ഇട്ട്ല്

ഇടവഴി എന്നതിന്റെ ഒരു പ്രാദേശിക പേരാണ് ഇട്ട്ല് . പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിൽ തന്നെ ഈ പദം വ്യത്യസ്ത രൂപങ്ങളിൽ അറിയപ്പെടുന്നു . ഇട്ടിലി ,ഇട്ട്ലി എന്നൊക്കെ പല സ്പെല്ലിങ്ങുകൾ ഉൾക്കൊള്ളുന്ന ഈ പദം ,എന്റെ ഭൂതകാലത്തിന്റെ സാക്ഷിയാണ് .മുറുമുറുപ്പും നിരാശയും അടക്കം പറച്ചിലും അമർത്തിച്ചിരികളൂം തുടങ്ങി ഒരൂട്ടം വൈകാരികമായ പങ്കുവെക്കലുകൾ സാധാരണമായിരുന്ന ആ നാട്ടിടവഴികളെക്കുറിച്ചു അഥവാ ജീവിതത്തെ കുറിച്ച് തന്നെ … എന്റെ അക്ഷരങ്ങൾക്ക് വഴുവഴുപ്പാണ് വിധി ;അറയ്ക്കുന്ന ചീരാപ്പു ഒലിയ്ക്കുന്നതു കൊണ്ടാവാം ….


2അഭിപ്രായങ്ങള്‍

മരവിച്ചു പോവാത്ത സ്മരണകൾ,സ്മാരകങ്ങൾ (പതിനെട്ടാം ദിവസം)

തണുപ്പാണ്‌. തണുപ്പെന്നു പറഞ്ഞാൽ എല്ലിൽ കുത്തുന്ന തണുപ്പ്‌.

റൂമിലെ ഹീറ്റർ വർക്ക്‌ ചെയ്യാത്തത്‌ കൊണ്ട്‌ തണുത്ത വെള്ളത്തിൽ തന്നെ കുളിക്കേണ്ടി വന്നു. വിറച്ചു പോവുന്നതിൽ കവിഞ്ഞ്‌ ചെറിയ തലവേദൻ വരുന്നത്‌ വരെ തണുത്ത്‌ കൊണ്ടിരുന്നു.

ഇന്ത്യ-ചൈൻ അതിർത്തിയിലെ ബുമ്ല പാസ്‌ സന്ദർശ്ശിക്കുന്നതിന്‌ ഡിസ്ട്രിക്ട്‌ കളക്ടറുടെ പ്രത്യേക അനുമതി വേണം. അതിനാൽ ഇന്ന് അത്‌ സാധ്യമല്ല. കലക്ട്രേറ്റ്‌ അടുത്ത്‌ തന്നെയാണെങ്കിലും നൂലാമാലകൾ ഒഴിവാക്കാൻ പാക്കേജുകാരെ ഏൽപ്പിച്ചു. നാളെ ബുമ്ല പാസും മാധുരി ലെയ്ക്കും അടക്കം അഞ്ചു സ്ഥലങ്ങളിലേക്കുള്ള പാക്കേജിന്‌ അഡ്വാൻസും കൊടുത്തു.

തവാംഗ്‌ എന്ന സ്ഥലത്ത്‌ ചുറ്റിക്കാണാൻ ഉള്ളത്‌ ബുദ്ധമതത്തോടനുബന്ധിച്ചുള്ള സ്ഥലങ്ങളാണ്‌. 1800 രൂപയുടെ പാക്കേജിന്‌ ഈ സ്ഥലങ്ങൾ കാണിച്ചു തരാമെന്ന പാക്കേജുകാരുടെ വാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച്‌ കാൽനടയെ പ്രണയിക്കാൻ തീരുമാനിച്ചു.

കാഴ്ചപ്പുറങ്ങളിൽ ഉണ്ടെങ്കിലും തവാംഗ്‌ മൊണാസ്റ്റ്രിയിലേക്ക്‌ കുറച്ചു നടക്കാനുണ്ട്‌. തെരുവു നായകളെയും രസംകൊല്ലി മഴയെയും കുടയെന്ന അത്ഭുതം കൊണ്ട്‌ തടുത്ത്‌ മൊണാസ്റ്റ്രിയിൽ എത്തി.

ബുദ്ധമതത്തിന്റെ ആവിർഭാവവും ജീവിതരീതിയും തത്വസംഹിതകളും ഉൾക്കൊള്ളുന്ന വിവിധ മ്യൂറൽ പെയിന്റുംഗുകൾ ചുമരുകളിക്‌ നിറഞ്ഞിരുന്നു. ശ്രീബുദ്ധന്റെ ഭീമാകാരമായ വിഗ്രഹമുള്ള പ്രാർത്ഥനാ ഹാളിൽ ആത്മീയമായ അന്തരീക്ഷം തളം കെട്ടി നിന്നിരുന്നു. ഭിക്ഷുക്കളെള്ളാം ഒത്തുചേരുന്ന ഹാളിന്റെ നിലം നിറയെ പരവതാനി വിരിച്ചിരുന്നു. വനസ്പതിയിൽ ഉരുകിത്തീരുന്ന തിരികൾ വെളിച്ചം തെളിച്ചിരുന്ന അവിടേക്ക്‌ സന്ദർശ്ശകർ വന്നും പോയും കൊണ്ടിരുന്നു.

തവാംഗിലെയും അതു ഭരിച്ചിരുന്ന രാജാക്കളുടെയും ദലൈ ലാമമാരുടെയും ചരിത്രം പറയുന്ന മ്യൂസിയം തൊട്ടടുത്ത്‌ തന്നെയുണ്ട്‌. അക്കാലത്തെ ആയുധങ്ങളും പാത്രങ്ങളും വസ്ത്രങ്ങളും തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട അനവധി നിരവധി സാധനങ്ങൾ നിരന്നിരുന്നു.

ടിബറ്റൻ സംസ്കാരത്തെ കുറിച്ച്‌ ഗവേഷണം നടത്തുന്ന ഒരു സ്കൂളിൽ ഇതിനോടു ചേർന്നുണ്ട്‌. ബുദ്ധ മതത്തെ കുറിച്ചും ലാമമാരെ കുറിച്ചും വിവിധ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന അതിവിപുലമായ ലൈബ്രറിയിൽ അൽപനേരം ചെലവഴിച്ചു.

ബോധി ഭാഷയുള്ള ഒരുപാട്‌ പുസ്തകങ്ങൾ അവിടെയുണ്ട്‌. അവയെടുത്ത്‌ വായിക്കുന്ന ഫോട്ടോകൾക്ക്‌ പോസ്‌ ചെയ്ത്‌ ലൈബ്രറിയിൽ നിന്നിറങ്ങി.

ബുദ്ധ മതപ്രകാരമുള്ള ഒരു പൂജ ഒരു ബുദ്ധഭിക്ഷു ചെയ്യുന്നത്‌ നോക്കി നിന്നു.  പരിസരങ്ങളിൽ നിരവധി ഭിക്ഷുക്കൾ ഉണ്ട്‌.

ഇന്ത്യയിലെ ഏറ്റവും വലിയ മൊണാസ്റ്റ്രി ആണ്‌ ഇത്‌. ലോകത്തിലെ രണ്ടാമത്തേതും. പതിനേഴാം നൂറ്റാണ്ടിലോ മറ്റോ പണിത ഈ സ്ഥാപനം ഇന്ത്യ-ചൈന യുദ്ധം ഉൾപ്പെടെ പല പ്രമുഖ സംഭവങ്ങളുടെയും സാക്ഷിയാണ്‌.

ആറാമത്തെ ദലൈ ലാമയുടെ ജന്മസ്ഥലം തവാംഗിലാണ്‌. അൽപ്പം ദൂരെയായതിനാൽ ടാക്സി എടുക്കേണ്ടി വന്നു. വർഷങ്ങൾ പഴക്കമുള്ള ഒരു വീടിൽ ബുദ്ധമതത്തിനോട്‌ ബന്ധമുള്ള ചക്രങ്ങൾ കറങ്ങുന്നുണ്ട്‌. കാര്യമായ കാഴ്ചയില്ലാത്ത അവിടം ചരിത്രപ്രാധാന്യത്താൽ തല ഉയർത്തി നിൽക്കുന്നു.

ഇന്ത്യ-ചൈന യുദ്ധത്തിലെ രക്തസാക്ഷികളെ അനുസ്മരിക്കാനുള്ള വാർ മെമ്മോറിയൽ തവാംഗിലാണ്‌. ആ യുദ്ധത്തെ കുറിച്ച്‌ വളരെ വിശദമായി തന്നെ പ്രതിപാദിച്ച ഇവിടം ‘പാടിപ്പുകഴ്ത്തപ്പെടാത്ത ധീര ജവാന്മാരുടെ’ സ്മാരകമാണ്‌. എഴുതി വെക്കപ്പെട്ടത്‌ മുഴുവനായി വായിക്കാൻ പറ്റിയില്ലെങ്കിലും ജീവിതം തന്നെ മരവിച്ചു പോകുന്ന ഈ തണുപ്പിൽ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ആ ആത്മാക്കളുടെ സ്മരണയിൽ ഒരു നിമിഷം നിശ്ചലമായി ഞാനും.

മഞ്ഞു പെയ്തു തുടങ്ങിയിരിക്കുന്നു. ചാറ്റൽ മഴയും. ഓവർക്കോട്ട്‌ തികയുന്നില്ല. നേരം ഇരുളുന്നതിനു മുൻപേ റൂമിലേക്ക്‌ തിരിച്ചു.

കുളിരിൽ കുതിർന്ന പകൽ തെല്ലൊരു ആലസ്യം പകരാതിരുന്നില്ല. കമ്പിളി മൂടി ചൂട്‌ വലിച്ചു കുടിച്ചു

Advertisements


2അഭിപ്രായങ്ങള്‍

മധുരപ്പതിനേഴിൽ തവാംഗ്‌ (പതിനേഴാം ദിവസം)

കണ്ണു തുറന്നപ്പോൾ സായുധവാനായ ഒരു പട്ടാളക്കാരനാണ്‌ മുൻപിൽ.
“പാസ്‌!”
ഐ.എൽ.പി പാസ്‌ ആണ്‌ ആവശ്യപ്പെടുന്നത്‌. പാസും ഒപ്പം കോളേജ്‌ ഐ.ഡി കാർഡും കണ്ടപ്പോൾ അങ്ങേർ പ്രശ്നം ഉണ്ടാക്കാതെ വെറുതെ വിട്ടു.

വണ്ടി നീങ്ങുകയാണ്‌.അഗാധമായ മലഞ്ചെരുവുകളുടെ പുറംകാഴ്ചകളോടൊപ്പം തണുപ്പും അരിച്ചു വന്നു. ഓവർക്കോട്ട്‌ ബസിന്റെ ഡിക്കിയിലാണ്‌. തൽക്കാലം ഫുൾ സ്ലീവ്‌ നിവർത്തിയിട്ടു.

വളഞ്ഞും നിവർന്നും പാത നീണ്ടു. ഉറങ്ങിയും ഉണർന്നും സമയം കൊന്നു. ബോംഡില്ല എത്തുമ്പോൾ സമയം എട്ടര മണി.

ഭാഗ്യം! ബസ്‌ വൈകുമെന്നറിഞ്ഞ്‌ ഡുയുവിന്റെ സുഹൃത്ത്‌ ഞങ്ങളുടെ സുമോ പിടിച്ചിട്ടുണ്ടായിരുന്നു. അതു കൊണ്ട്‌ യാത്രക്ക്‌ മുടക്കം വന്നില്ല. കൃത്യം 8.50 ന്‌ തന്നെ വണ്ടി എടുത്തു. ബോംഡില്ലയിലെ ഡുയുവിന്റെ സുഹൃത്തിന്‌ കൈ വീശി കാണിച്ചു യാത്ര തുടർന്നു.

ബോംഡില്ല-തവാംഗ്‌ ദൂരം ഏതാണ്ട്‌ 180 കി.മീ ആണ്‌. പക്ഷേ, വണ്ടി തവാംഗിൽ എത്താൻ 8 മണിക്കൂറോളം എടുത്തു. വളരെ അപകടകരമായ റോഡുകളിലൂടെ അതിലും വേഗത്തിൽ ഓടിക്കുന്നത്‌ ആത്മഹത്യാപരമാണ്‌.

തവാങ്ങ്‌- ഒരു പക്ഷേ, ‘നീലാകാശം..’ എന്ന സിനിമ ഇറങ്ങിയില്ലായിരുന്നെങ്കിൽ ഒരുപാട്‌ പേരെപ്പോലെ ഞാനും ഈ സ്ഥലത്തെ കുറിച്ച്‌ അറിയില്ലായിരുന്നു.അത്രയേറെ ഹൈപ്‌ കിട്ടിയ സ്ഥലമായത്‌ കൊണ്ട്‌ തന്നെ ‘ഗോയിംഗ്‌ റ്റു തവാംഗ്‌’ എന്ന സ്റ്റാറ്റസിനെ പ്രതി ഒരുപാട്‌ പേർ യാത്രാ ആശംസകൾ നേർന്നു. പ്രതീക്ഷകളിലെ തവാംഗ്‌ എത്രയുണ്ടെന്ന് കണ്ടറിയണം!

യാത്രകൾ മിക്കതും സുമോയിൽ ആയത്‌ കൊണ്ട്‌ ‘ഷെയേർഡ്‌ ടാക്സി’ എന്ന സെറ്റപ്പ്‌ ആണ്‌. നമ്മുടെ കൂടെ വേറെ പലരും യാത്ര ചെയ്യാൻ ഉണ്ടാകാം. ബോറന്മാരും ഫ്രീക്കന്മാരും വെള്ളമടിക്കുന്നവരും ഈ കൂട്ടത്തിൽ കാണും. ഭാഗ്യമുണ്ടെങ്കിൽ നല്ല നോർത്ത്‌ ഈസ്റ്റ്‌ സുന്ദരികളുടെ തോളോട്‌ തോൾ ചേർന്ന് യാത്ര ചെയ്യാനുള്ള സൗഭാഗ്യം ഉണ്ടായിരിക്കും.

അത്തരമൊരു ഭാഗ്യം കൊണ്ട്‌ ദൈവം അയ്യറെ അനുഗ്രഹിച്ചു. ഒരു അരുണാചൽ സുന്ദരി തൊട്ടടുത്ത്‌ ഇരുന്നു എന്നു മാത്രമല്ല, ഇടക്കിടെ ഉറക്കം തൂങ്ങി അയ്യറുടെ തോളിൽ ചായാൻ മാത്രം ശുക്രൻ അവനെ വട്ടമിട്ടു. ചുമച്ചു ചുമച്ചു ശബ്ദമുണ്ടാക്കി ആ കുട്ടിയുടെ ഉറക്കം കളയാൻ മാത്രമേ എനിക്ക്‌ കഴിഞ്ഞുള്ളൂ. (രക്തത്തിലെ കലിപ്പ്‌ ഏതു തണുപ്പിലും തിളക്കുന്നതാവാം കാരണം!)

തണുപ്പിൽ മുങ്ങിക്കിടക്കുന്നു തവാംഗും അവിടേക്കുള്ള വഴിയും.വഴി വ്യക്തമാവാതെ കോട നിറഞ്ഞതിനാൽ നട്ടുച്ച നേരത്തും ഡ്രൈവർ ഹെഡ്‌ ലൈറ്റ്‌ ഇട്ടു. പല്ലുകൾ കൂട്ടിമുട്ടിച്ച തണുപ്പിനെ നേരിടാൻ ഞാൻ ഷട്ടർ അടച്ചു.

തവാംഗിൽ ഇറങ്ങി റൂം എടുത്തതിനു ശേഷം പുറത്തിറങ്ങി. ഏഴു മണിയാവുമ്പോഴേക്കും തവാംഗിലെ കടകൾ അടക്കുന്നു.ടൂറിസം അത്രയേറെയൊന്നും വികസിച്ചിട്ടില്ലാത്ത ഒരിടം ആണ്‌ തവാംഗ്‌. ടൂർ പാക്കേജുകൾ അങ്ങോട്ട്‌ ചെന്ന് അന്വേഷിക്കേണ്ടി വന്ന ഏക സ്ഥലവും ഇതായിരുന്നു.

വഴിക്കാഴ്ചകളിൽ സമ്പന്നമായ വെള്ളച്ചാട്ടങ്ങളോ സെല പാസോ പാക്കേജിൽ പറഞ്ഞില്ല. തവാംഗിന്റെ മുഖമായ മൊണാസ്റ്റ്രി പാക്കേജില്ലാതെ പോകാം എന്നും വെച്ചു.

തവാംഗ്‌ കന്യകയാണ്‌.


ഒരു അഭിപ്രായം ഇടൂ

സിറോ, വിട! (പതിനാറാം ദിവസം)

സിറോ വിടുകയാണ്‌.

5 മണിക്കാണ്‌ സിറോ-ഇറ്റാനഗർ വണ്ടി. നേരത്തെ എഴുന്നേറ്റു. അരുണാചൽ പ്രദേശിൽ സൂര്യോദയം 4.30 ന്‌ ആണ്‌. എല്ലാവരോടും യാത്ര പറഞ്ഞു.

ഫൈനൽ എം.ബി പരീക്ഷ കഴിഞ്ഞ്‌ ഒരു യാത്ര പോകണം എന്നു വിചാരിച്ചപ്പോൾ ഒരിക്കൽ പോലും അത്‌ ഇത്തരം യാത്രയാവും എന്നു വിചാരിച്ചിരുന്നില്ല.

യാത്രയുടെ പരമാനന്ദം ആസ്വദിച്ച ഈ മൂന്നു ദിവസത്തിന്‌ ശേഷം സ്വന്തം പോക്കറ്റിലേക്ക്‌ കയ്യിട്‌ തുടരുകയാണ്‌.

ഉറക്കം ഉണരാത്തത്‌ കൊണ്ട്‌ സുംബിയോട്‌ യാത്ര് പറയാൻ കഴിഞ്ഞില്ല. ബാക്കി എല്ലാവരെയും കണ്ട്‌ യാത്ര പറഞ്ഞ്‌ വണ്ടി ഇറ്റാനഗർ ലക്ഷ്യമാക്കി.

അപതാനിയും ആദിയും ഭാഷകളിലെ ചില പാട്ടുകൾ ഇട്ടിരുന്നു വണ്ടിയിൽ. ചിലതൊക്കെ ഞാൻ റെക്കോർഡ്‌ ചെയ്തു. അത്യാവശ്യം വളരെ മോശപ്പെട്ട റോഡാണ്‌ സിറോ-ഇറ്റാനഗർ റൂട്ടിൽ. ചളിയിൽ ആണ്ട്‌ പോയ ഒരു വണ്ടിയെ പുനരുജ്ജീവിപ്പിക്കാൻ ഡുയുവിന്‌ കൈ വെക്കേണ്ടി വന്നു.

11 മണിയോടെ ഇറ്റാനഗർ എത്തി. കടുത്ത ചൂടാണ്‌ ഇറ്റാനഗറിൽ.നീണ്ട യാത്രയുടെ ക്ഷീണം കാരണം ഇറ്റാനഗറിൽ ചുറ്റേണ്ട എന്നു വെച്ചു.

ഡുയുവിന്റെ രണ്ടാമത്തെ ചേട്ടന്റെ റൂം ഉണ്ട്‌ ഇറ്റാനഗറിൽ. അവിടെ നിന്ന് പ്രാഥമികകൃത്യങ്ങളും വിശ്രമിക്കലും ആയി മൂന്നര മണിയാക്കി.

പോകാൻ നേരം ഡുയുവിന്റെ മുത്തശിയെയും മുത്തച്ഛനെയും കണ്ടു. സ്നേഹ ലാളനകൾ കൊണ്ട്‌ അവർ അപതാനിയിൽ സംസാരിച്ചത്‌ ഡുയു പരിഭാഷപ്പെടുത്തി.

പൂജാരിയായ മുത്തച്ഛന്റെ പല സംഗതികളും ഡുയു കാണിച്ചു തന്നു. പോകാൻ നേരം മുത്തശ്ശി സ്നേഹവായ്പ്പോടെ കാശ്‌ തന്നു.

5 മണിക്കുള്ള ഇറ്റാനഗർ-ബോംഡില ബസ്‌ കൃത്യ സമയത്ത്‌ എടുത്തെങ്കിലും ഇറ്റാനഗർ വിടും മുൻപ്‌ രണ്ട്‌ ടയർ പഞ്ചർ ആയി.  രണ്ടു മണിക്കൂറോളം വൈകി ഓടിയ ആ വണ്ടിയുടെ രണ്ടു ടയർ പിന്നെയും പഞ്ചറായി.

നാളെ രാവിലെ 6 മണിക്ക്‌ മുൻപേ ബോംഡില്ലയിൽ എത്തിയാലേ അവിടെ നിന്നും തവാങ്ങിലേക്കുള്ള സുമോ കിട്ടൂ എന്നു ഡുയു പറഞ്ഞിരുന്നു.

പകരമുള്ള പരിഹാരങ്ങൾ ബസിലിരുന്നു ഡുയു ആലോചിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ മൂന്നു പേരും പോത്തു പോലെ ഉറങ്ങി


ഒരു അഭിപ്രായം ഇടൂ

നിർവ്വചിക്കപ്പെടേണ്ട സുഖങ്ങൾ (പതിനഞ്ചാം ദിവസം)

“മൃഗങ്ങളെ വല്ലോം കിട്ടണമെങ്കിൽ 4 മണിക്ക്‌ എണീറ്റ്‌ പോണം” എന്ന ആ ഡയലോഗിൽ തന്നെ ഞാൻ ആ യാത്രയുടെ കാഠിന്യം മണക്കണമായിരുന്നു.

സിറോവിലെ കാട്ടിലേക്കുള്ള ട്രക്കിംഗാണ്‌ ഇന്ന്. സൈലന്റ്‌ വാലി, തേക്കടി, മീൻവല്ലം, പാത്രക്കടവ്‌, കരുവാരകുണ്ട്‌ തുടങ്ങി പല കാടുകളിലേക്കും ട്രക്കിംഗ്‌ നടത്തിയതിന്റെ അഹങ്കാരത്തിൽ ‘അമ്പട ഞാനേ’ എന്ന ഭാവത്തിലായിരുന്നു ഞാൻ. വലിയ വിശപ്പില്ലാത്തത്‌ കൊണ്ട്‌ പ്രാതലൊന്നും കാര്യമായി കഴിച്ചില്ല.

ഞങ്ങൾ നാലു പേരും ആബ,അത്തെ, ഇന്നലത്തെ ലിറ്റിൽ സൂപ്പർ സ്റ്റാർ റിക്ക എന്നിവരും പടക്കോപ്പുകളായി തയ്യാറായി. അപത്താനി വർഗ്ഗത്തിന്റെ പ്രത്യേക തരം വാൾ (അഞ്ചെണ്ണം), എയർ ഗൺ(ഒന്ന്), ഉച്ചക്ക്‌ കഴിക്കേണ്ട ഭക്ഷണം അടങ്ങിയ ബാഗ്‌, തോർത്ത്‌, ഫോൺ തുടങ്ങിയ സാധനങ്ങൾ അടങ്ങിയ ബാഗ്‌ വേറൊന്നും. ഇത്രയും സാധനങ്ങളുമായി രാവിലെ ഏഴു മണിക്ക്‌ നടത്തം തുടങ്ങി.

ചെറിയൊരു പാടം കഴിഞ്ഞ്‌ കാട്‌ തുടങ്ങി. തെളിച്ചിട്ട വഴിയേ ആദ്യമൊക്കെ നടന്നു. പിന്നെപ്പിന്നെ വഴി തെളിയാതെയായി.ആബയുടെ പിന്നാലെ നടക്കുക അഥവാ ‘തെളിക്കുന്നതെന്തോ അത്‌ തന്നെ വഴി’ എന്ന ചൊല്ലിന്റെ പിന്നാലെ നടക്കുക ഇതായിരുന്നു ദൗത്യം.

കൂട്ടത്തിലെ ഏറ്റവും പ്രായം കൂടിയ ആബയും ഏറ്റവും പ്രായം കുറഞ്ഞ റിക്കയും ആണ്‌ കാടിന്റെ സ്പന്ദനം അറിയുന്നവർ. റിക്ക എല്ലാ ആഴ്ചയും അവന്റെ അച്ഛന്റെ കൂടെ ഉൾക്കാടിൽ പോവുന്ന ആളാണ്‌. ഈ കാലത്തും ഈ തലമുറയിൽ പെട്ട ഒരാൾക്ക്‌ ഇതൊക്കെ അനുഭവിക്കാവുന്നതിൽ തെല്ലൊരു അസൂയ തോന്നാതിരുന്നില്ല.

കാട്ടിലെ നടത്തം എന്നു വെച്ചാൽ അതൊരു ഒന്നൊന്നര അനുഭവമാണ്‌. പശ്ചിമഘട്ട കാടുകളിൽ നിന്ന് വിഭിന്നമായി വളരെ ചെങ്കുത്തായ കയറ്റമാണ്‌ ഹിമാലയൻ കാടുകൾ.കുത്തനെയുള്ള കയറ്റങ്ങൾ കയറുമ്പോൾ പലർക്കും അടി തെറ്റി. കൂട്ടത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം വീണത്‌ ഞാനാണ്‌-17 പ്രാവശ്യം. കുത്തിനടക്കാനും കുന്നു കയറാനും ആബ എല്ലാവർക്കും കുറുവടി ഉണ്ടാക്കി തന്നു.

തുടർച്ചയായ വീഴ്ചയും കുത്തനെയുള്ള കയറ്റവും വിശ്രമമില്ലാതെയുള്ള കയറ്റവും എന്നെ വല്ലാതെ തളർത്തി. വല്ലാതെ കിതച്ചു. നെഞ്ചിടിപ്പിന്റെ താളം കാതുകളിൽ മുഴങ്ങി. മഴ പെയ്തിരുന്നെങ്കിൽ എന്നു വെറുതെ ആശിച്ചു.

ഇല്ല. എന്തൊക്കെ സൂചന കൊടുത്തിട്ടും ആരും ഈ നടത്തം നിർത്താൻ തയ്യാറല്ല. എന്നു മാത്രമല്ല കൂടുതൽ ഊർജ്ജസ്വലരായി നടത്തം തുടർന്നു.

കാടിനോടു ചേർന്നൊഴുകുന്ന അരുവിയിൽ നിന്ന് കൈക്കുടന്ന നിറച്ച്‌ വെള്ളം കോരിക്കുടിച്ചു. ഉച്ചഭക്ഷണത്തിനു വേണ്ട വെള്ളം കുപ്പികളിൽ ശേഖരിച്ചു. മല മുകളിൽ വെള്ളം ലഭ്യമല്ലത്രേ. വെള്ളക്കുപ്പികൾ കൂടി നിറച്ചപ്പോൾ ബാഗിനു വീണ്ടും ഭാരം കൂടി. ഭാരം പുറത്തേറ്റിയ ഭൂതകാലത്തെ അനുസ്മരിക്കാൻ ഊഴ്‌ വെച്ച്‌ ഞങ്ങളോരോരുത്തരും ചുമന്നു കയറി.

അട്ടകളും കൊതുകുകളും അവരുടെ പങ്കുകൾ എടുത്തു കൊണ്ടിരുന്നു.ചില ഇടവേളകൾ ഉണ്ടാക്കി ‘ഉപ്പു പ്രയോഗം’ നടത്തി ഞങ്ങൾ പ്രതിരോധിച്ചു.

പ്രാർത്ഥന കേട്ടെന്നോണം മഴ പെയ്തു. മുൻപേ നടക്കുന്നവർക്ക്‌ യാതൊരു കൂസലും ഇല്ല. തുള്ളി മുറിയാതെ പെയ്യുന്ന മഴയിലും അവരുടെ കാലടികൾ പിഴച്ചില്ല.

ഏതാണ്ട്‌ 5 മണിക്കൂറോളം നടന്നു. ആശ്വാസവാക്കെന്നോണം അത്തെ പറഞ്ഞു. “സ്ഥലം എത്താറായി”

സിറോ മൊത്തം കാണാവുന്ന വ്യൂ പോയിന്റ്‌ ആണ്‌ സ്ഥലം. നയനസുന്ദരമായ കാഴ്ച. നിന്ന് കാണുവാൻ ആരോ മരത്തിന്റെ സ്റ്റാന്റ്‌ കെട്ടിയുണ്ടാക്കിയിരിക്കുന്നു.

കരിക്കട്ട കൊണ്ട്‌ ‘റിക്ക’ എന്ന പേര്‌ പലയിടത്തായി കണ്ടു. മുൻപ്‌ ഇവിടെ പല പ്രാവശ്യം വന്നിട്ടുള്ള റിക്ക അപ്പൊൾ എഴുതി വെച്ചു പോയതാവണം.

മടിച്ചില്ല. ‘ഫലാഹ്‌ കുലിക്കിലിയാട്‌’ എന്നെഴുതി വെച്ച്‌ ഞാനും ഫോട്ടൊക്ക്‌ പോസ്‌ ചെയ്തു.

വയറ്‌ കത്തുന്നു.

“ഒരു അഞ്ച്‌ മിനിറ്റ്‌ കൂടി നടന്നാൽ വെറോരു സ്ഥലത്തെത്തും.” ഡുയു പറഞ്ഞു. “ഈശ്വരാ! ഇതെന്തൊരു പരീക്ഷണം!” നടന്നു. (അല്ലാതെ രക്ഷയില്ലല്ലോ! അവരുടെ കാട്‌! അവരുടെ നാട്‌!)

വീഴ്ച-കിതപ്പ്‌-പ്രാർത്ഥന-നിരാശ എപ്പിസൊഡുകൾക്ക്‌ ശേഷം കാടിന്റെ ഒത്ത നടുക്ക്‌ ഒരു മരക്കുടിൽ കണ്ടു. അതിന്റെ ഉള്ളിൽ കയറി പകുതി വെന്ത കോഴിയെ ചുട്ടു. തണുത്തു വിറച്ച കൈകാലുകളിൽ ചൂടു പകർന്നു.

കോഴി പാകമായതിനു ശേഷം ആബ എല്ലാവർക്കും ചോറു വിളമ്പി.ചോറും കറിയും മീനും ചുട്ട കോഴിയും അച്ചാറും ചെമ്മീൻ ചമ്മന്തിയും ആലു തോരനും….. ഇതു വരെ കഴിച്ച മികച്ച ഭക്ഷണങ്ങളിൽ ഒന്ന്. ഭ്രാന്തമായി കഴിച്ചു ഒരുപാട്‌.

സുഖം. ആപേക്ഷികതെ അനുമാനിക്കാൻ മറ്റൊരു വികാരത്തിന്റെയും തോത്‌ ഇത്രമാത്രം പോരില്ല. കഴിഞ്ഞ അഞ്ചു മണിക്കൂറിന്റെ നിരാശകൾ അലിഞ്ഞ ആ നിമിഷത്തൊടൊപ്പം ഞാൻ സിറോ താഴ്‌വരയുടെ സൗന്ദര്യം ചുംബിച്ചു.

കാടിറങ്ങുകയാണ്‌. ആയാസരഹിതമെന്ന് നിരൂപിക്കുന്ന ഇറക്കങ്ങളിൽ അടി തെറ്റ്‌ വീഴാൻ സാധ്യതയുണ്ടെന്ന് ഇടക്കിടെ ആബ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

കാടിന്റെ മറ്റൊരു മുഖം കൂടി കാണാൻ തിരിച്ചു വന്നത്‌ വേറൊരു വഴിയിലൂടെയാണ്‌. പൈന്മരങ്ങളും പേരറിയാത്ത മറ്റു മരങ്ങളും ഞങ്ങൾക്ക്‌ യാത്ര പറഞ്ഞു.അകലെ വിജനമായ ഒറ്റയടിപ്പാത കാണാനായി.

പക്ഷേ, കാട്ടിൽ നിന്നും വഴിയിലേക്ക്‌ ഇറങ്ങാനാവുന്നില്ല. വളരെ ആഴത്തിലാണ്‌ വഴി. ചാടിയിറങ്ങിയാൽ കാലൊടിയുമെന്ന് തീർച്ച.

റിക്കയുടെ നേതൃത്വത്തിൽ കാട്ടുവള്ളികൾ പിരിച്ചു ചേർത്ത്റ്റ്ബ്‌ കയറുണ്ടാക്കി. ഇതേ സമയം ആബ 10 മീറ്ററോളം പോന്ന ഒരു മരമുറിച്ചു താഴേക്കിട്ടു. അതിലൂടെ ഊർന്നിറങ്ങി ഞങ്ങൾക്ക്‌ ഇറങ്ങാൻ പാകത്തിൽ ഒരു കോണിയാക്കി.

ഈ കയറും കോണിയും പിടിച്ചു എല്ലാവരും സുരക്ഷിതരായി താഴെയെത്തി.വലിയൊരു സാഹസിക പ്രവൃത്തി ചെയ്തതിന്റെ സ്മരണാർത്ഥം ഞാൻ ഫൊട്ടൊ ക്ലിക്കിയപ്പോൾ ‘ഇതൊക്കെ എന്ത്‌’ എന്ന അർത്ഥത്തിൽ ആബ പുഞ്ചിരിച്ചു.

നേരം ഇരുട്ടുകയാണ്‌. കാടിറങ്ങുമ്പോൾ വീട്ടിലേക്ക്‌ ഒരു തടിയെങ്കിലും കൊണ്ടുവരണം എന്നൊരു അലിഖിത നിയമം ഉണ്ട്‌. അതുകൊണ്ടാവണം ആ ഇരുട്ടത്തും ആബ ഒരു വലിയ തടി വഹിച്ചു കൊണ്ടു പോന്നു.

വീട്ടിൽ അനി കാത്തിരിക്കുന്നു. തോട്ടിലെ കുളി കഴിഞ്ഞു എല്ലാവരും ഒരുമിച്ചിരുന്നു.

നാളെ പുലർച്ചെ സിറൊ വിടുകയാണ്‌. അതിഥികളാണോ ആതിഥേയരാണോ കൂടുതൽ സങ്കടപ്പെടുന്നതെന്നറിയിയ.

ജീവിതത്തിലെ അവിസ്മരണീയമായ മൂന്നു ദിവസങ്ങൾ സമ്മാനിച്ച നല്ല ആത്മാക്കളോട്‌ നിസ്വാർത്ഥമായി പുഞ്ചിരിച്ചു ഉറങ്ങാൻ കിടന്നു.

“കോഴ്സ്‌  കഴിഞ്ഞ്‌ 15 ദിവസം സിറോ ചെലവഴിക്കാൻ മാത്രം വരണം” ആബ പിന്നെയും പറഞ്ഞു കൊണ്ടിരുന്നു.


ഒരു അഭിപ്രായം ഇടൂ

പതിപ്പിച്ചെടുക്കാനാവാത്ത പാദമുദ്രകൾ (പതിനാലാം ദിവസം)

നെറ്റ്‌വർക്കിന്റെ പ്രശ്നം ഉള്ളതിനാൽ കഴിഞ്ഞ ദിവസം ടൈപ്‌ ചെയ്ത്‌ വെച്ചത്‌ പോസ്റ്റ്‌ ചെയ്യാൻ പറ്റാത്തതിന്റെ മടിയിൽ ആണ്ടു പോയിരുന്നു. അതിനാൽ സിറോയിലെ രണ്ടാം ദിവസത്തെ അനുഭവങ്ങളെ ആ ചൂടിലും ചൂരിലും ഇവിടെ പകർത്തുക അസാധ്യമാണ്‌.

തലേ ദിവസത്തെ ഓട്ടപ്രദക്ഷിണം കൊണ്ട്‌ വളരെ വൈകിയാണ്‌ എണീറ്റത്‌. മീൻപിടുത്തമാണ്‌ ഇന്നത്തെ പ്രധാന അജണ്ട എന്ന് ഡുയു ഇന്നലെത്തന്നെ പറഞ്ഞിരുന്നു. ചൂണ്ടയിൽ മണ്ണിരയെ കോർത്ത്‌ 333 വരെ എണ്ണിയിരുന്ന കഴിഞ്ഞ കാലം വെറുതെ ഓർത്തു. പ്രതീക്ഷയും ക്ഷമയും ചേർന്ന മീൻപിടുത്ത കലയുടെ അനുഭവക്കുളിരിൽ നനയവേ ഡുയു പറഞ്ഞു “വെറും കൈ കൊണ്ട്‌ പിടിക്കാവുന്ന മീനുകളാണ്‌”

പരന്നു കിടക്കുന്ന പാടങ്ങളോ അവക്കിടയിലുള്ള വരമ്പുകളിലെ നടത്തങ്ങളോ എനിക്കൊരിക്കലും അപരിചമായിരുന്നില്ല. നടന്നു തീർത്ത വഴികളുടെ പകുതിയിലധികവും വരമ്പുകളായിരുന്നു. അതിനാൽ സിറോ ഗ്രാമത്തിലെ നെൽവയലുകൾ പുതുമയുള്ള കാഴ്ചയായിരുന്നില്ല. എന്നാൽ മത്സ്യകൃഷിയോടൊപ്പം സംയോജിപ്പിച്ചുള്ള പാഡി-കം-പിസി കൾച്ചർ വേറിട്ടൊരു അനുഭവമായി മാറി. ഇത്തരം കണ്ടങ്ങളിൽ നിന്ന് വെറും കൈകൾ കൊണ്ട്‌ മീൻ പിടിക്കാവുന്ന തരത്തിൽ അനവധി വലിയ മീനുകൾ തന്നെ ഇവിടെ ഉണ്ട്‌. ഏതാണ്ട്‌ ഒരു മണിക്കൂർ സമയത്തിനുള്ളിൽ ഞങ്ങൾ ഓരോരുത്തരും രണ്ടും മൂന്നും ചാൺ വലിപ്പമുള്ള പത്തോളം മീൻ പിടിച്ചു.

ഇത്ര വലിപ്പമുള്ള മീനുകൾ വെറും കൈ കൊണ്ട്‌ പിടിച്ച്‌ പലരും ഫോട്ടൂക്ക്‌ പോസ്‌ ചെയ്തു.

“നിങ്ങൾ മീൻ പിടിച്ചു കൊണ്ടു വന്നില്ലെങ്കിൽ ഇന്ന് കറിയില്ല” എന്നു ആബ്ബ ഇറങ്ങാൻ നേരത്ത്‌ തമാശയായി പറഞ്ഞിരുന്നു. കൂട നിറയെ മീനുമായാണ്‌ ഞങ്ങളുടെ മടക്കം. കൂട്ടത്തിൽ സ്വർണ്ണവർണ്ണത്തിലുള്ള ഒരു മീനിനെ സുംബിക്ക്‌ വളർത്താനും കിട്ടി.

ഉച്ചക്ക്‌ ശേഷം ഷൂട്ടിംഗ്‌ മത്സരമായിരുന്നു. 20 മീറ്റർ അപ്പുറമുള്ള ഒരു ‘ബുൾസ്‌ ഐ’യിൽ കൃത്യമായി കൊള്ളിക്കുന്നവർക്ക്‌ അടുത്തുള്ള കമ്പിൽ തൂക്കിയിട്ടിരിക്കുന്ന 100 രൂപ സമ്മാനം. പ്രായഭേദമന്യേ എല്ലാവരും ശ്രമിച്ചു. ഒടുക്കം ഡുയുവിന്റെ കസിൻ ആയ 12 വയസ്സുകാരൻ റിക്കയ്ക്കാണ്‌ പ്രൈസടിച്ചത്‌.

തുടർന്ന് എയർഗണിൽ ഞങ്ങളെല്ലാവരും പരിശീലനം തുടർന്നു. റിക്ക ചില സാങ്കേതിക വശങ്ങൾ എല്ലാം പറഞ്ഞു തന്നു. അനീഷ്‌ തുടർച്ചയായി മൂന്നു പ്രാവശ്യം ലക്ഷ്യസ്ഥാനമായിരുന്ന പെപ്സി ക്യാനിൽ കൊള്ളിച്ച്‌ അഭിനവ്‌ ബിന്ദ്രയെ പോലെ മുഷ്ടി ചുരുട്ടി.

അല്ലെങ്കിലും കൂട്ടത്തിൽ അനീഷാണ്‌ സിറോ വല്ലാതെ ആസ്വദിച്ചത്‌. വെട്ടുകിളികൾ ഫ്രൈ ചെയ്തതും ‘അപോംഗ്‌’ എന്ന പ്രാദേശിക കള്ള്‌ രുചിക്കാനും അനീഷ്‌ പ്രത്യേക താൽപര്യം എടുത്തു.

സമീപതുള്ള തോട്ടിലെ കുളിക്കും വിവിധങ്ങളായ വിഭവങ്ങൾ നിറഞ്ഞ ഉച്ച ഭക്ഷണത്തിനും ശേഷം സിറോ ഗ്രാമത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും ആബയുടെ പിക്കപ്പിൽ പോയത്‌ തണുപ്പ്‌ നിറഞ്ഞ കാറ്റിനോട്‌ മല്ലിട്ടായിരുന്നു.

പ്രദേശ വാസികൾക്കായുള്ള കോളേജും എയർ ഫീൽഡും നിറഞ്ഞ സിറോയുടെ വിവിധ ഭാഗങ്ങൾ കൺകുളിർക്കെ കണ്ടു. നാലു ഭാഗവും മല നിരകളും അവയ്ക്കിടയിൽ ചുരങ്ങളും തീർക്കുന്ന ഈ താഴ്‌വര രണ്ടു ദിവസമായി ഞങ്ങൾക്ക്‌ മറ്റൊരു ലോകമാണ്‌ സമ്മാനിക്കുന്നത്‌. പത്രമോ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളോ ഇന്റർനെറ്റോ ഇല്ലാതെ സ്വയം തീരത്ത ഈ തുരുത്തിൽ ഞങ്ങൾ സൗഖ്യം നുകർന്നു. അതിഥികളെ സൽക്കരിക്കാൻ വേണ്ടി മാത്രം ഒരാഴ്ച ലീവ്‌ എടുത്ത ആബ പലപ്പോഴും ഞങ്ങളെ സ്നേഹിച്ചു തോൽപ്പിച്ചു കൊണ്ടിരുന്നു.

കല്ലും കുഴികളും നിറഞ്ഞ റോഡുകളെ പല്ലിളിച്ചു കാണിച്ചു ആബയുടെ പിക്കപ്പ്‌ ഒരു കുന്ന് കയറി. അതിന്റെ മുകളിൽ നിന്നാൽ സിറോ ഗ്രാമം മൊത്തമായി കാണാം.

അനേകം ചെറു ഗ്രാമങ്ങൾ ചേർന്നതാണ്‌ സിറോ. ഡുയുവിന്റെ വീടിരിക്കുന്നത്‌ ‘ഹരി’ എന്ന ഗ്രാമത്തിലാണ്‌. അതിനോട്‌ ചേർന്ന് ‘ഹോംഗ്‌’,’ബിറി’,’ബെല’ തുടങ്ങി ഒട്ടേറെ ഗ്രാമങ്ങൾ ഉണ്ട്‌

തൊട്ടടുത്തുള്ള ‘ഹപ്പോളി’ എന്ന ചെറുപട്ടണവും കണ്ടു.

വീട്ടിലേക്ക്‌ തിരിക്കുമ്പോൾ നേരം ഇരുട്ടിയിരുന്നു. മഞ്ഞിന്റെ കനത്ത തണുപ്പിനെ കീറിമുറിക്കാൻ അനിയുടെ ചായക്ക്‌ കഴിഞ്ഞു. ഒരു കപ്പ്‌ ചായ കൂടി കൂടുതൽ ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇതിനകം സ്വായത്തമാക്കിയ ഞങ്ങളും പതുക്കെ ആ വീട്ടിൽ അലിഞ്ഞു ചേരുകയായിരുന്നു.

ഉച്ചക്ക്‌ വന്ന കാരണവർ അനുഗ്രഹിച്ചു പറഞ്ഞു. “ഡുയുവിനെ പോലെ നിങ്ങളും എന്റെ മക്കളാണ്‌. ഇന്ത്യക്കാർ എന്ന നിലക്ക്‌ നിങ്ങളുടെ സേവനം കേരളത്തിൽ മാത്രം ഒതുങ്ങേണ്ടതല്ല.സിറോയിലേക്ക്‌ സ്വാഗതം..”

കൊടുക്കൽ-വാങ്ങലുകളുടെ മറ്റൊരു സൂര്യൻ കൂടി ഹിമാലയത്തോട്‌ കൈ വീശി കാണിച്ചു. സ്നേഹിക്കാൻ മാത്രമറിയാവുന്ന ഈ വീടിനും നാടിനും നന്മക്ക്‌ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ച ആ രാവിനോടൊപ്പം ഞാനും കണ്ണടച്ചു.


ഒരു അഭിപ്രായം ഇടൂ

പറഞ്ഞാലും തീരാത്ത സിറോ വിശേഷങ്ങൾ (പതിമൂന്നാം ദിവസം)

ഹിമാലയൻ താഴ്‌വരയിൽ മഴ പെയ്യുകയാണ്‌. തണുത്ത കാറ്റേറ്റ്‌ വിറക്കുമ്പോഴും വാക്കുകളുടെ വരൾച്ചയിൽ ഒരു കൂട്ടം ചെറുപ്പക്കാർ ദാഹിക്കുന്നു.

അനുഭവിച്ച ആതിഥേയത്വത്തിന്റെ പൂർണ്ണമായ അനുരണനം ഈ വാക്കുകളിലൂടെ എഴുതാൻ ഞാൻ അശക്തനാണ്‌. അക്ഷരാർത്ഥത്തിൽ ഡുയുവിന്റെ കുടുംബത്തിന്റെ ആതിഥേയത്വം കൊണ്ട്‌ ഞങ്ങൾ വീർപ്പു മുട്ടുകയാണ്‌.

ഗുവാഹട്ടിയിൽ നിന്ന് സിറോ എന്ന ഗ്രാമത്തിലേക്കുള്ള ബസ്‌. സിറോയിലേക്ക്‌ ഞങ്ങൾക്ക്‌ ഐ.എൽ.പി. ഉണ്ടായിരുന്നില്ല. ഡുയുവിന്റെ ആബ(അച്ഛൻ) അതെല്ലാം നേരത്തെ പറഞ്ഞു ശരിയാക്കി വെച്ചിരുന്നുവത്രേ.

സിറോയിൽ ബസ്‌ ഇറങ്ങിയത്‌ മുതൽ ഡുയു,ആബ,അനി(അമ്മ),ദാദ(ചേട്ടൻ),സുംബി(അനിയത്തി) എന്നിവർ ഞങ്ങളെ മൊത്തമായങ്ങ്‌ ഏറ്റെടുത്തു. ഇടക്ക്‌ ഇളയച്ഛനും ഇളയമ്മയും വന്നു.

അരുണാചൽ പ്രദേശിന്റെ തനതു വിഭവങ്ങളും ‘അപത്താനി’ വർഗ്ഗത്തിന്റെ സ്പെഷൽ വിഭവങ്ങളും ചേർന്ന് ഭക്ഷണസമയം നീണ്ടു പോയി.

അവയിൽ ബാംബൂ ചിക്കൺ കറിയുടെ വലിയ ഫാനായി മാറി ഞാൻ. വിവിധങ്ങളായ പച്ചക്കറികളും പച്ചമരുന്നുകളും ഇടക്കും തലയ്ക്കും ഞങ്ങളെ തീറ്റിച്ചു. ‘മതി’ എന്നതിന്റെ ഹിന്ദി പഠിക്കാൻ വൈകിയത്‌ കൊണ്ട്‌ രാത്രി ഭക്ഷണം വരെ എനിക്ക്‌ അനുസരിക്കാതെ നിർവ്വാഹമില്ലായിരുന്നു.

ഓരോ പുതിയ കാര്യങ്ങൾ പരിചയപ്പെടുത്തുമ്പോഴും അനിയും ആബയും ഹിന്ദിയിലും ദാദ ഇംഗ്ലീഷിലും ഡുയു മലയാളത്തിലും പറയുന്നുണ്ടായിരുന്നു.

ഭാഷകളുടെ സംഗമം ആണ്‌ ഇവിടം. മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി, അപ്പത്താനി എന്ന പ്രാദേശിക ഭാഷ, ആസമീസ്‌ ഇവയൊക്കെ ഇടക്കും തലയ്ക്കും പലരും ഉപയോഗിച്ചു കൊണ്ടിരുന്നു.

അപ്പത്താനിയിൽ ‘താങ്ക്യൂ’ ‘ഗുഡ്‌ നൈറ്റ്‌’ ഇവയൊക്കെ പഠിച്ചു വരുമ്പോഴാണ്‌ ചെറിയച്ഛൻ യാത്ര പറയാൻ നേരം ” ശുഭ രാത്രി.. നാളെ കാണാം” എന്നു വികലമെങ്കിലും സുന്ദരമായ മലയാളത്തിൽ പറയുന്നത്‌. ആർക്കും ചിരിയടക്കാനായില്ല. (ഡുയു പഠിപ്പിച്ചു കൊടുത്തതാവണം..)

പകൽ മുഴുവൻ തിരക്കായിരുന്നു. ഇത്രയും ദിവസങ്ങൾ ഉടുത്തത്‌ മുഴുവൻ അടുത്തുള്ള തോട്ടിൽ പോയി കഴുകി. നല്ല തണുത്ത വെള്ളം. അതിൽ നിന്ന് തന്നെ ഒന്നാന്തരം കുളിയും പാസാക്കി തിരിച്ചു വന്നു.

ആബയ്ക്ക്‌ ഒരു ടാറ്റ പിക്‌ അപ്‌ ഉണ്ട്‌.  സിറോ ഗ്രാമം ആകെ ചുറ്റാനുള്ള ആഗ്രഹത്തൊടൊപ്പം ആ പിക്കപ്ലും സഞ്ചരിച്ചു. സിറോയിലെ പല സ്ഥലങ്ങളിലൂടെയും വണ്ടി ഓടിച്ചു അദ്ദേഹം പല ദൃശ്യങ്ങളും കാണിച്ചു തന്നു. ഹിമാലായത്തിന്റെ പച്ച വിരിച്ച മലനിരകളിലൂടെ ഞങ്ങളും ഡുയുവിന്റെ കുടുംബവും സഞ്ചരിച്ചു.

കുറഞ്ഞത്‌ എട്ടു ദിവസമെങ്കിലും സിറോയിൽ ചെലവഴിക്കണം എന്നു പറഞ്ഞാണ്‌ ആബ ഇങ്ങോട്ട്‌ വിളിച്ചത്‌ തന്നെ. കഷ്ടിച്ച്‌ മൂന്നു ദിവസമേ സിറോയിൽ ഉള്ളൂ എന്നറിഞ്ഞപ്പോൾ പല സ്ഥലങ്ങളിലേക്കും ഓടിച്ചു പോവുകയാണ്‌.

സിറോയിൽ ഒരു ഗസ്റ്റ്‌ ഹൗസ്‌ ഉണ്ട്‌. അതിന്റെ മുകളിൽ കയറി ഹിമാലയത്തിന്റെ വന്യമായ സൗന്ദര്യം കാണാനായി.

പർവ്വതാരോഹണം ചെയ്യാനുള്ള ഭാഗ്യവും ഉണ്ടായി ഇന്ന്. കുത്തനെയുള്ള ഒരു മലയിൽ മരത്തിന്റെ വേരുകളും ഒരു കുറുവടിയും കുത്തി ഞങ്ങൽ കയറി. ഞങ്ങൾ ചെറുപ്പക്കാരെല്ലാം കിതച്ചു നിന്നപ്പോൾ 55 വയസ്സു കഴിഞ്ഞ ആബ കയറിക്കൊണ്ടേ ഇരുന്നു.

മുകളിലെത്തിയപ്പോൾ എയർ ഗൺ ഉപയോഗിച്ച്‌ ഷൂട്ടിംഗ്‌ തുടങ്ങി. ആദ്യമായി തോക്ക്‌ പിടിക്കുന്ന ഞങ്ങൾ മൂന്നു പേർക്കും ഒന്നു പോലും ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കാൻ പറ്റിയില്ല. അതേ സമയം ഡുയുവും ആബയും ദാദയും മൽസരിച്ചു വെടിവെച്ചു വീഴ്ത്തിക്കൊണ്ടിരുന്നു.

ശിവനും പാർവ്വതിയും ഗണപതിയും ചേർന്നുള്ള ഒരു ശിവലിംഗം ഉണ്ട്‌ സിറോവിൽ. വർഷങ്ങൾക്കു മുൻപ്‌ കാടു വെട്ടി തെളിക്കുന്നതിനിടെ ആരോ കണ്ടെത്തിയതാണത്രേ. ശിലയുടെ ആകാരൻ കണ്ട്‌ ദൈവികസാന്നിധ്യം ദർശ്ശിച്ചതിന്‌ ശേഷം ഇപ്പോൾ സ്ഥിര പൂജയൊക്കെ ഉണ്ട്‌.

ഇതിനിടെ ഒരു മലയാളിയെ കണ്ടുമുട്ടി. തിരുവനന്തപുരത്തുകാരനായ രവീന്ദ്രനാഥ്‌ , വിവേകാനന്ദ മിഷൻ സിറോവിൽ നടത്തുന്ന സ്കൂളിന്റെ വൈസ്‌ പ്രിൻസിപ്പാളാണ്‌.

ഏതാണ്ട്‌ അഞ്ചു മണിക്കൂറോളം പിക്കപിൽ കറങ്ങി വീട്ടിൽ തിരിച്ചു കയറുമ്പോൾ ഒരു പൂജാരി വന്നു. അപത്താനി ആചാരത്തിലുള്ള പൂജകൾ ചെയ്ത്‌ അവർ ഞങ്ങളെയെല്ലാം അനുഗ്രഹിച്ചു.

‘അപോംഗ്‌’ എന്നു പേരുള്ള പാനീയം കൂട്ടത്തിലെ ചിലരൊക്കെ രുചിച്ചു. അരുണാചൽ പ്രദെശിലെ പ്രാദെശിക പാനീയങ്ങളിൽ ഒന്നാണ്‌ അപ്പോംഗ്‌.

തണുപ്പടിച്ച്‌ കയറുന്ന രാത്രി ഉറങ്ങാൻ നേരം ഡുയു പറഞ്ഞു. ” ഇപ്പോൾ സമ്മറാ. വിന്ററിൽ ഞാൻ ഇതു വരെ ഇവിടെ വന്നിട്ടില്ല.”

കട്ടിയുള്ള കമ്പിളി പുതപ്പ്‌ മൂടി ഞാൻ തണുപ്പിൽ നിന്നോടി


ഒരു അഭിപ്രായം ഇടൂ

ഡുയുവിന്റെ നാട്ടിലേക്ക്‌…(പന്ത്രണ്ടാം ദിവസം)

വൈകുന്നേരം 04.30 നുള്ള ബസ്‌ പിടിക്കുന്നതിന്‌ മുൻപ്‌ ഗുവാഹട്ടിയിൽ കറങ്ങാനുള്ള പ്ലാനുണ്ടായിരുന്നു. അതിനു വേണ്ടി സൂ, മ്യൂസിയം, ബ്രഹ്മപുത്ര ഫെറി പോലുള്ള സംഗതികൾ നോക്കി വെച്ചിട്ടും ഉണ്ടായിരുന്നു.

അരുണാചൽ പ്രദേശിലേക്ക്‌ പുറത്തു നിന്നുള്ള ആർക്കു പ്രവേശിക്കണമെങ്കിലും ഐ.എൽ.പി അഥവാ ഇന്നർ ലൈൻ പെർമ്മിറ്റ്‌ വേണം. അതിനു വേണ്ടിയുള്ള അപേക്ഷ രണ്ടു ദിവസം മുൻപ്‌ ഗുവാഹട്ടിയിൽ കൊടുത്തിട്ടാണ്‌ ഞങ്ങൾ ഷില്ലോംഗിലേക്ക്‌ പോയത്‌.

ഇന്നത്തെ പ്രഥമവും പ്രധാനവുമായ കാര്യമായ ഈ ഐ.എൽ.പി ലഭ്യമാകുന്നതിൽ വലിയ വിഘ്നങ്ങൾ ഒന്നും വന്നില്ല. 25 ആം തീയതി വരെ അരുണാചൽ പ്രദേശിൽ താമസിക്കാനുള്ള അനുവാദമാണ്‌ ഈ കടലാസിലൂടെ ലഭ്യമായിരിക്കുന്നത്‌.

ഗുവാഹട്ടിയിലെ പള്ളിയിൽ നിന്ന് ജുമു നമസ്കരിച്ചു മാർക്കറ്റിലേക്കിറങ്ങി.

ബസ്സ്‌ പിടിക്കാൻ ഐ.എസ്‌.ബി.ടി എന്ന ഇന്റർ സ്റ്റേറ്റ്‌ ബസ്‌ ടെർമ്മിനലിൽ എത്തി.

ബന്ധങ്ങളുടെ വ്യാപാരമാണ്‌ നടക്കാൻ പോകുന്നത്‌. ഏതൊരു പുതിയ സ്ഥലത്തും പ്രവേശിക്കുമ്പോഴുള്ള വീർപ്പുമുട്ടലുകൾ നിഴലിക്കുന്നു.

സത്യത്തിൽ നീണ്ട പതിനൊന്നു ദിവസത്തെ യാത്രക്കൊടുവിൽ വിശ്രമിക്കാൻ കൂടിയാണ്‌ ഡുയുവിന്റെ ജന്മനാടായ ‘സിറോ’യിലേക്ക്‌ പോകുന്നത്‌. കേട്ടറിഞ്ഞിടത്തോളം ‘നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം’ തന്നെ ആയിരിക്കണം അത്‌.

ചെക്ക്‌ പോസ്റ്റുകൾ ഓരോന്നും പിന്നിട്ട്‌ ബസ്‌ കിതച്ച്‌ കിതച്ച്‌ ചുരം പിന്നിട്ട്‌ കൊണ്ടിരുന്നു.

കവി പറഞ്ഞത്‌ പോലെ ഉറക്കം കണ്ണുകളിൽ ഊഞ്ഞാലു കെട്ടിക്കൊണ്ടിരുന്നു..