ഇട്ട്ല്

ഇടവഴി എന്നതിന്റെ ഒരു പ്രാദേശിക പേരാണ് ഇട്ട്ല് . പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിൽ തന്നെ ഈ പദം വ്യത്യസ്ത രൂപങ്ങളിൽ അറിയപ്പെടുന്നു . ഇട്ടിലി ,ഇട്ട്ലി എന്നൊക്കെ പല സ്പെല്ലിങ്ങുകൾ ഉൾക്കൊള്ളുന്ന ഈ പദം ,എന്റെ ഭൂതകാലത്തിന്റെ സാക്ഷിയാണ് .മുറുമുറുപ്പും നിരാശയും അടക്കം പറച്ചിലും അമർത്തിച്ചിരികളൂം തുടങ്ങി ഒരൂട്ടം വൈകാരികമായ പങ്കുവെക്കലുകൾ സാധാരണമായിരുന്ന ആ നാട്ടിടവഴികളെക്കുറിച്ചു അഥവാ ജീവിതത്തെ കുറിച്ച് തന്നെ … എന്റെ അക്ഷരങ്ങൾക്ക് വഴുവഴുപ്പാണ് വിധി ;അറയ്ക്കുന്ന ചീരാപ്പു ഒലിയ്ക്കുന്നതു കൊണ്ടാവാം ….


2അഭിപ്രായങ്ങള്‍

സമാന്തര രേഖകൾ കൂട്ടിമുട്ടാറില്ല

എങ്ങനെയെങ്കിലും എത്തിപ്പെടുന്ന, രചനാ മൽസരങ്ങളിലെ ഒരു മണിക്കൂർ ഹാളിനുള്ളിൽ ചെലവിടുക എന്നുള്ളത്‌ വളരെ വിഷമം പിടിച്ച ജോലിയായി തോന്നാറുണ്ട്‌ പലപ്പോഴും. അങ്ങനെയൊരു മാനസികാവസ്ഥയോടു കൂടി തന്നെയാണ്‌ സെക്കന്റ്‌ ഇയറിലെ ഫൈൻ ആർട്ട്സ്‌ ഫെസ്റ്റിലെ കഥാ രചനയിൽ എത്തിപ്പെട്ടത്‌. ഫസ്റ്റ്‌ ഇയർ എങ്ങനെയോ ‘ചക്ക വീണ്‌ മുയൽ ചത്ത’ ചരിത്രം മാത്രം പിൻബലമാക്കിയാണ്‌ ഞാൻ പേന എടുക്കുന്നത്‌.

അങ്ങനെയുള്ള ഒരു കാലം-2010 ഡിസംബർ മാസം. ഡിസംബർ മാസം എന്നു വെച്ചാൽ ഞങ്ങളുടെ ക്യാമ്പസിലെ കലാമാമാങ്കത്തിന്റെ കാലമാണ്‌. അത്തരമൊരു ഡിസംബറിലെ ഏതോ സായാഹ്നത്തിലേക്കാണ്‌ കഥ എഴുതാനായി ഞാനും നിയോഗിക്കപ്പെട്ടത്‌.

കഥ മൽസരത്തിന്റെ വിഷയം എന്താണെന്നു ഇപ്പോൾ ഓർമ്മയില്ല. പക്ഷേ, കഥയ്ക്ക്‌ ഞാനിട്ടിരുന്ന പേരു ‘കയ്യും തലയും പുറത്തിടുമ്പോൾ..’ എന്നായിരുന്നു. ഒരു ട്രയിൻ യാത്രികനായ കഥാകാരനോട്‌, മണിക്കൂറുകളോളം സംസാരിച്ചിരുന്ന 20 വയസ്സുകാരി പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതാവുന്നതായിരുന്നു പ്രതിപാദ്യ വിഷയം. കഥ തീരുമ്പോഴും പെൺകുട്ടി സീറ്റിൽ തിരിച്ചെത്തിയിട്ടുണ്ടായിരുന്നില്ല. കഥാകാരനെ ഇതൊന്നും അസ്വസ്ഥമാക്കിയില്ല. പുറം കാഴ്ചകളെ കൗതുകപൂർവ്വം നോക്കിക്കൊണ്ടിരിക്കെ,  ഒരു പട്ടിയുടെ ശവശരീരം തൊട്ടടുത്ത പാളത്തിൽ കിടക്കുന്നതും അയാൾ കണ്ടില്ല എന്നുണ്ടോ?!!

അല്ലെങ്കിലും അയാൾക്ക്‌ ആരാണ്‌ അവളും ആ കാഴ്ചകളും?!!
******************************************

കഥ തീർത്ത്‌ പുറത്തിറങ്ങിയ ഞാൻ കഥയെക്കുറിച്ചു മറന്നു. വികലമായ അവതരണം കൊണ്ടോ, ഇതിവൃത്തത്തിലെ കാമ്പില്ലായ്മ കൊണ്ടോ മറ്റോ ഈ കഥയ്ക്കു സമ്മാനങ്ങളൊന്നും കിട്ടിയതുമില്ല. അതിനാൽ ഓർത്തിരിക്കേണ്ട യാതൊരു ബാധ്യതയും ഈ കഥയെ സംബന്ധിച്ചു എനിക്കുണ്ടായിരുന്നില്ല.

രണ്ടു മാസങ്ങൾക്കു ശേഷം 2011 ഫെബ്രുവരി മാസം. അത്താഴം കഴിച്ചതിനു ശേഷം പോർട്ടിക്കോവിൽ പതിവു ‘കലാ പരിപാടി’യുമായി ഇരിക്കുകയായിരുന്നു. കാഷ്വലിറ്റി പോസ്റ്റിംഗ്‌ കഴിഞ്ഞു വന്ന ഇൻമേറ്റ്സിലാരോ പറഞ്ഞത്‌ അന്നു ഹോസ്റ്റലിൽ ചർച്ചയായി- ‘ദുരൂഹ സാഹചര്യത്തിൽ ട്രയിനിൽ നിന്നു വീണ യുവതിയെ കുറിച്ച്‌’. മൃഗീയമായ ബലാൽസംഗത്തിനു ഇരയായിട്ടുണ്ടോ എന്ന സംശയം ഉള്ളതായും അവർ പറഞ്ഞു.

അടുത്ത രണ്ടു ദിവസങ്ങളിൽ ആ കുട്ടിയുടെ മരണം പത്രത്താളുകളിൽ നിറഞ്ഞു. പോസ്റ്റ്മോർട്ടം ഞങ്ങളുടെ കോളേജിൽ വെച്ചു തന്നെ ചെയ്യപ്പെട്ടു.

അനുബന്ധ വാർത്തകളിലൊന്നിൽ എന്റെ കണ്ണുടക്കിയപ്പോൾ ഒരു നിമിഷം ഞാനും ഞെട്ടി-‘ സഹയാത്രികരിലാരോ ട്രയിനിൽ നിന്നു വീണു എന്നറിഞ്ഞിട്ടും, നിലവിളി കേട്ടിട്ടും ചെയിൻ വലിച്ച്‌ ട്രയിൻ നിർത്താൻ ശ്രമിക്കാതിരുന്ന ചില ആളുകളുടെ സംസാരങ്ങൾ അടങ്ങിയ വാർത്ത’

അല്ലെങ്കിലും അവർക്ക്‌ ആരാണ്‌ അവൾ?!! അല്ലേ!!

Advertisements


ഒരു അഭിപ്രായം ഇടൂ

എനിക്കു മൂത്രം ഒഴിക്കാൻ മുട്ടുന്നു.

സുഹൃത്തേ,ഇതൊരു അവകാശമാണോ എന്നെനിക്കറിയില്ല. പക്ഷേ, ഇതെനിക്കു സാധിച്ചേ തീരൂ..പണ്ടാരോ പറഞ്ഞതു പോലെ വെട്ടു തടുത്താലും മുട്ടു തടുക്കൂല എന്നല്ലേ?..

ഇതൊരു സുഖമാണ്‌.മൂത്രശങ്ക എന്ന പേരിൽ പറയാനരുതാത്ത ഒരു നിർവൃതി കണ്ടെത്താൻ കഴിയുന്ന ഒരു കൂട്ടം ആളുകളിൽ ഒരുവനാണു ഞാനും. മറ്റേതൊരു കാര്യത്തെയും പോലെ “എനിക്കു മൂത്രമൊഴിക്കാൻ മുട്ടുന്നു” എന്നു പരസ്യമായി ,യാതൊരു അശ്ലീലതയോ നാണമോ കൂടാതെ ഞാനും പറയാറുണ്ട്‌.

മൂത്രമൊഴിക്കൽ ഒരു ദിനചര്യയെന്നോണവും ,അസമയത്തും അസ്ഥാനത്തും ബാധിക്കുന്നതുമായ ഒരു വികാരവുമാണ്‌. നീണ്ടു നിൽക്കുന്ന ഉറക്കത്തെ കൊന്നു കൊണ്ടു മൂത്രശങ്ക വില്ലനാകുമ്പോൾ , അതിനു ശേഷമുള്ള ഉറക്കം ഇരട്ടി മധുരമുള്ളതാണ്‌.

സ്ഥിരം സ്ഥലങ്ങളിൽ,സ്ഥിരമായി മൂത്രമൊഴിക്കുന്ന ഞാൻ തുറസ്സായ സ്ഥലത്തെ കാര്യ സാധ്യവും ആസ്വദിക്കാറുണ്ട്‌, പലർക്കും മൂത്രം ഒഴിക്കാൻ സ്ഥിരം സ്ഥലങ്ങളുണ്ടെന്നു സാക്ഷ്യപ്പെടുതതപ്പെട്ടിട്ടുണ്ട്‌.

ഇനി കാര്യത്തിലേക്കു വരാം. ഇങ്ങനെ ഒരു ലേഖനത്തിന്റെ ബീജം പകർന്നു കിട്ടിയതു വാർഡിൽ കണ്ട ഒരാളുടെ നടപ്പിൽ നിന്നാണ്‌. കത്തീറ്ററും യൂറിനറി ബാഗും വഹിച്ചുള്ള അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു. തുടർന്നു സംസാരിക്കാൻ തുടങ്ങി..

ഒരു ദിവസത്തോളം അടക്കി വെച്ച ഈ വികാരവുമായി ഇരുന്നതിനു ശേഷമാണു മരുമകൾ അടുത്തുള്ള ആശുപത്രിയിലേക്കെത്തിച്ചത്‌. അവിടെയുള്ള വെള്ള മാലാഖക്കൂട്ടത്തിനിടയിൽ നിന്നും ഒരാൾ അഡ്മിറ്റ്‌ ചെയ്യാൻ ആവശ്യപ്പെട്ടു.

പ്രിയപ്പെട്ട വായനക്കാരാ, ഇതാണു പ്രശ്നം… മുട്ടുന്നുണ്ട്‌;വരുന്നില്ല……

ഇത്തരമൊരു അനുഭവം എന്നെ പ്പോലെ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടാകാം. മുൻപെപ്പോഴോ നീണ്ട ബസ്സ്‌ യാത്രകളിൽ ഇങ്ങനെ ഒരു പാടു അനുഭവിച്ചിട്ടുണ്ട്‌. മുട്ടിയിട്ടും ഒഴിക്കാൻ പറ്റാത്ത അവസ്ഥ……ഇപ്പൊൾ വളരെ സുഖമാണ്‌.മുട്ടുന്നതിനൊപ്പം തൂക്കിയിട്ട സഞ്ചിയിൽ സ്വരൂപിക്കാം. ഒരു സഞ്ചി നിറയെ മൂത്രം.

എന്റെ സുഹൃത്തിനെ വിളിച്ചപ്പോൾ അവൻ പങ്കു വെച്ചതു ഈ പദസംജ്ഞയുടെ സാധ്യതയാണ്‌. മുട്ടിയിട്ടും ഒഴിക്കാൻ പറ്റാത്ത അവസ്ഥ.അയാൾ ഒരു കഥാകൃത്തായിരുന്നു.റൈറ്റേഴ്സ്‌ ബ്ലോക്കിൽ അകത്തു കുറ്റിയിട്ടിരിക്കുന്ന ഒരുത്തൻ. അയാളുടെ കഥകളിലെല്ലാം പ്രണയം പുറത്തു പറയാൻ കഴിയാത്ത കാമുകന്മാരായിരുന്നു.(ഒരു പക്ഷെ അതു അയാളുടെ ആത്മകഥ ആയിരിക്കുമോ?) എന്തായാലും ആ പദസംജ്ഞ പല ആവർത്തി പറഞ്ഞു അയാൾ പൊട്ടിച്ചിരിച്ചു. പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്കു പലതും മനസ്സിലായില്ല. കൂട്ടത്തിൽ അയാൾ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ഏതോ ഇംഗ്ലീഷ്‌ ബുക്കിനെ ക്കുറിച്ചും എന്തോ പറഞ്ഞു. ചുരുക്കത്തിൽ മൂത്രമൊഴിക്കാൻ പറ്റിയില്ലെങ്കിലും ഒരൽപ്പം തൂറിയിട്ടു എന്നു തോന്നിച്ചു.

വാർഡിൽ തനിച്ചിരിക്കുമ്പോൾ പലതും കാണാൻ രസമാണ്‌. വയസ്സൊക്കാത്ത ഒരു നവാഗതൻ തന്തയുടെ വസ്ത്രം മുള്ളി നനച്ചപ്പോൾ കാണികൾക്കു ചിരിയടക്കാനായില്ല.’കൊച്ചു കള്ളൻ, പണി പറ്റിച്ചു’ എന്ന കുസൃതി വാക്കുകളിൽ അവർ ആനന്ദം കണ്ടെത്തി. നനഞ്ഞ വസ്ത്രം മാറുന്നതിനിടയ്ക്കു ആരോ പറയുന്നതു കേട്ടു.’ഉണ്ണി മൂത്രം പുണ്യാഹം’…. ആകസ്മികമായി പുറത്തു വരുന്ന ഈ ഉണ്ണിമൂത്രങ്ങൾക്കെന്തേ ഇത്ര പുണ്യ പരിവേഷം? ഒരു പക്ഷേ ഉണ്ണികളുടെ മാത്രം ആനുകൂല്യമായിരിക്കാം അത്‌.

ശൈശവത്തിൽ അയാളുടെ മൂത്രവും പുണ്യാഹമായിരുന്നിരിക്കണം. ശൈശവം വിട്ടു ബാല്യത്തിൽ പാ നനച്ചുള്ള രാത്രികൾ അയാൾക്കും സ്വന്തമായിരുന്നിരിക്കണം. അപ്പോഴൊന്നും തന്നെ ആരെ കളിയാക്കിയതായി ഓർമ്മയില്ല. പിന്നീടെപ്പോഴാണു പായിൽ മൂത്രമൊഴിച്ചതിനു തനിക്കു അപമാനം സഹിക്കേണ്ടി വന്നത്‌?ഒരു പക്ഷേ, കാലം തെറ്റി ചെയ്യുന്നതു എല്ലായിടവും കുറ്റമായിരിക്കാം….

സ്കൂൾ കാലഘട്ടത്തിലെ മൂത്രം ഉങ്ങിന്റെ ഓർമ്മളോടൊപ്പം വിരാജിക്കുന്നു.ടാറിടാത്ത റോഡുകളും പറങ്കിമാവിൻ തോട്ടങ്ങളും പിന്നെ പോക്കരാക്കയുടെ പെട്ടിക്കടയും മാത്രം ഉള്ള ഒരു നാട്ടിൻപുറ എൽ.പി സ്കൂളിലെ മൂത്രപ്പുരക്കു ഉങ്ങിൻ ചുവടിന്റെ തന്നെ വലിപ്പം ധാരാളമാണ്‌.

രണ്ട്‌ ഉങ്ങുകളാണുള്ളത്‌. ഒന്നു ആൺകുട്ടികൾക്കും മറ്റൊന്നു പെൺകുട്ടികൾക്കും. ആരുടെ മൂത്രരേഖയാണു ഏറ്റവും നീളത്തിൽ പോവുക എന്നു പറഞ്ഞു ഞങ്ങൾ പരസ്പരം മത്സരിച്ചു. പന്തയം വെച്ചു. പന്തയത്തിൽ തോറ്റവർ, പോക്കരാക്കയുടെ പീടികയിൽ നിന്നു പുളിഞ്ചിയും അച്ചാറും വാങ്ങിക്കൊടുക്കേണ്ടി വന്നു.

കാലത്തിനതീതമായി ജിജ്ഞാസയുള്ളവർ, അപ്പുറത്തെ ഉങ്ങിനടിയിലേക്കു എത്തി നോക്കി. പാവാട മാടി ഇരുന്നു മൂത്രമൊഴിച്ച പെൺകുട്ടികളാരും അതു കണ്ടിട്ടുണ്ടാവില്ല.

കാലത്തിനൊപ്പം സ്കൂളും വളർന്നു ഹായ്‌ സ്കൂളിലെതിയപ്പോൾ തോടിന്റെ ഓരമായി മൂത്രമൊഴിക്കുന്നിടം. നാലായിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിലെ ലാറ്റ്രിനും റ്റാപ്പുകളും തികയാതെ വന്നപ്പോൾ തോട്ടിലേക്കിറങ്ങിയ ഭൂരിഭാഗത്തിൽ ഞാനും ഉണ്ടായിരുന്നു. തോടിന്റെ ഉത്ഭവങ്ങളിൽ ഞങ്ങൾ മൂത്രമൊഴിച്ചു വെള്ളം കൂട്ടിയപ്പോൾ, താഴെ ഒഴുക്കൻ വെള്ളത്തിൽ കുറേ പേർ ചോറ്റു പാത്രം കഴുകുകയും കുൽക്കുഴിയുകയും ചെയ്യുന്നുണ്ടായിരുന്നു. പരസ്യമായ ഈ രഹസ്യം എല്ലാവരും അറിഞ്ഞിട്ടും ആരും ശീലങ്ങളിൽ മാറ്റം വരുത്തിയില്ല.

ബയോളജി ക്ലാസ്സുകളിൽ മൂത്ര വ്യവസ്ഥ പഠിപ്പിച്ചപ്പോൾ അനുബന്ധമായി ടീച്ചർ ബോർഡിൽ വരച്ച മൂത്രനാളത്തെ നോക്കി ചിരിയടക്കാൻ പാടു പെട്ടു.പ്രായപൂർത്തി ആയപ്പോൾ പലരും കൈ മാറിയ അനൗദ്യോഗിക വിജ്ഞാനത്തിൽ മൂത്രനാളം സ്ഥിരം വിഷയമായി.

പിന്നീട്‌,ഹൊസ്റ്റെലിൽ കിട്ടിയ റാഗ്ഗിംഗ്ങ്ങിൽ മൂത്രനാളത്തിന്റെ ഉപയോഗത്തെ ക്കുറിച്ചു ചോദിച്ചപ്പോൾ ഒരു വിരുതൻ ‘മൂത്രമൊഴിക്കൽ’ മാത്രം മറന്നു പോയതും ഓർമ്മകളാണ്‌.

സുഹൃത്തേ,ഗുപ്തമായ ഈ അവയവം എന്നും ഒരു പ്രശ്നമാണ്‌. ജാലകവാതിലിലൂടെ നോക്കിയപ്പോൾ ഒരു മധ്യവയസ്ക്കൻ പിന്തിരിഞ്ഞു മൂത്രമൊഴിക്കുന്നതു കണ്ടു. അയാളെന്നെയും കണ്ടു. പക്ഷേ,അസ്വാഭാവികമായതു ഒന്നും സംഭവിക്കാത്ത മട്ടിൽ അടുത്ത നിമിഷവും കടന്നു പോയി. ഇങ്ങനെ കണ്ടതു ഒരു സ്ത്രീയെ ആണെങ്കിലോ? അല്ലെങ്കിൽ തന്നെ ഒരു സ്ത്രീയെ ഇങ്ങനെ കാണാനൊക്കുമൊ? സംസാരത്തിനിടക്കു ഒരു സ്ത്രീ ബൈ സ്റ്റാൻഡർ ടോയ്ലറ്റ്‌ ലക്ഷ്യമാക്കി ഓടുന്നതു കണ്ടു. തീർച്ചയായും അവർക്കും മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ടാവും.

വിഷം കഴിച്ചു വന്ന ഒരുത്തൻ ബെഡിൽ മൂതമൊഴിച്ചു എന്നു പറഞ്ഞു കേട്ടു. ഡോ.റുസ്താൻ അതിന്റെ ബയൊളജിക്കൽ ആയിട്ടുള്ള കാര്യങ്ങളെ ക്കുറിച്ചു വിശദീകരിച്ചു തന്നു. ഒരു പക്ഷെ, ബാല്യ കാലത്തിനു ശേഷം ചീത്ത കേൾക്കാതെ പായിൽ മൂത്രമൊഴിച്ചതു ഇപ്പോഴായിരിക്കും. വിഷം കഴിച്ചവർക്കു അങ്ങനെ ഒരു ഭാഗ്യം ഉണ്ടല്ലേ?

വാർഡിലെ റ്റി.വി യിൽ ഒരു ഇംഗ്ലീഷ്‌ പടം ആർക്കോ വേണ്ടി ഓടുന്നുണ്ടായിരുന്നു. രണ്ടു യുവാക്കളിൽ ഒരുവൻ,ചെറുവിരൽ ഉയർത്തിക്കാട്ടി അയാം ഗൊന്നാ പിസ്സ്‌ എന്നു പറഞ്ഞു. റ്റി.വി യിലെ സീൻ കൾ മാറിക്കൊണ്ടിരുന്നു.

തിയ്യെറ്റരിലെ മൂത്രപ്പുരകളെ ക്കുറിച്ചു ആലോചിച്ചതു സ്വഭാവികമായിരിക്കും. അഞ്ചു മിനിട്ടുകൾക്കുള്ളിൽ ഇത്രയും പേർ സുഖാനുഭൂതി കണ്ടെത്തുന്ന ഇടം വേറെയില്ല. അടക്കിപ്പിടിച്ചു വെച്ചു പുറത്തു വിടുന്ന മൂത്ര സുഖം ഒരു പരിധി വരെ മറ്റേതൊരു സുഖത്തിനും അപ്പുറമാണ്‌. മൂക്കിലേക്കടിച്ചു കേറുന്ന നാറ്റം ലഹരിയാക്കി ഒരു പാടു സിനിമ പ്രേമികൾ മൂത്രമൊഴിച്ചുകൊണ്ടിരുന്നു.

ബസ്സ്‌ സ്റ്റാന്റിലെയും റെയിൽ വേ സ്റ്റേഷനിലേയും മൂത്രപ്പുരകൾ ‘പേയ്ഡ്‌ ആന്റ്‌ യൂസ്‌’ കളാണ്‌. കൊടുക്കുന്ന പണത്തിനു തത്തുല്ല്യമായി മേൽപ്പറഞ്ഞ ലഹരിയും നുകരാനെന്നോണവും ഒരു കൂട്ടം പുരുഷരും സ്ത്രീകളും വെവ്വെറെ മൂത്രമൊഴിച്ചു കൊണ്ടിരുന്നു.

ഇതിലൊന്നും താൽപ്പര്യം ഇല്ലാത്ത മറ്റൊരു കൂട്ടം ആളുകൾ മുണ്ടു മടക്കി ക്കുത്തി വഴിയോരങ്ങളിൽ സുഖം കണ്ടെത്തി. ‘ഇവിടെ മൂത്രം ഒഴിക്കരുത്‌’ എന്ന ബോർഡിനു മുകളിൽ തന്നെ മൂത്ര ഗന്ധം മുറ്റി നിന്നു.

വരിവരിയായി നിന്നു, ഐക്യത്തോടെ മൂത്രമൊഴിച്ച ഒരാൾക്കൂട്ടം ഒരു ഫോട്ടോഗ്രാഫർ ക്കും വിരുന്നൂട്ടി. അവരുടെ പൃഷ്ഠം ഒരുമിച്ചു ക്യാമറയിൽ പകർത്തിയപ്പോൾ അയാൾ നിർവൃതി കൊണ്ടു ആനന്ദം പൂണ്ടു. ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ ആയി മെയിൽ ക്കുറ്റിയിലേക്കു ഒരു പട്ടി മൂത്രമൊഴിക്കുന്നുണ്ടായിരുന്നു. ഒരു പാടു ദൂരം മൂത്രത്തിനും താണ്ടാനുണ്ടെന്നു അതു ഓർമ്മിപ്പിച്ചുവോ?

അയാൾ അവസാനിപ്പിച്ചതു ഏതോ ഒരു ഡോക്റ്റരെ ഓർമ്മിച്ചാണ്‌. അയാളുടെ ഈ മുട്ടലിനു പരിഹാരമെന്നോണം കത്തീറ്റരും യുറീനറി ബാഗും ഇട്ടു കൊടുത്ത ആൾ. നന്ദി പറയാൻ അങ്ങേരെ വിളിച്ചപ്പോൾ ഡയലർ ടോണിനു പകരം കേട്ടതു ഇതാണ്‌.”താങ്ക്‌ യു ഫോർ കാളിംഗ്‌ ഡോ.റുസ്താൻ”

പ്രിയപ്പെട്ട വായനക്കാരാ നന്ദി.. എനിക്കു മൂത്രമൊഴിക്കാൻ മുട്ടുന്നു.