ഇട്ട്ല്

ഇടവഴി എന്നതിന്റെ ഒരു പ്രാദേശിക പേരാണ് ഇട്ട്ല് . പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിൽ തന്നെ ഈ പദം വ്യത്യസ്ത രൂപങ്ങളിൽ അറിയപ്പെടുന്നു . ഇട്ടിലി ,ഇട്ട്ലി എന്നൊക്കെ പല സ്പെല്ലിങ്ങുകൾ ഉൾക്കൊള്ളുന്ന ഈ പദം ,എന്റെ ഭൂതകാലത്തിന്റെ സാക്ഷിയാണ് .മുറുമുറുപ്പും നിരാശയും അടക്കം പറച്ചിലും അമർത്തിച്ചിരികളൂം തുടങ്ങി ഒരൂട്ടം വൈകാരികമായ പങ്കുവെക്കലുകൾ സാധാരണമായിരുന്ന ആ നാട്ടിടവഴികളെക്കുറിച്ചു അഥവാ ജീവിതത്തെ കുറിച്ച് തന്നെ … എന്റെ അക്ഷരങ്ങൾക്ക് വഴുവഴുപ്പാണ് വിധി ;അറയ്ക്കുന്ന ചീരാപ്പു ഒലിയ്ക്കുന്നതു കൊണ്ടാവാം ….

പ്രണയപൂർവ്വം തവാംഗിന്‌ (പത്തൊമ്പതാം ദിവസം) ‌

2അഭിപ്രായങ്ങള്‍

അത്രമേൽ പ്രണയാതുരമാണ്‌ തവാംഗ്‌. പ്രണയത്തിന്റെ ചൂടിനു പൂരകമായി തണുപ്പു കനത്തു കൊണ്ടേയിരുന്നു.

ഐ.എൽ.പി പോലുള്ള നൂലാമാലകൾ ദരിദ്രമാക്കിയ തവാംഗിന്റെ തെരുവിലെ തിരക്കുകളിൽ ഞങ്ങൾ നാലു പേർ സ്വാതന്ത്ര്യം നുകർന്നു നടന്നു.

രാവിലെ 5.30. തണുപ്പിനോട്‌ കയർത്ത്‌ കുളിച്ച്‌ കൃത്യസമയത്ത്‌ തന്നെ ടാക്സി സ്റ്റാന്റിൽ എത്തി. ബുംല പാസിലേക്കും മാധുരി തടാകത്തിലേക്കുമുള്ള വണ്ടി ഇവിടെ നിന്നാണ്‌. ഡി.സിയുടെ അനുമതി കിട്ടിക്കാണണം.  ഒരു പാസെങ്കിലും കാണണമെന്ന തീവ്രമായ ആഗ്രഹം എല്ലാവർക്കും ഉണ്ട്‌. സിക്കിമിലെ നാഥുലാപാസിലേക്കുള്ള അനുമതി നിഷേധിക്കപ്പെട്ടതിലുള്ള നിരാശ ഇപ്പോഴും മാറിയിട്ടില്ല.

ഇത്തിരിയെങ്കിലും ചൂട്‌ പകരാനുള്ള ശ്രമമായി ചൂടു ചായ കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ്‌ ഡ്രൈവർ വന്നു ചോദിച്ചത്‌ ” ബുംല പാസിലേക്കുള്ള ആ നാലു പേർ നിങ്ങളാണോ?”

കാത്തു നിൽക്കാനും യാത്ര പറയാനും ആരും ഇല്ലാത്തത്‌ കൊണ്ട്‌ ആ ബൊലേറോ കയറ്റം കയറിത്തുടങ്ങി. വഴിക്കാഴ്ചകളുടെ ദൃശ്യവും ഹിന്ദിപ്പാട്ടുകളുടെ മ്യൂസിക്‌ സിസ്റ്റവും തീർത്ത ഫ്രയിമുകളിലേക്ക്‌ തണുപ്പ്‌ നുഴഞ്ഞു കയറിക്കൊണ്ടിരുന്നു. ഡ്രൈവർ ഹീറ്റർ ഓണാക്കി തണുപ്പിനെ തുരത്തി.

പേരും നാടും വീടും ഒക്കെ ചോദിച്ച്‌ ഡ്രൈവർ പരിചയപ്പെടാനുള്ള  ശ്രമത്തിലാണ്‌. ഡ്രൈവറെയും പരിചയപ്പെട്ടു. ലോപ്സൻ ടാഷി- അതാണ്‌ കക്ഷിയുടെ പേര്‌. മച്ചാൻ നമുക്ക്‌ പറ്റിയ കൂട്ടാണ്‌. സംസാരപ്രിയൻ. ആവേശവും പക്വതയും സമം ചേർന്ന ഐറ്റം. വളരെ ചെറുപ്പത്തിലേ സ്കൂളിന്റെ തടവറയിൽ നിന്ന് ചാടി സ്വാതന്ത്ര്യം പ്രാപിച്ച ആളാണ്‌. ലാമയാവാൻ പോയി അതൊക്കെ നിർത്തി ഇപ്പോൾ പത്തു വർഷത്തോളമായി വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയാണ്‌.

സഖാവ്‌ കമ്പനി ആയി കിട്ടിയതു കൊണ്ട്‌ പോവുന്ന വഴിക്കുള്ള പല കാഴ്ചകളുടെ ചരിത്ര-ഭൂമിശാസ്ത്ര-ആത്മീയ-രാഷ്ട്രീയ കാര്യങ്ങൾ കൂടി വിശദീകരിച്ചു തന്നു.

38 കി.മീ ദൂരമാണ്‌ തവാംഗിൽ നിന്നും ബുംല പാസിലേക്ക്‌. നാഥുല പാസിലേക്കുള്ള വഴി പോലെ തന്നെ ഒരു വശം അഗാധമായ കൊക്കയാണ്‌. താഴ്‌വാരങ്ങളിൽ തവാംഗ്‌ നഗരം പൊട്ടു പോലെ ചെറുതായി കൊണ്ടിരിക്കുന്നു. എക്സ്‌ക്ലൂസീവ്‌ ലാന്റ്‌മാർക്ക്‌ ആയ തവാംഗ്‌ മൊണാസ്റ്റ്രി ഒരു കുന്നിന്റെ മുകളിൽ ഏകമായി നിന്നു.

വിൻഡോയ്ക്കപ്പുറം പട്ടാളക്ക്യാമ്പുകൾ ആണ്‌. ഡി.സിയുടെ അനുമതി പരിശോധിക്കാനും മറ്റുമായി ചെക്ക്‌ പോസ്റ്റുകളും ഉണ്ട്‌.

ഇന്ത്യ-ചൈന അതിർത്തിയിലേക്ക്‌ ആണ്‌ യാത്ര. ഒരു രാജ്യത്തിന്റെ അന്താരാഷ്ര അതിർത്തിയിൽ പാലിക്കുന്ന എല്ലാ ജാഗ്രതയുടെയും ഗന്ധം മുറ്റി നിൽക്കുന്നു ബുംല പാസിന്റെ പരിസരങ്ങളിലും.

ചെക്ക്‌ പോസ്റ്റുകളിൽ നിന്നുള്ള പരിശോധന കഴിഞ്ഞ്‌ ‘ഒ.കെ’ ആണെന്ന് തെളിഞ്ഞാൽ പിന്നെ സൈനികരെല്ലാം വളരെ സൗഹൃദമാണ്‌ കാണിക്കുക. അവർ കാണിക്കുന്ന ആതിഥേയത്വം അക്ഷരാർഥത്തിൽ ഈ യാത്രയുടെ ഹൃദ്യമായ അനുഭവങ്ങളിലൊന്നായി മാറി. ബറ്റാലിയനിലെ പഞ്ചാബ്‌ സൈനികരെല്ലാം അവരുടെ വിശേഷ ദിവസങ്ങളിലൊന്ന് ആഘോഷിക്കുന്ന ദിവസങ്ങളിലൊന്നാണ്‌ ഇന്ന്. അതിനാൽ പല ചെക്ക്‌ പോസ്റ്റുകളിൽ നിന്നും ഞങ്ങൾക്ക്‌ ഹൽവയും ജൂസും തുടങ്ങി പല ഭക്ഷണ പദാർത്ഥങ്ങളും കിട്ടി.

പോകുന്ന വഴി പല തടാകങ്ങളും കണ്ട്‌. ബുംല പാസിൽ ഒമ്പത്‌ മണിക്ക്‌ മുൻപേ എത്തേണ്ടത്‌ കൊണ്ട്‌ തിർച്ചു വരുന്ന വഴി ഇറങ്ങാം എന്ന് ലോപ്പസാംഗ്‌ ദാദ പറഞ്ഞു. ഇടിഞ്ഞു വീണ പാറക്കഷ്ണങ്ങളും ഉരുകിയൊലിക്കുന്ന മഞ്ഞു സൃഷ്ടിച്ച വെള്ളത്തിന്റെ കുത്തിയൊലിക്കലും കൊണ്ട്‌ വഴി വല്ലാതെ മോശമായി കൊണ്ടിരുന്നു. അവയെ തഴഞ്ഞ്‌ ആ കുന്നു കയറാൻ ബൊലേറോ വല്ലാതെ വിഷമിച്ചു. ഇടയ്ക്ക്‌ കുറച്ച്‌ നേരം ഞങ്ങൾക്ക്‌ ഇറങ്ങി നടക്കേണ്ടി വരികയൊക്കെ ചെയ്തു.

ബുംല പാസ്‌- ചരിത്രത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും ഒട്ടേറെ നിയോഗങ്ങൾ പേറുന്ന ഇന്ത്യ-ചൈന പാസ്‌.

ഇന്ത്യ-ചൈന പാസുകളിലെ നാലിൽ ഒന്നായ ഈ പാസ്‌ ചൈനയെ ഇന്ത്യയുടെ വടക്കു കിഴക്കെ ഭാഗത്തെക്ക്‌ ബന്ധിപ്പിക്കുന്നു. 1962ഇലെ യുദ്ധത്തിലെ ഈ പാസും കടന്നു തവാംഗ്‌ വരെയെത്തിയിരുന്നു ചൈനീസ്‌ സൈന്യം. അ യ്ദ്ധത്തിൽ ജോഗീന്ദർ സിംഗിനെയും ജസ്വന്ത്‌ സിംഗിബെയും പോലുള്ള പല ധീര ജവാന്മാരെയും ഇന്ത്യയ്ക്ക്‌ നഷ്ടമായി. അവരെ അനുസ്മരിക്കാനെന്നൊണം സ്മാരകങ്ങൾ വഴിയുടെ ഇരുവശങ്ങളിൽ കണ്ടു. 1959ഇൽ ദലൈ ലാമയുടെ നേതൃത്വത്തിലുള്ള സംഘം ടിബറ്റിക്‌ നിന്നും രക്ഷപ്പെട്ട്‌ ഇന്ത്യയിൽ അഭയം തേടിയത്‌ ഈ പാസിലൂടെയായിരുന്നു.

സുബേധാർ സാഹിബ്‌ സിംഗ്‌ എന്ന സൈനികനായിരുന്നു ബുംല പാസിൽ ഞങ്ങളെ എതിരേറ്റത്‌.താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ടെന്റുകളിൽ പല സൈനികരും ഉണ്ട്‌. ചില പ്രത്യേക സ്ഥലങ്ങൾ കാണിച്ചു അവയുടെ ഒന്നും ഫോട്ടോ എടുക്കരുത്‌ എന്ന് സുബേധാർ സർ പറഞ്ഞു.വേണമെങ്കിൽ ചൈനയുടെ എത്ര ‘വേണമെങ്കിൽ ഫോട്ടോ എടുത്ത്‌ ഫേസ്ബുക്കിൽ ഇട്ടോളൂ’ എന്നു പറഞ്ഞു അദ്ധേഹം ചിരിച്ചു. ബുമ്ല പാസ്‌ ഇന്ത്യയിൽ നിന്നും ചൈനയിലേക്കുള്ള വഴിയാണ്‌. അതിർത്തിയിലേക്ക്‌ പോകുന്ന വഴി എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും കലാ-സാംസ്കാരിക ഔന്നത്യങ്ങൾ വിളിച്ചോതുന്ന ഫ്ലക്സുകൾ സ്ഥാപിച്ചിട്ടുണ്ട്‌. കേരളത്തിന്റെയും ഗുജറാത്തിന്റെയും അരുണാചൽ പ്രദേശിന്റെയും ഫ്ലക്സുകളുടെ സമീപം നിന്ന് ഞങ്ങൾ ഫോട്ടോ എടുത്തു.

‘ഹീപ്പ്‌ ഓഫ്‌ സ്റ്റോൺസ്‌’ , ‘റോക്ക്‌ ഓഫ്‌ പീസ്‌’ എന്നീ രണ്ടു പ്രതീകാത്മകമായ ഇൻസ്റ്റലേഷനുകൾ ബുംല പാസിലുണ്ട്‌. ഇന്ത്യ-ചൈന സാഹോദര്യം സൂചിപ്പിക്കുന്നവയാണിത്‌. ചൈനയിലെ ഏറ്റവും അടുത്തുള്ള സൈനിക പോസ്റ്റും നാൽപത്തഞ്ചു കി.മീ അകലെയുള്ള ചൈന നഗരത്തിലേക്കുള്ള വഴിയും സുബേധാർ സർ കാണിച്ചു തന്നു. പത്തു മീറ്ററോളം ചൈനയുടെ ഭൂമിയിലൂടെ ഞങ്ങൾ നടന്നു (പാസ്‌ പോർട്ടും വിസയും ഇല്ലാതെ 😉 )

സൈനിക ക്യാമ്പിൽ നിന്ന് കാപ്പി കഴിച്ചു ഞങ്ങൾ മാധുരി ലെയ്ക്ക്‌ ലക്ഷ്യമാക്കി ഇറങ്ങി.

തവാംഗിന്റെ കുളിരും സൗന്ദര്യവും ഒരു ബിന്ദുവിൽ ആരോപിച്ചതാണ്‌ ഈ തടാകം. ‘കൊയ്‌ല’ എന്ന ഹിന്ദി പടത്തിലെ ഒരു പാട്ടു ചിത്രീകരിച്ചത്‌ ഇവിടെയാണ്‌ പോലും. അതിനു വേണ്ടി മാധുരി ദീക്ഷീത്‌ ഇവിടെ വന്നതിന്‌ ശേഷമാണത്രേ ഈ തടാകം ‘മാധുരി ലെയ്ക്ക്‌’ എന്ന് അറിയപ്പെടാൻ തുടങ്ങിയത്‌. ‘സാംഗ്‌ സക്തർ’ എന്ന കിടിലോൽക്കിടിലൻ പേരാണ്‌ ഇവൾക്ക്‌ സ്വന്തമായുള്ളത്‌.

‘കണ്ടതിൽ വെച്ച്‌ ഏറ്റവും മനോഹരമായ സ്ഥലമേത്‌’ എന്ന് നായകൻ നായികയോട്‌ ചോദിക്കുമ്പോൾ ‘തവാംഗ്‌’ എന്ന ഉത്തരത്തിന്റെ മുഴുവൻ ഊർജ്ജവും പ്രവഹിച്ചത്‌ ഈ തടാകത്തിന്റെ എല്ലു നുറുങ്ങുന്ന കാറ്റിൽ നിന്നായിരിക്കണം. വസന്തകാലത്ത്‌ ഈ തടാകം മനോഹരമായ പൂക്കളാൽ നിറയുമത്രേ. പൂക്കൾ നിറഞ്ഞ വസന്തവും മഞ്ഞു പെയ്യുന്ന ശൈത്യവും നഷ്ടക്കിയ ഈ വേനലിലും ഇവിടെ നിൽക്കുവാൻ തെല്ലൊന്നു പണിപ്പെടണം; കൂട്ടിനൊരു കാമുകി ഇല്ലെങ്കിൽ.

‘മാധുരി ലെയ്ക്കി’നെ മറ്റൊരു കൗതുകകരമായ കാര്യം ഇതിന്റെ പിറവിയാണ്‌. ആടുകളും മാടുകളും മേഞ്ഞിരുന്ന വിശാലമായ ഒരു പുൽമേടായിരുന്നു ഇത്‌. ഒരു ഭൂകമ്പാനന്തരം പിറവി കൊണ്ടതാണ്‌. നാലു പാടും ഉയരമുള്ള പർവ്വതനിരകളാൽ ചുറ്റപ്പെട്ട ഈ തടാകക്കരയിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ തന്നെ ടാക്സി വല്ലാതെ കഷ്ടപ്പെട്ടിരുന്നു.

ഓവർക്കോട്ടും ഷാളും ഒന്നും തന്നെ തണുപ്പിന്റെ കടുപ്പം കുറച്ചില്ല. കോട ഇറങ്ങാൻ തുടങ്ങിയിരിക്കുന്നു. അൽപ്പം കഴിഞ്ഞപ്പോൾ തടാക്ഠ്തിന്റെ ദൃശ്യം മൊത്തം മറക്കും വിധം കോട നിറഞ്ഞു. അൽപ്പം ആശ്വാസം എന്നോണം സൈനിക ക്യാന്റീനിൽ നിന്ന് ചൂടുകാപ്പി കുടിച്ചു.

തിരികെ പോരാൻ നേരം മഴ ചാറി തുടങ്ങിയിരുന്നു. ഞാനും ഡുയുവും മഴചാറ്റലിന്റെ കുളിരും കൂടി പേറിയാണ്‌ ടാക്സിയിൽ തിരിച്ചു കേറിയത്‌. കയറ്റങ്ങളും ഇറക്കങ്ങളുമായി ടാക്സി മുന്നോട്ട്‌ പോയിക്കൊണ്ടിരുന്നു. പിന്നെ നിന്നത്‌ ‘സൊ’ ലെയ്ക്കിലാണ്‌. തവാംഗ്‌ എന്ന് നെറ്റിൽ അടിച്ചപ്പോൾ തെളിഞ്ഞു വന്നത്‌ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഈ തടാകത്തിന്റെ ദൃശ്യമായിരുന്നു. ഒരു കിലോമീറ്ററിലധികം ചുറ്റളവുള്ള ആ തടാകത്തിനു ചുറ്റും ഞാനും ഡുയുവും നടന്നു. അതിന്റെ ഒരു വശത്ത്‌ തടാകത്തിൽ പൊന്തിനിൽക്കുന്ന ബുദ്ധവിഗ്രഹം കണ്ടു. അതിനോട്‌ ചേർന്നു ഒരു ഒറ്റമരപ്പാലവും. ആവേശം മൂത്ത്‌ പാലം കടക്കാൻ തുടങ്ങി ഞങ്ങൾ രണ്ടാളും. ഡുയു വളരെ വേഗം മറു കര എത്തി. അങ്ങോട്ടും ഇങ്ങോട്ടും പോവാൻ പറ്റാത്ത ഒരു അവസ്ഥയിലായിരുന്നു ഞാൻ അപ്പോൾ. തടാകത്തിൽ വീണാൽ ‘സീൻ കോണ്ട്രാ’ ആവുമല്ലൊ എന്നൊക്കെ ഓർത്ത്‌ പ്രാണരക്ഷാർത്ഥം ഉമ്മാനെ വിളിച്ചു പോയി. ഒടുവിൽ ഡുയു ഒരു നീളൻ കമ്പു നീട്ടി. അതു കുത്തിപിടിച്ചു അപ്പുറത്തെത്തി.

നടന്നു നടന്ന് വണ്ടിയുടെ അടുത്തെത്തിയപ്പോൾ അനീഷും അയ്യറും വേറെ ചില യാത്രക്കാരോട്‌ സംസാരിച്ചു നിൽക്കുന്നത്‌ കണ്ടു. ന്യാസ വർഗ്ഗത്തിലുള്ള അരുണാചൽ പ്രദെശിലെ വേറെ ചില ആളുകൾ ആണ്‌ ഞങ്ങളുടെ അഭ്യർത്ഥന പ്രകാരം അവരുടെ പ്രദേശത്തുള്ള സംഘനൃത്തം കളിച്ചു.’ വീണ്ടും കാണാം’ എന്നു പറഞ്ഞു പിരിഞ്ഞു ഞങ്ങൾ തിരിച്ചുള്ള യാത്ര തുടങ്ങി. പോരുന്ന വഴി പല ചെറിയ തടാകങ്ങളും കണ്ടു. ചിലതിന്റെ ഓരങ്ങളിലൊക്കെ ലോപ്പസാംഗ്‌ ദാദ വണ്ടി നിർത്തി തന്നു. ഫോട്ടോ എടുത്തും കുറ്റിക്കാടുകളിലും മഞ്ഞു കട്ടകളിലും മൂത്രമൊഴിച്ചും ഞങ്ങൾ യാത്ര തുടർന്നു.

സൈനികരുടെ ഷൂട്ടിംഗ്‌ പരിശീലനം കാണാനുള്ള ഭാഗ്യവും ഞങ്ങൾക്കുണ്ടായി. വെടിയുതിർക്കുന്നതും മറ്റും നേരിട്ട്‌ കണ്ട്‌ സൈനികരോട്‌ കൈ വീശി കാണിച്ചു ആ ബൊലേറോ മലയിറങ്ങി തവാംഗ്‌ ടൗണിലെത്തി.

മൂന്നു ദിവസം സ്റ്റേ ഉണ്ടെന്ന് നേരത്തെ പറയാത്തത്‌ കൊണ്ട്‌ ഇന്നു ഞങ്ങൾക്ക്‌ റൂം വിട്ടു കൊടുക്കണം. എന്തോ മാസ്‌ ബുക്കിംഗ്‌ നടന്നിട്ടുണ്ട്‌.ഒടുവിൽ ലോപ്പസാംഗിന്റെ സുഹൃത്തിന്റെ ഹോട്ടലിൽ റൂം കിട്ടി. സമയം മൂന്നു മണി ആയിട്ടേ ഉള്ളൂ.

ഔദ്യോഗികമായി യാത്ര ഇന്നത്തോടെ തീരുകയാണ്‌. ഇനി മടക്കയാത്രയാണ്‌. അതിന്റെ ആലസ്യവും നിരാശയും എല്ലാവരുടെ മനസ്സിലും കണ്ടു.  ടി.വി കണ്ടും ഉറങ്ങിയും തെരുവുകളിലൂടെ നടന്നും സൗഭാഗ്യദിനങ്ങൂടെ ക്ലൈമാക്സ്‌ നുകരാൻ ശ്രമിക്കുകയാണ്‌ എല്ലാവരും. ‘ഇൻ ടു ദി വൈൽഡ്‌’ എന്ന സിനിമ ഞാനും കാണാനിരുന്നു.

നാളെ രാവിലെ 5.30 നാണ്‌ മടക്ക വണ്ടി.

കലാശക്കൊട്ടു അവസാനിച്ചത്‌ ഇത്രയും മനോഹരസ്ഥലത്തായത്തിന്റെ സാഫല്യത്തിൽ എല്ലാവരും ഉറങ്ങാൻ കിടന്നു. ഹാ! തവാംഗ്‌! അസ്ഥികളിൽ പ്രണയവും പേറി ഇനിയും ഈ മലകൾ താണ്ടി ഞങ്ങൾ വരും.പണിതു കൊണ്ടിരിക്കുന്ന ബുദ്ധന്റെ ഭീമാകാരമായ പ്രതിമ ആ മോഹത്തിന്‌ അനുഗ്രഹം ചൊരിയുന്നതായി തോന്നി.

ദൈവത്തിന്‌ സ്തുതി; ഇത്രമേൽ ജീവിപ്പിച്ചതിന്‌, ഈ കാഴ്ചയ്ക്ക്‌ കണ്ണിൽ വെളിച്ചം വിതറിയതിന്‌.

Advertisements

എഴുത്താളർ: Falah Kulikkiliyad

a simple friendly man from a valluvanadan village.. now doing mbbs at thrissur medical college..

2 thoughts on “പ്രണയപൂർവ്വം തവാംഗിന്‌ (പത്തൊമ്പതാം ദിവസം) ‌

  1. നല്ല ഭാഷ.എഴുതിത്തെളിയാന്‍ ഇട വരട്ടെ

    • ഒന്നു നടന്നു പോയി എന്നു വിചാരിച്ചു. പുതിയ പോസ്റ്റും വായിച്ചു എന്നറിയുന്നതിൽ അതിയായ ആഹ്ലാദം. ആശംസയ്ക്ക്‌ ഒരുപാട്‌ കടപ്പെട്ടിരിക്കുന്നു..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w