട ഗുവാഹട്ടി-കൊച്ചു വേളി എക്സ്‌പ്രസ്‌ വൈകിയേക്കും എന്നറിഞ്ഞു.

എഫ്‌.ബിയിൽ ‘യാത്ര തീരുന്നു’ എന്ന പോസ്റ്റൊക്കെ ഇട്ടു കഴിഞ്ഞു പിന്നെയും കുറേ കഴിഞ്ഞാണ്‌ ഈ വണ്ടി ഇന്നു പോവില്ലെന്നും നാളെ ഉച്ചക്ക്‌ ഒരു മണിക്കേ എടുക്കൂ എന്നും അറിയുന്നത്‌.

ഗുവാഹട്ടി സ്റ്റേഷന്റെ പുറത്ത്‌ കോരിച്ചൊരിയുന്ന മഴയാണ്‌. മഴയെ കീറിമുറിച്ച ആ ഒറ്റക്കുടയിൽ ഞങ്ങൾ ലോഡ്ജ്‌ ലക്ഷ്യമാക്കി നടന്നു.


ഒരു അഭിപ്രായം ഇടൂ

സൂര്യോദയത്തിന്റെ നാട്‌ വിടുന്നു(ഇരുപത്തി മൂന്നാം ദിവസം)

ഇന്ന് പസിഘട്ടും വിടുകയാണ്‌. ഉച്ചക്കാണ്‌ ഗുവാഹട്ടിയിലേക്കുള്ള വണ്ടി. രാവിലെ ഡുയുവിനൊപ്പം പസിഘട്ടിൽ മാർക്കറ്റിൽ ഒക്കെ ഒന്നു പോയി കറങ്ങി.

ഏതാണ്ട്‌ ഒരാഴ്ചയോളം ഞങ്ങളെ ഊട്ടിയ, ഉറക്കിയ ഡുയുവിന്റെ കുടുംബത്തോട്‌ ഇന്ന് യാത്ര പറയണം. ഡുയുവിന്റെ എല്ലാ സഹോദരങ്ങളെയും ഇതിനകം കണ്ടു കഴിഞ്ഞു. ആതിഥേയത്വവും സ്നേഹവും കൊണ്ട്‌ മനം കവർന്ന അവരെ വാക്കുകളിൽ വരച്ചിടുന്നത്‌ അസാധ്യമാണ്‌.

എല്ലാവരോടും യാത്ര പറഞ്ഞ്‌, സുംബിയുടെ നെറുകിൽ ഒരു മുത്തവും ചാർത്തി ഉച്ചക്ക്‌ 1 മണിക്ക്‌ യാത്ര തുടങ്ങി.

യാത്ര ഏതാണ്ട്‌ തീർന്ന മട്ടാണ്‌. നാളെ രാവിലെ 5 മണിക്ക്‌ ഗുവാഹട്ടിയിൽ എത്തിയാൽ അയ്യർ രാവിലത്തെ ഫ്ലൈറ്റിൽ പോവും. ഞാനും അനീഷും കൂട്ടിനുള്ള മുറി ഹിന്ദിയും പേറി ഗുവാഹട്ടി ചുറ്റാൻ തീരുമാനിച്ചിട്ടുണ്ട്‌.


ഒരു അഭിപ്രായം ഇടൂ

പസിഘട്ടിലെ പകൽ (ഇരുപത്തി രണ്ടാം ദിവസം)

വളരെ വൈകിയാണ്‌ എണീറ്റത്‌. ഡുയുവിന്റെ വീട്ടുകാരെല്ലാം സ്വന്തം വീട്ടുകാരെപ്പോലെയായത്‌ കൊണ്ട്‌ ഒരു അന്യതാ ബോധം ഒന്നും തോന്നിയില്ല. നാണമില്ലാതെ ഉറങ്ങി 9 മണിയോളം.

പസിഘട്ടിൽ കാര്യമായി ഒന്നും കാണാനില്ല. എങ്കിലും ചുമ്മാ ബൈക്കിൽ ചുറ്റിയടിക്കാം എന്നു ഡുയു പറഞ്ഞു. ആബയുടെ ഒരു പൾസറും അനിയുടെ സ്കൂട്ടിയും എടുത്തു കറങ്ങാൻ ഇറങ്ങി. അത്യാവശ്യം കാര്യമായി തന്നെ മഴ പെയ്യുന്നുണ്ടായിരുന്നു. അതൊന്നും വക വെക്കാതെ ഞങ്ങൾ നാലു പേരും ജെ.എൻ സി. എന്നറിയപ്പെടുന്ന ജവഹർലാൽ നെഹ്‌റു കോളേജിൽ കേറിച്ചെന്നു. വെക്കേഷൻ സമയം ആയതിനാൽ സുന്ദരിമാരെ ദർശ്ശിക്കാനോ ‘കുഴിമറ്റം അനുഭൂതി’ അനുഭവിക്കാനോ കഴിഞ്ഞില്ല. ഒഴിഞ്ഞു കിടക്കുന്ന ഇടനാഴികളിലൂടെ ഞങ്ങൾ നാലു പേരും നടന്നു. നോർത്തിന്ത്യയിൽ മാത്രം കണ്ടു വരുന്നതാണോ എന്നറിയില്ല ഒരു കാറ്റൊക്കെ വീശുന്നുണ്ടായിരുന്നു.

മുന്നൂറോളം സ്റ്റെപ്പുകൾ കയറി വേണം കോളേജ്‌ ക്യാമ്പസിലേക്ക്‌ എത്താൻ. ലിച്ചിയും മാവും നിറഞ്ഞ ഹരിതാഭമായ ക്യാമ്പസിൽ നിന്നു നോക്കിയാൽ അകലെയല്ലാതെ സിയാംഗ്‌ നദി കാണാം. ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയായ സിയാംഗ്‌ പരന്നൊഴുകുകയാണ്‌.

ക്യാമ്പസിൽ നിന്നിറങ്ങി സമീപത്തുള്ള ഒരു അമ്പലത്തിൽ കയറി. പിന്നെ പ്പ്പ്യത്‌ സിയാംഗ്‌ നദിക്കു കുറുകെയുള്ള പാലത്തിന്റെ മുകളിലേക്കാണ്‌. കുത്തിയും കലങ്ങിയും സിയാംഗ്‌ പരന്നൊഴുകുകയാണ്‌. 300-400 മീറ്റർ നീളമുള്ള പാലമാണ്‌ കുറുകെ കെട്ടിയിരിക്കുന്നത്‌. പില്ലറുകൾക്കിടയിലൂടെ നാട്ട നൂണ്ട്‌ സിയാംഗ്‌ ഒഴുകുമ്പോൾ വെറുതെ കുറ്റിപ്പുറം പാലം ഓർത്തു പോയി.

സിയാംഗിലെ ദുരന്തങ്ങളെക്കുറിച്ചും മറ്റും ഡുയു പല സംഭവങ്ങളും പങ്കു വെച്ചു. സിയാംഗിന്റെ ഓരാത്തോട്‌ ചേർന്നു കുറച്ചു ദൂരം വണ്ടി ഓടിച്ചു പോയി ഞങ്ങൾ. ബ്രിട്ടീഷുകാരോട്‌ പൊരുതി മരിച്ച ആളുകളെ അനുസ്മരിക്കാനുള്ള രക്തസാക്ഷി മണ്ഡപം ഇതിന്റെ ഓരത്തു തന്നെ ഉണ്ട്‌.

അതിർത്തി സംസ്ഥാനമായതിനാൽ അരുണാചൽ പ്രദേശിൽ ഇന്ത്യ ഏഴു എയർ ഫീൽഡ്‌ നിർമ്മിക്കുന്നുണ്ട്‌. അതിലൊന്ന് പസിഘട്ടിൽ ഡുയുവിന്റെ വീടിനോട്‌ ചേർന്നാണ്‌. എയർഫീൽഡും ഫുട്ബാൾ ഗ്രൗണ്ടും ഡുയുവിന്റെ സ്കൂളും കണ്ട്‌ വീട്ടിലേക്കു മടങ്ങി.

വൈകീട്ട്‌ ഡുയുവിനോടൊപ്പം ചില സൗഹൃദസന്ദർശ്ശങ്ങൾക്കും കൂടി പോയതോടെ ഇരുട്ട്‌ വീണിരുന്നു.


ഒരു അഭിപ്രായം ഇടൂ

പാവങ്ങളാ! വെറുതെ പേടിപ്പിച്ചു വിട്ടാൽ മതി (ഇരുപത്തൊന്നാം ദിവസം)

ഇതു വരെയുള്ള യാത്രകളെല്ലാം വളരെ സുഖകരമായിരുന്നു. നോർത്ത്‌ ഈസ്റ്റിനെ കുറിച്ച്‌ കേട്ടതിന്റെ ഒരു അടയാളങ്ങളും കാണാൻ പറ്റിയിരുന്നില്ല ഇതുവരെ.

“വഴിയിൽ ബാലുപംഗ്‌ എന്ന സ്ഥലത്ത്‌ 4 മണിക്കൂർ വണ്ടിക്ക്‌ ഹാൾട്ട്‌ ഉണ്ടാകും” ഡുയു പറഞ്ഞു.

തീവ്രവാദി ആക്രമങ്ങൾ ബസുകൾക്ക്‌ നേരെ ഉണ്ടാവാറുണ്ടത്രേ. അതു കൊണ്ട്‌ രാത്രി 12 മണി കഴിഞ്ഞാൽ ഈ വഴി ബസ്‌ ഓടുന്നത്‌ പിന്നെ നേരം വെളുത്ത്‌ 4 മണിക്ക്‌ ശേഷം ആയിരിക്കുമത്രേ. ആ നാലു മണിക്ക്‌ ബസിന്‌ ഹാൾട്ട്‌ ആണ്‌.

രാത്രി ആയതിനാൽ ബസിൽ തന്നെ ഉറങ്ങി നേരം വെളുപ്പിച്ചു. പുറപ്പെടുന്ന സ്ഥലവും എത്തേണ്ട സ്ഥലവും അരുണാചൽ പ്രദേശിൽ ആണെങ്കിലും പോവുന്ന വഴി ഭൂരിഭാഗവും ആസാമിലൂടെയാണ്‌.

വണ്ടി പുറപ്പെട്ടെങ്കിലും മിന്നൽ ബന്ദ്‌ കാരണം വീണ്ടും യാത്ര മുടങ്ങി. തീവ്രവായ ആശയങ്ങളുള്ള പല ഗ്രൂപ്പുകളും ഉള്ള സംസ്ഥാനമാണ്‌ ആസം. അതുകൊണ്ടു തന്നെ യാത്രകൾ മുടക്കാൻ മാത്രം പാങ്ങുള്ള ഇത്തരം ബന്ദുകൾ സ്വാഭാവികം ആണത്രേ.

ഇതു പക്ഷേ, പ്രാദേശിക സംഘടനയുടെ വഴിതടയൽ സമരം മാത്രമായിരുന്നത്‌ കൊണ്ട്‌ സായുധപോലീസ്‌ വന്ന് സമരക്കാരെ നീക്കം ചെയ്തു.

ഇറ്റാനഗറിലേക്കുള്ള വഴിയിൽ ആസാം-അരുണാചൽ പ്രദേശ്‌ അതിർത്തിയിൽ ബെന്തർവ്വാര എന്നൊരു സ്ഥലമുണ്ട്‌. അവിടെയാണ്‌ ചെക്ക്‌ ഗേറ്റ്‌. ഇറ്റാനഗറിലേക്കുള്ള ഞങ്ങളുടെ ഐ എൽ.പിയുടെ കാലാവധി കഴിഞ്ഞതിനാൽ ഞങ്ങൾ മൂന്നു പേരും അവിടെ ഇറങ്ങി. ഇറ്റാനഗറിൽ നിന്നും പസിഘട്ടിലേക്കുള്ള ടാക്സി പിടിച്ചു വരാം എന്നു പറഞ്ഞു ഡുയു ഇറ്റാനഗറിലേക്കുള്ള യാത്ര തുടർന്നു.

ബെന്തർവ്വാര അത്യാവശ്യം വലിപ്പമുള്ള ടൗണാണ്‌. 8 മണി മുതൽ 2മണി ഇവിടെ ചെലവഴിക്കണം. എന്നാൽ ഒരു കംഫർട്ട്‌ സ്റ്റേഷനോ ക്ലോക്ക്‌ റൂമോ അവിടെ കണ്ടില്ല. ഹോട്ടലുകളിൽ കയറി ഒന്ന്-ഒന്നര മണിക്കൂർ ചെലവഴിച്ചെങ്കിലും പിന്നെയും സമയം ബാക്കി.  അടുത്തുള്ള അമ്പലത്തിന്റെ പരിസരങ്ങളിലൊക്കെ ചുറ്റിത്തിരിഞ്ഞെങ്കിലും ഇരിക്കാനുള്ള സ്ഥലം എവിടെയും കണ്ടില്ല. തിയേറ്ററിൽ പോയി സമയം കളയാം എന്നു വെച്ചപ്പോൾ 50 കി.മീ ചുറ്റളവിലൊന്നും ഒരു തിയേറ്റർ പോലുമില്ല പോലും (തിയേറ്റർ അന്വേഷിക്കാൻ ചെന്ന എന്നെയും അയ്യറെയും കടക്കാരൻ നോക്കിപ്പേടിപ്പിച്ചു. ‘സിനിമ കാണാനുള്ള കെൽപ്പ്‌ ഇവിടത്തുകാർക്കില്ല’ എന്ന ഭാവം)

അവസാനം പോലീസ്‌ ട്രയിനിംഗ്‌ സെന്റർ എന്നൊരു സ്ഥലം അടുത്തുണ്ടെന്നും അവിടെ പോയി ഇരിക്കാം എന്നും വിചാരിച്ച്‌ അങ്ങോട്ടേക്ക്‌ ടാക്സി വിളിച്ചു.

വളരെ വലിയൊരു ക്യാമ്പസായ പി.ടി.സിയിൽ ഞങ്ങൾ ഭീമാകാരമായ ബാഗും തൂക്കിപ്പിടിച്ചു നടന്നു.  ട്രയിനികളാണെന്നു വിചാരിച്ചു പലരും ഞങ്ങളെ തുറിച്ചു നോക്കി.  രണ്ടു മണിക്കൂറോളം അവിടെ ചെലവഴിച്ചു പുറത്തിറങ്ങുമ്പോൾ ഒരു ട്രയിനറെ കണ്ടു മുട്ടി. ‘ഇതൊരു റെസ്റ്റ്രിക്റ്റഡ്‌ ഏരിയ’ ആണെന്നും ഒന്നു ചുറ്റിക്കണ്ടു പോയ്ക്കോളാനും വളരെ സൗഹാർദ്ദപരമയി അദ്ദേഹം പറഞ്ഞു.

2 മണിയോടെ ഡുയു വിംഗറുമായി വന്നു. ഞങ്ങളുടെ പൊന്നുംഗും ഉണ്ടായിരുന്നു വണ്ടിയിൽ. അവൾ പസിഘട്ടിലെ ബന്ധുവീട്ടിൽ പോവുകയാണ്‌ പോലും.

പസിഘട്ടിലേക്കുള്ള റോഡിന്റെ മികവ്‌ ഡ്രൈവർ വല്ലാതെ ഉപയോഗപ്പെടുത്തി. ശരാശരി വേഗത 100 കി.മീ ഞങ്ങൾ 6.30 ഓടെ പസിഘട്ടിൽ എത്തി.

ഡുയുവിന്റെ കുടുംബം മൊത്തം മൂന്നാലു ദിവസം മുൻപ്‌ ഇവിടെ എത്തിയിട്ടുണ്ടായിരുന്നു.

വീണ്ടും ആബ,അനി,അത്തെ…ആബയുടെ വണ്ടി.  അത്താഴം കഴിച്ച്‌ നേരത്തെ ഉറങ്ങി.


ഒരു അഭിപ്രായം ഇടൂ

ഓർമ്മകളിലേക്കു മടങ്ങുന്ന കുളിര്‌ (ഇരുപതാം ദിവസം)

മടക്കം.

രാവിലെ 5.30 നുള്ള സുമോയിൽ തവാംഗിൽ നിന്ന് ബോംഡില്ലയിൽ എത്തണം. ഇനിയുള്ള രണ്ടു ദിവസവും യാത്രയാണ്‌.

സുമോയിലെ യാത്രകളോട്‌ ഏതാണ്ട്‌ പൊരുത്തപ്പെട്ടിരിക്കുന്നു. വഴിയിൽ ‘ജംഗ്‌ വാട്ടർഫാളും ‘സെല’ പാസും കണ്ടു.

വളരെ വിഷമം പിടിച്ച വഴിയാണ്‌ തവാംഗ്‌- ബോംഡില്ല. ചിലയിടങ്ങളിലൊക്കെ ഒരു വണ്ടിക്കു മാത്രമേ പോകാനാവൂ. ആ സമയങ്ങളിൽ എതിരെ വരുന്ന വണ്ടിക്ക്‌ പോകാൻ അഞ്ചും പത്റ്റ്ജും മിനിറ്റുകൾ കാത്തു നിൽക്കേണ്ടി വരും.

ടൂറിസ്റ്റുകളും സൈനികരുമായി പലരും മല കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നു. ഇടക്കിടെ ബൈക്കുസവാരിക്കാരെയും കണ്ടു മുട്ടു.

വണ്ടി ബോംഡില്ലയിൽ എത്തുന്നത്‌ രണ്ടു മണിക്കാണ്‌. ഇനി ബോംഡില്ലയിൽ നിന്ന് ഇറ്റാനഗറിലേക്കുള്ള ബസ്‌ പിടിക്കണം. അതിനി ആറു മണിക്കാണ്‌. മൊത്തത്തിൽ നാലു മണിക്കൂർ ബോംഡില്ലയിൽ ഉണ്ട്‌.

ബോംഡില്ല വളരെ ചെറിയൊരു പട്ടണമാണ്‌. ചുറ്റിയടിച്ചു കാണാൻ ചെറിയൊരു ബുദ്ധ മൊണാസ്റ്റ്രി മാത്രമേ ഉള്ളൂ. സമീപത്തുള്ള ബുദ്ധ സ്റ്റേഡിയത്തിൽ ചെറിയൊരു ഫുട്ബാൾ മാച്ച്‌ നടന്നിരുന്നത്‌ കണ്ടു കുറച്ചു നേരം. മാർക്കറ്റിലും മറ്റും കറങ്ങി നേരം ആറു മണിയാക്കി.

ഡുയുവിന്റെ ഒരു സുഹൃത്ത്‌ ബോംഡില്ലയിൽ ഉണ്ടായിരുന്നത്‌ കൊണ്ട്‌ ടിക്കറ്റ്‌ ഒക്കെ നേരത്തെ ശെരിയാക്കി വെച്ചിരുന്നു. ‘റിസർവ്വ്‌ ഫോഴ്സി’ൽ അംഗമാണ്‌ അവൻ.  അവനോടൊപ്പം ചുറ്റിയടിച്ചു ആറു മണിയോടെ ബസിൽ കയറി.

നാളെ ഇറങ്ങാൻ നേരം മറ്റൊരു പ്രശ്നം കൂടി നേരിടാനുണ്ട്‌.  ഇറ്റാനഗറിലേക്കുള്ള ഞങ്ങളുടെ ഐ.എൽ.പിയുടെ കാലാവധി കഴിഞ്ഞിരിക്കുന്നു. ചെക്ക്‌ ഗേറ്റിൽ വെച്ചു പിടിക്കപ്പെടുമെന്ന് തീർച്ച. ഇറ്റാനഗറിലെ ചെക്ക്‌ ഗേറ്റിൽ ആബയ്ക്ക്‌ പരിചയമുള്ള ആരും ഇല്ല താനും.

എന്തായാലും ബസ്‌ നീങ്ങിത്തുടങ്ങി.


2അഭിപ്രായങ്ങള്‍

പ്രണയപൂർവ്വം തവാംഗിന്‌ (പത്തൊമ്പതാം ദിവസം) ‌

അത്രമേൽ പ്രണയാതുരമാണ്‌ തവാംഗ്‌. പ്രണയത്തിന്റെ ചൂടിനു പൂരകമായി തണുപ്പു കനത്തു കൊണ്ടേയിരുന്നു.

ഐ.എൽ.പി പോലുള്ള നൂലാമാലകൾ ദരിദ്രമാക്കിയ തവാംഗിന്റെ തെരുവിലെ തിരക്കുകളിൽ ഞങ്ങൾ നാലു പേർ സ്വാതന്ത്ര്യം നുകർന്നു നടന്നു.

രാവിലെ 5.30. തണുപ്പിനോട്‌ കയർത്ത്‌ കുളിച്ച്‌ കൃത്യസമയത്ത്‌ തന്നെ ടാക്സി സ്റ്റാന്റിൽ എത്തി. ബുംല പാസിലേക്കും മാധുരി തടാകത്തിലേക്കുമുള്ള വണ്ടി ഇവിടെ നിന്നാണ്‌. ഡി.സിയുടെ അനുമതി കിട്ടിക്കാണണം.  ഒരു പാസെങ്കിലും കാണണമെന്ന തീവ്രമായ ആഗ്രഹം എല്ലാവർക്കും ഉണ്ട്‌. സിക്കിമിലെ നാഥുലാപാസിലേക്കുള്ള അനുമതി നിഷേധിക്കപ്പെട്ടതിലുള്ള നിരാശ ഇപ്പോഴും മാറിയിട്ടില്ല.

ഇത്തിരിയെങ്കിലും ചൂട്‌ പകരാനുള്ള ശ്രമമായി ചൂടു ചായ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ഡ്രൈവർ വന്നു ചോദിച്ചത്‌ ” ബുംല പാസിലേക്കുള്ള ആ നാലു പേർ നിങ്ങളാണോ?”

കാത്തു നിൽക്കാനും യാത്ര പറയാനും ആരും ഇല്ലാത്തത്‌ കൊണ്ട്‌ ആ ബൊലേറോ കയറ്റം കയറിത്തുടങ്ങി. വഴിക്കാഴ്ചകളുടെ ദൃശ്യവും ഹിന്ദിപ്പാട്ടുകളുടെ മ്യൂസിക്‌ സിസ്റ്റവും തീർത്ത ഫ്രയിമുകളിലേക്ക്‌ തണുപ്പ്‌ നുഴഞ്ഞു കയറിക്കൊണ്ടിരുന്നു. ഡ്രൈവർ ഹീറ്റർ ഓണാക്കി തണുപ്പിനെ തുരത്തി.

പേരും നാടും വീടും ഒക്കെ ചോദിച്ച്‌ ഡ്രൈവർ പരിചയപ്പെടാനുള്ള  ശ്രമത്തിലാണ്‌. ഡ്രൈവറെയും പരിചയപ്പെട്ടു. ലോപ്സൻ ടാഷി- അതാണ്‌ കക്ഷിയുടെ പേര്‌. മച്ചാൻ നമുക്ക്‌ പറ്റിയ കൂട്ടാണ്‌. സംസാരപ്രിയൻ. ആവേശവും പക്വതയും സമം ചേർന്ന ഐറ്റം. വളരെ ചെറുപ്പത്തിലേ സ്കൂളിന്റെ തടവറയിൽ നിന്ന് ചാടി സ്വാതന്ത്ര്യം പ്രാപിച്ച ആളാണ്‌. ലാമയാവാൻ പോയി അതൊക്കെ നിർത്തി ഇപ്പോൾ പത്തു വർഷത്തോളമായി വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയാണ്‌.

സഖാവ്‌ കമ്പനി ആയി കിട്ടിയതു കൊണ്ട്‌ പോവുന്ന വഴിക്കുള്ള പല കാഴ്ചകളുടെ ചരിത്ര-ഭൂമിശാസ്ത്ര-ആത്മീയ-രാഷ്ട്രീയ കാര്യങ്ങൾ കൂടി വിശദീകരിച്ചു തന്നു.

38 കി.മീ ദൂരമാണ്‌ തവാംഗിൽ നിന്നും ബുംല പാസിലേക്ക്‌. നാഥുല പാസിലേക്കുള്ള വഴി പോലെ തന്നെ ഒരു വശം അഗാധമായ കൊക്കയാണ്‌. താഴ്‌വാരങ്ങളിൽ തവാംഗ്‌ നഗരം പൊട്ടു പോലെ ചെറുതായി കൊണ്ടിരിക്കുന്നു. എക്സ്‌ക്ലൂസീവ്‌ ലാന്റ്‌മാർക്ക്‌ ആയ തവാംഗ്‌ മൊണാസ്റ്റ്രി ഒരു കുന്നിന്റെ മുകളിൽ ഏകമായി നിന്നു.

വിൻഡോയ്ക്കപ്പുറം പട്ടാളക്ക്യാമ്പുകൾ ആണ്‌. ഡി.സിയുടെ അനുമതി പരിശോധിക്കാനും മറ്റുമായി ചെക്ക്‌ പോസ്റ്റുകളും ഉണ്ട്‌.

ഇന്ത്യ-ചൈന അതിർത്തിയിലേക്ക്‌ ആണ്‌ യാത്ര. ഒരു രാജ്യത്തിന്റെ അന്താരാഷ്ര അതിർത്തിയിൽ പാലിക്കുന്ന എല്ലാ ജാഗ്രതയുടെയും ഗന്ധം മുറ്റി നിൽക്കുന്നു ബുംല പാസിന്റെ പരിസരങ്ങളിലും.

ചെക്ക്‌ പോസ്റ്റുകളിൽ നിന്നുള്ള പരിശോധന കഴിഞ്ഞ്‌ ‘ഒ.കെ’ ആണെന്ന് തെളിഞ്ഞാൽ പിന്നെ സൈനികരെല്ലാം വളരെ സൗഹൃദമാണ്‌ കാണിക്കുക. അവർ കാണിക്കുന്ന ആതിഥേയത്വം അക്ഷരാർഥത്തിൽ ഈ യാത്രയുടെ ഹൃദ്യമായ അനുഭവങ്ങളിലൊന്നായി മാറി. ബറ്റാലിയനിലെ പഞ്ചാബ്‌ സൈനികരെല്ലാം അവരുടെ വിശേഷ ദിവസങ്ങളിലൊന്ന് ആഘോഷിക്കുന്ന ദിവസങ്ങളിലൊന്നാണ്‌ ഇന്ന്. അതിനാൽ പല ചെക്ക്‌ പോസ്റ്റുകളിൽ നിന്നും ഞങ്ങൾക്ക്‌ ഹൽവയും ജൂസും തുടങ്ങി പല ഭക്ഷണ പദാർത്ഥങ്ങളും കിട്ടി.

പോകുന്ന വഴി പല തടാകങ്ങളും കണ്ട്‌. ബുംല പാസിൽ ഒമ്പത്‌ മണിക്ക്‌ മുൻപേ എത്തേണ്ടത്‌ കൊണ്ട്‌ തിർച്ചു വരുന്ന വഴി ഇറങ്ങാം എന്ന് ലോപ്പസാംഗ്‌ ദാദ പറഞ്ഞു. ഇടിഞ്ഞു വീണ പാറക്കഷ്ണങ്ങളും ഉരുകിയൊലിക്കുന്ന മഞ്ഞു സൃഷ്ടിച്ച വെള്ളത്തിന്റെ കുത്തിയൊലിക്കലും കൊണ്ട്‌ വഴി വല്ലാതെ മോശമായി കൊണ്ടിരുന്നു. അവയെ തഴഞ്ഞ്‌ ആ കുന്നു കയറാൻ ബൊലേറോ വല്ലാതെ വിഷമിച്ചു. ഇടയ്ക്ക്‌ കുറച്ച്‌ നേരം ഞങ്ങൾക്ക്‌ ഇറങ്ങി നടക്കേണ്ടി വരികയൊക്കെ ചെയ്തു.

ബുംല പാസ്‌- ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ഒട്ടേറെ നിയോഗങ്ങൾ പേറുന്ന ഇന്ത്യ-ചൈന പാസ്‌.

ഇന്ത്യ-ചൈന പാസുകളിലെ നാലിൽ ഒന്നായ ഈ പാസ്‌ ചൈനയെ ഇന്ത്യയുടെ വടക്കു കിഴക്കെ ഭാഗത്തെക്ക്‌ ബന്ധിപ്പിക്കുന്നു. 1962ഇലെ യുദ്ധത്തിലെ ഈ പാസും കടന്നു തവാംഗ്‌ വരെയെത്തിയിരുന്നു ചൈനീസ്‌ സൈന്യം. അ യ്ദ്ധത്തിൽ ജോഗീന്ദർ സിംഗിനെയും ജസ്വന്ത്‌ സിംഗിബെയും പോലുള്ള പല ധീര ജവാന്മാരെയും ഇന്ത്യയ്ക്ക്‌ നഷ്ടമായി. അവരെ അനുസ്മരിക്കാനെന്നൊണം സ്മാരകങ്ങൾ വഴിയുടെ ഇരുവശങ്ങളിൽ കണ്ടു. 1959ഇൽ ദലൈ ലാമയുടെ നേതൃത്വത്തിലുള്ള സംഘം ടിബറ്റിക്‌ നിന്നും രക്ഷപ്പെട്ട്‌ ഇന്ത്യയിൽ അഭയം തേടിയത്‌ ഈ പാസിലൂടെയായിരുന്നു.

സുബേധാർ സാഹിബ്‌ സിംഗ്‌ എന്ന സൈനികനായിരുന്നു ബുംല പാസിൽ ഞങ്ങളെ എതിരേറ്റത്‌.താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകളിൽ പല സൈനികരും ഉണ്ട്‌. ചില പ്രത്യേക സ്ഥലങ്ങൾ കാണിച്ചു അവയുടെ ഒന്നും ഫോട്ടോ എടുക്കരുത്‌ എന്ന് സുബേധാർ സർ പറഞ്ഞു.വേണമെങ്കിൽ ചൈനയുടെ എത്ര ‘വേണമെങ്കിൽ ഫോട്ടോ എടുത്ത്‌ ഫേസ്ബുക്കിൽ ഇട്ടോളൂ’ എന്നു പറഞ്ഞു അദ്ധേഹം ചിരിച്ചു. ബുമ്ല പാസ്‌ ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള വഴിയാണ്‌. അതിർത്തിയിലേക്ക്‌ പോകുന്ന വഴി എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും കലാ-സാംസ്കാരിക ഔന്നത്യങ്ങൾ വിളിച്ചോതുന്ന ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്‌. കേരളത്തിന്റെയും ഗുജറാത്തിന്റെയും അരുണാചൽ പ്രദേശിന്റെയും ഫ്ലക്സുകളുടെ സമീപം നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു.

‘ഹീപ്പ്‌ ഓഫ്‌ സ്റ്റോൺസ്‌’ , ‘റോക്ക്‌ ഓഫ്‌ പീസ്‌’ എന്നീ രണ്ടു പ്രതീകാത്മകമായ ഇൻസ്റ്റലേഷനുകൾ ബുംല പാസിലുണ്ട്‌. ഇന്ത്യ-ചൈന സാഹോദര്യം സൂചിപ്പിക്കുന്നവയാണിത്‌. ചൈനയിലെ ഏറ്റവും അടുത്തുള്ള സൈനിക പോസ്റ്റും നാൽപത്തഞ്ചു കി.മീ അകലെയുള്ള ചൈന നഗരത്തിലേക്കുള്ള വഴിയും സുബേധാർ സർ കാണിച്ചു തന്നു. പത്തു മീറ്ററോളം ചൈനയുടെ ഭൂമിയിലൂടെ ഞങ്ങൾ നടന്നു (പാസ്‌ പോർട്ടും വിസയും ഇല്ലാതെ 😉 )

സൈനിക ക്യാമ്പിൽ നിന്ന് കാപ്പി കഴിച്ചു ഞങ്ങൾ മാധുരി ലെയ്ക്ക്‌ ലക്ഷ്യമാക്കി ഇറങ്ങി.

തവാംഗിന്റെ കുളിരും സൗന്ദര്യവും ഒരു ബിന്ദുവിൽ ആരോപിച്ചതാണ്‌ ഈ തടാകം. ‘കൊയ്‌ല’ എന്ന ഹിന്ദി പടത്തിലെ ഒരു പാട്ടു ചിത്രീകരിച്ചത്‌ ഇവിടെയാണ്‌ പോലും. അതിനു വേണ്ടി മാധുരി ദീക്ഷീത്‌ ഇവിടെ വന്നതിന്‌ ശേഷമാണത്രേ ഈ തടാകം ‘മാധുരി ലെയ്ക്ക്‌’ എന്ന് അറിയപ്പെടാൻ തുടങ്ങിയത്‌. ‘സാംഗ്‌ സക്തർ’ എന്ന കിടിലോൽക്കിടിലൻ പേരാണ്‌ ഇവൾക്ക്‌ സ്വന്തമായുള്ളത്‌.

‘കണ്ടതിൽ വെച്ച്‌ ഏറ്റവും മനോഹരമായ സ്ഥലമേത്‌’ എന്ന് നായകൻ നായികയോട്‌ ചോദിക്കുമ്പോൾ ‘തവാംഗ്‌’ എന്ന ഉത്തരത്തിന്റെ മുഴുവൻ ഊർജ്ജവും പ്രവഹിച്ചത്‌ ഈ തടാകത്തിന്റെ എല്ലു നുറുങ്ങുന്ന കാറ്റിൽ നിന്നായിരിക്കണം. വസന്തകാലത്ത്‌ ഈ തടാകം മനോഹരമായ പൂക്കളാൽ നിറയുമത്രേ. പൂക്കൾ നിറഞ്ഞ വസന്തവും മഞ്ഞു പെയ്യുന്ന ശൈത്യവും നഷ്ടക്കിയ ഈ വേനലിലും ഇവിടെ നിൽക്കുവാൻ തെല്ലൊന്നു പണിപ്പെടണം; കൂട്ടിനൊരു കാമുകി ഇല്ലെങ്കിൽ.

‘മാധുരി ലെയ്ക്കി’നെ മറ്റൊരു കൗതുകകരമായ കാര്യം ഇതിന്റെ പിറവിയാണ്‌. ആടുകളും മാടുകളും മേഞ്ഞിരുന്ന വിശാലമായ ഒരു പുൽമേടായിരുന്നു ഇത്‌. ഒരു ഭൂകമ്പാനന്തരം പിറവി കൊണ്ടതാണ്‌. നാലു പാടും ഉയരമുള്ള പർവ്വതനിരകളാൽ ചുറ്റപ്പെട്ട ഈ തടാകക്കരയിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ തന്നെ ടാക്സി വല്ലാതെ കഷ്ടപ്പെട്ടിരുന്നു.

ഓവർക്കോട്ടും ഷാളും ഒന്നും തന്നെ തണുപ്പിന്റെ കടുപ്പം കുറച്ചില്ല. കോട ഇറങ്ങാൻ തുടങ്ങിയിരിക്കുന്നു. അൽപ്പം കഴിഞ്ഞപ്പോൾ തടാക്ഠ്തിന്റെ ദൃശ്യം മൊത്തം മറക്കും വിധം കോട നിറഞ്ഞു. അൽപ്പം ആശ്വാസം എന്നോണം സൈനിക ക്യാന്റീനിൽ നിന്ന് ചൂടുകാപ്പി കുടിച്ചു.

തിരികെ പോരാൻ നേരം മഴ ചാറി തുടങ്ങിയിരുന്നു. ഞാനും ഡുയുവും മഴചാറ്റലിന്റെ കുളിരും കൂടി പേറിയാണ്‌ ടാക്സിയിൽ തിരിച്ചു കേറിയത്‌. കയറ്റങ്ങളും ഇറക്കങ്ങളുമായി ടാക്സി മുന്നോട്ട്‌ പോയിക്കൊണ്ടിരുന്നു. പിന്നെ നിന്നത്‌ ‘സൊ’ ലെയ്ക്കിലാണ്‌. തവാംഗ്‌ എന്ന് നെറ്റിൽ അടിച്ചപ്പോൾ തെളിഞ്ഞു വന്നത്‌ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഈ തടാകത്തിന്റെ ദൃശ്യമായിരുന്നു. ഒരു കിലോമീറ്ററിലധികം ചുറ്റളവുള്ള ആ തടാകത്തിനു ചുറ്റും ഞാനും ഡുയുവും നടന്നു. അതിന്റെ ഒരു വശത്ത്‌ തടാകത്തിൽ പൊന്തിനിൽക്കുന്ന ബുദ്ധവിഗ്രഹം കണ്ടു. അതിനോട്‌ ചേർന്നു ഒരു ഒറ്റമരപ്പാലവും. ആവേശം മൂത്ത്‌ പാലം കടക്കാൻ തുടങ്ങി ഞങ്ങൾ രണ്ടാളും. ഡുയു വളരെ വേഗം മറു കര എത്തി. അങ്ങോട്ടും ഇങ്ങോട്ടും പോവാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ അപ്പോൾ. തടാകത്തിൽ വീണാൽ ‘സീൻ കോണ്ട്രാ’ ആവുമല്ലൊ എന്നൊക്കെ ഓർത്ത്‌ പ്രാണരക്ഷാർത്ഥം ഉമ്മാനെ വിളിച്ചു പോയി. ഒടുവിൽ ഡുയു ഒരു നീളൻ കമ്പു നീട്ടി. അതു കുത്തിപിടിച്ചു അപ്പുറത്തെത്തി.

നടന്നു നടന്ന് വണ്ടിയുടെ അടുത്തെത്തിയപ്പോൾ അനീഷും അയ്യറും വേറെ ചില യാത്രക്കാരോട്‌ സംസാരിച്ചു നിൽക്കുന്നത്‌ കണ്ടു. ന്യാസ വർഗ്ഗത്തിലുള്ള അരുണാചൽ പ്രദെശിലെ വേറെ ചില ആളുകൾ ആണ്‌ ഞങ്ങളുടെ അഭ്യർത്ഥന പ്രകാരം അവരുടെ പ്രദേശത്തുള്ള സംഘനൃത്തം കളിച്ചു.’ വീണ്ടും കാണാം’ എന്നു പറഞ്ഞു പിരിഞ്ഞു ഞങ്ങൾ തിരിച്ചുള്ള യാത്ര തുടങ്ങി. പോരുന്ന വഴി പല ചെറിയ തടാകങ്ങളും കണ്ടു. ചിലതിന്റെ ഓരങ്ങളിലൊക്കെ ലോപ്പസാംഗ്‌ ദാദ വണ്ടി നിർത്തി തന്നു. ഫോട്ടോ എടുത്തും കുറ്റിക്കാടുകളിലും മഞ്ഞു കട്ടകളിലും മൂത്രമൊഴിച്ചും ഞങ്ങൾ യാത്ര തുടർന്നു.

സൈനികരുടെ ഷൂട്ടിംഗ്‌ പരിശീലനം കാണാനുള്ള ഭാഗ്യവും ഞങ്ങൾക്കുണ്ടായി. വെടിയുതിർക്കുന്നതും മറ്റും നേരിട്ട്‌ കണ്ട്‌ സൈനികരോട്‌ കൈ വീശി കാണിച്ചു ആ ബൊലേറോ മലയിറങ്ങി തവാംഗ്‌ ടൗണിലെത്തി.

മൂന്നു ദിവസം സ്റ്റേ ഉണ്ടെന്ന് നേരത്തെ പറയാത്തത്‌ കൊണ്ട്‌ ഇന്നു ഞങ്ങൾക്ക്‌ റൂം വിട്ടു കൊടുക്കണം. എന്തോ മാസ്‌ ബുക്കിംഗ്‌ നടന്നിട്ടുണ്ട്‌.ഒടുവിൽ ലോപ്പസാംഗിന്റെ സുഹൃത്തിന്റെ ഹോട്ടലിൽ റൂം കിട്ടി. സമയം മൂന്നു മണി ആയിട്ടേ ഉള്ളൂ.

ഔദ്യോഗികമായി യാത്ര ഇന്നത്തോടെ തീരുകയാണ്‌. ഇനി മടക്കയാത്രയാണ്‌. അതിന്റെ ആലസ്യവും നിരാശയും എല്ലാവരുടെ മനസ്സിലും കണ്ടു.  ടി.വി കണ്ടും ഉറങ്ങിയും തെരുവുകളിലൂടെ നടന്നും സൗഭാഗ്യദിനങ്ങൂടെ ക്ലൈമാക്സ്‌ നുകരാൻ ശ്രമിക്കുകയാണ്‌ എല്ലാവരും. ‘ഇൻ ടു ദി വൈൽഡ്‌’ എന്ന സിനിമ ഞാനും കാണാനിരുന്നു.

നാളെ രാവിലെ 5.30 നാണ്‌ മടക്ക വണ്ടി.

കലാശക്കൊട്ടു അവസാനിച്ചത്‌ ഇത്രയും മനോഹരസ്ഥലത്തായത്തിന്റെ സാഫല്യത്തിൽ എല്ലാവരും ഉറങ്ങാൻ കിടന്നു. ഹാ! തവാംഗ്‌! അസ്ഥികളിൽ പ്രണയവും പേറി ഇനിയും ഈ മലകൾ താണ്ടി ഞങ്ങൾ വരും.പണിതു കൊണ്ടിരിക്കുന്ന ബുദ്ധന്റെ ഭീമാകാരമായ പ്രതിമ ആ മോഹത്തിന്‌ അനുഗ്രഹം ചൊരിയുന്നതായി തോന്നി.

ദൈവത്തിന്‌ സ്തുതി; ഇത്രമേൽ ജീവിപ്പിച്ചതിന്‌, ഈ കാഴ്ചയ്ക്ക്‌ കണ്ണിൽ വെളിച്ചം വിതറിയതിന്‌.