ഇട്ട്ല്

ഇടവഴി എന്നതിന്റെ ഒരു പ്രാദേശിക പേരാണ് ഇട്ട്ല് . പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിൽ തന്നെ ഈ പദം വ്യത്യസ്ത രൂപങ്ങളിൽ അറിയപ്പെടുന്നു . ഇട്ടിലി ,ഇട്ട്ലി എന്നൊക്കെ പല സ്പെല്ലിങ്ങുകൾ ഉൾക്കൊള്ളുന്ന ഈ പദം ,എന്റെ ഭൂതകാലത്തിന്റെ സാക്ഷിയാണ് .മുറുമുറുപ്പും നിരാശയും അടക്കം പറച്ചിലും അമർത്തിച്ചിരികളൂം തുടങ്ങി ഒരൂട്ടം വൈകാരികമായ പങ്കുവെക്കലുകൾ സാധാരണമായിരുന്ന ആ നാട്ടിടവഴികളെക്കുറിച്ചു അഥവാ ജീവിതത്തെ കുറിച്ച് തന്നെ … എന്റെ അക്ഷരങ്ങൾക്ക് വഴുവഴുപ്പാണ് വിധി ;അറയ്ക്കുന്ന ചീരാപ്പു ഒലിയ്ക്കുന്നതു കൊണ്ടാവാം ….


2അഭിപ്രായങ്ങള്‍

വഴികളുടെ വാരിയെല്ലുകൾ

രണ്ട്‌ കുന്നുകൾ. കുന്നിറങ്ങുന്ന മഴത്തുള്ളികൾ സംഗമിച്ച്‌ ഒരു പുഴയുണ്ടാവാനുള്ള സാധ്യതയുണ്ട്‌. എന്നാൽ ഇവിടെയുള്ളത്‌ രണ്ട്‌ ചെറിയ തോടുകളാണ്‌. ഓരോ കുന്നിന്റെയും ഓരങ്ങൾ ചേർന്ന്, സമാന്തരമായി അവ ഒഴുകിക്കൊണ്ടിരുന്നു. അവയുടെ കൈവഴികൾ കുന്നുകൾക്കിടയിലുള്ള പാടത്ത്‌ നനവു പടർത്തി. മിച്ചം വന്ന ജലത്തുള്ളികൾ പരസ്പരം ആലിംഗനം ചെയ്തു താഴോട്ടൊഴുകി. കരിമ്പുഴയും തൂതപ്പുഴയും പിന്നെ ഭാരതപ്പുഴയും കടന്നെത്താൻ വേണ്ട ജാതകം ഓരോ ജലത്തുള്ളിയും പേറിയിരുന്നു.

നനവു പടർന്നിരുന്ന ആ പാടത്ത്‌ നെല്ല് വിതക്കപ്പെട്ടിരുന്നു. ദാഹം മാറ്റിയ കണ്ടങ്ങൾ പലതും പച്ച വിരിച്ചു തുടങ്ങി. വിരിപ്പും മുണ്ടകനും, ചുരുക്കം ചിലർ പുഞ്ചയും വിതച്ച്‌ കലണ്ടർ ഭാഗിച്ചു. നാടിന്റെ അകങ്ങളിലും പുറങ്ങളിലും ചേറു മണത്തു. അറക്കപ്പെടാതിരുന്ന ഗോവിസർജ്ജ്യം കൊണ്ട്‌ മുറ്റം മെഴുകി. പണിയെടുത്തു ജീവിച്ച പലരിലുടെ ദേഹത്തും, വിയർപ്പു വറ്റിയപ്പോൾ പതിരുകൾ പറ്റിച്ചേർന്നു. കിളിവാതിലുകളിലൂടെയും മൂലോടുകൾക്കിടയിലൂടെയും വീടുകളിൽ കടന്ന പതിരുകളിൽ ചിലത്‌ ഉറക്കങ്ങളെ ചൊറിഞ്ഞു കൊണ്ടിരുന്നു. കല്ല്യാണാലോചനകൾക്ക്‌ വൈക്കോൽ കൂനകൾ ഏകദമായി മാറി.

വീടുകളിൽ മിക്കതും ഐക്യസ്വഭാവം പുലർത്തി. അടുക്കളയും ഇടവഴിയും കോലായയും രണ്ട്‌ മുറികളും പിന്നെ ഒരു വരാന്തയും-ഇതായിരുന്നു ഒരു ഇടത്തരം വീട്‌. മുറികളിലൊന്ന് പത്തായം നിറഞ്ഞ ഇരുട്ടറയാണ്‌. ചുരുക്കം ചില വീടുകളിൽ ഒറ്റ മുറിയുള്ള തട്ടിൻപുറവും കണ്ടിരുന്നു. ആവശ്യത്തിനനുസരിച്ച്‌ തൊഴുത്തും കൊട്ടിലും കാണപ്പെട്ടു.

എന്തായാലും അലിഖിതമായ ഈ ഐക്യ ഘടനയിൽ ജീവിച്ചു പോയിരുന്ന രണ്ടു വീടുകൾ ആ നാട്ടിലുണ്ടായിരുന്നു. ഒരു കുന്നിൽ നിന്നു മറ്റേ കുന്നിലേക്കുള്ള രണ്ടു വരമ്പുകൾ പോയിരുന്നത്‌ ഈ രണ്ടു വീടുകളിലേക്കായിരുന്നു.

വരമ്പുകളുടെ ഇടയിലുള്ള കാഴ്ചകൾ നാൾക്കു നാൾ പരിണമിച്ചു കൊണ്ടിരുന്നു. പരന്നു കിടന്നിരുന്ന നെൽപ്പാടങ്ങളായിരുന്നു ആദ്യം. പിന്നീട്‌, വഴിനടത്തക്കാരുടെ കുപ്പായങ്ങളിൽ കറ പുരട്ടാനെന്നോണം വാഴത്തോപ്പുകൾ ചിരി തൂകി. തോടുകളിലെ കൈ വഴികൾ ഒറ്റയിരുപ്പിൽ ഒലിച്ചു പോയത്‌ ഈ തോപ്പുകളിലൂടെയായിരുന്നു. അൽപ്പകാലത്തിനു ശേഷം, ‘ഒറ്റാന്തടിയയൻ അത്ഭുതമായ’ കവുങ്ങിലേക്കു മാറി, കണ്ടങ്ങളിൽ പലതും. അവയിലെ ഇടിയേറ്റു പോവാത്ത കവുങ്ങുകളിലെല്ലാം കുരുമുളകു പടർത്തി നാട്ടുകാർ ലാഭം കണ്ടു. വെള്ളം കാണാത്ത ചാലുകൾ അവയ്ക്കിടയിലൂടെ നീണ്ടു നിവർന്നു കിടന്നു. ദീർഗ്ഘദർശ്ശിയായ നാട്ടുകാരുടെ ചില ആസൂത്രണങ്ങൾക്കൊടുവിൽ കവുങ്ങുകൾക്കു പകരം തേക്കും മഹാഗണിയും രംഗത്ത്‌ വന്നു.

മാറ്റം കൃഷികൾക്കു മാത്രം പോര എന്ന തോന്നലിൽ വരമ്പുകളുടെ വീതി കൂടിത്തുടങ്ങി. വരമ്പുകൾക്കിടയിലെ കണ്ടം അനൗപചാരികമായി നികത്തപ്പെട്ടു. ഗ്രാമസഭകളൊന്നും കൂടാതെത്തന്നെ ആ കുന്നുകളെ ബന്ധിപ്പിച്ചു സമാന്തരമായുള്ള രണ്ട്‌ റോഡുകൾ വന്നു. ഓരോന്നും ഓരോ വീടുകളിലേക്കു വെളിച്ചം കണ്ടു. തെരഞ്ഞെടുപ്പുകൾ അടുക്കാറായപ്പോഴേക്കും വരമ്പുകളുകളുടെ ജീവിതം തന്നെ അറ്റു. ചെമ്മൺ പാത കറുത്ത കോട്ടണിഞ്ഞു.

ബാനറുകൾക്കും ഫ്ലെക്സുകൾക്കും പഞ്ഞമുണ്ടായില്ല. വഴികളുടെ നിഴലുകളായി അവ സസുഖം വിരാജിച്ചു.

നാട്‌ വികസിച്ചു..

**********************************************************

ഈ ചരിത്രത്തിൽ വിവരിച്ച രണ്ടു വരമ്പുകളുണ്ടല്ലോ. അവ ഓരോന്നും ചെന്നു കയറിയത്‌ ഓരോ വീടുകളിലേക്കായിരുന്നു.

വരമ്പുകളുടെ കാലത്ത്‌, ഒന്നാമത്തെ വീട്ടിൽ ഒരു പെൺകുട്ടി പിറന്നു. പൂട്ടിയ കണ്ടത്തിന്റെ ചേറിൽ വീണാണ്‌ അവൾ നടക്കാൻ പഠിച്ചത്‌. ദേഹനിറത്തോടു വേർത്തിരിച്ചറിയാത്ത കളിമണ്ൺ ഇടയ്ക്കും തലയ്ക്കും അവളുടെ വായിലെത്തി. പല്ലു മുളച്ചതും പൊഴിഞ്ഞതും  വീണ്ടും മുളച്ചതും നോക്കി, വീടിനു മുമ്പിലെ വാഴക്കന്നുകൾ പൂവിട്ടു. അവൾക്കു പകുത്തു വെക്കാവുന്ന പാകത്തിൽ മുടി ഉണ്ടായ കാലത്താണ്‌ വീട്ടിലേക്കു റോഡു വെട്ടുന്നത്‌. അവളുടെ വയസ്സറിയിച്ച ദിവസമാണ്‌ ടാറ്‌ ചെയ്ത റോഡിന്റെ ഉദ്ഘാടനമുണ്ടായത്‌. തുടർന്ന്, അതേ റോഡിലൂടെത്തന്നെയാണ്‌, പതിനഞ്ചു തികഞ്ഞ അവളെ അന്വേഷിച്ച്‌ ഒരു സമൂഹം വന്നതും കല്ല്യാണം കഴിച്ചതും. ‘അരുതാത്തത്‌ എന്തോ കണ്ടതാണ്‌’ അവളുടെ മരണത്തിനു കാരണം എന്നു പലരും അഭിപ്രായപ്പെടാൻ മാത്രം, അവളുടെ ദാമ്പത്യം ഒരു രാത്രിയുടെ ദൂരം സഞ്ചരിച്ചു.

രണ്ടാമത്തെ വീട്ടിലുള്ള ഇരുപതുകാരിയെ പെണ്ണു കാണാൻ, വരമ്പു ചവിട്ടി പലരും വന്നിരുന്നു. ചാണകം മെഴുകിയ മുറ്റമോ, പുരയ്ക്കു തോളോളം പൊന്തി നിൽക്കും വൈക്കോൽ കൂനയോ മാത്രം പോരും അവരുടെ കണ്ണിന്നലങ്കാരമാവാൻ എന്നറിയാതെ അവൾ കണ്ണെഴുതി. വടക്കിനിയിൽ ചായയ്ക്ക്‌ തീ പൂട്ടി. ചായ കഴിച്ചു പോയ പലരും തിരിച്ചു വരാൻ വേണ്ടി, നെൽപ്പാടങ്ങളടക്കം വഴി മാറി നിന്നു. വിരുന്നുകാർക്കായി പഴുപ്പിക്കാൻ വെച്ച പൂവൻപഴങ്ങൾ പലതും ചീഞ്ഞു തുടങ്ങി. മുറുക്കാനിടിക്കാൻ പാക്കിനായി പുറത്തിറങ്ങിയ അവളെ നോക്കി മാതാപിതാക്കൾ നെടുവീർപ്പിട്ടു. വൃക്ഷങ്ങൾക്കും, ക്രമേണ കെട്ടിടങ്ങൾക്കും വഴി മാറിക്കൊടുക്കേണ്ടി വന്ന ആ കണ്ടങ്ങളുടെ ഓരത്തിരുന്ന അവൾ കണ്ട സ്വപ്നങ്ങളിൽ മാറ്റമുണ്ടായില്ല. പ്രാരാബ്ധങ്ങൾ ചോർന്നൊലിക്കുന്ന ആ വീട്ടിലെക്കു വീഴാൻ വേണ്ടി മാത്രം ചില മരങ്ങൾ ചാഞ്ഞു വളർന്നു. ആ വീട്ടിലേക്കുള്ള റോഡ്‌ ടാറിടുന്ന ദിവസം, റോഡ്‌ റോളറെ ഒരരുകിലേക്കു മാറ്റിയിടുവിച്ച്‌, ഒരു ആംബുലൻസ്‌ തിരിച്ചു വന്നു; 35 വയസ്സുകാരിയുടെ ആത്മഹത്യാശരീരം പോസ്റ്റ്മോർട്ടവും ചെയ്തു കഴിഞ്ഞ്‌.

**********************************************************

ആ നാട്ടിലുണ്ടായ രണ്ടു റോഡുകളും ആരുടെ പേരിൽ അറിയപ്പെടണമെന്ന കാര്യത്തിൽ നാട്ടുകാർക്കിടയിൽ വലിയൊരു തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസമാണ്‌ അതിന്നൊരറുതി വന്നത്‌. റോഡുകൾ ചെന്നെത്തുന്ന വീടുകളിലെ പരേതരായ പെൺകുട്ടികളുടെ പേരും പേറി, ഓരോ ബോർഡുകൾ വഴിയ്ക്കിരു വശവും സ്ഥാപിക്കപ്പെട്ടു.

ആ നാട്ടിൽ ഇപ്പോഴും വെളിച്ചം തട്ടാത്ത ഒരിടവഴിയുണ്ട്‌. മറ്റൊരു വീട്ടിലേക്കുള്ള വഴി. അവിടെയും ഒരു പെൺകുട്ടിയുണ്ട്‌. രാവിരുളുമ്പോൾ പലരും ആ വഴിയിലൂടെ നടന്നു കൊണ്ടിരിക്കുന്നു. അവിടേക്ക്‌ ഒരു റോഡ്‌ വേണമെന്ന് ആരും ഇതു വരെ ആവശ്യപ്പെട്ടിട്ടില്ല.(ചരിത്രകാരൻ രേഖപ്പെടുത്തിയ പേര്‌, അവളുടെയാണോ നാടിന്റെയാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.)             

Advertisements