ഇട്ട്ല്

ഇടവഴി എന്നതിന്റെ ഒരു പ്രാദേശിക പേരാണ് ഇട്ട്ല് . പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിൽ തന്നെ ഈ പദം വ്യത്യസ്ത രൂപങ്ങളിൽ അറിയപ്പെടുന്നു . ഇട്ടിലി ,ഇട്ട്ലി എന്നൊക്കെ പല സ്പെല്ലിങ്ങുകൾ ഉൾക്കൊള്ളുന്ന ഈ പദം ,എന്റെ ഭൂതകാലത്തിന്റെ സാക്ഷിയാണ് .മുറുമുറുപ്പും നിരാശയും അടക്കം പറച്ചിലും അമർത്തിച്ചിരികളൂം തുടങ്ങി ഒരൂട്ടം വൈകാരികമായ പങ്കുവെക്കലുകൾ സാധാരണമായിരുന്ന ആ നാട്ടിടവഴികളെക്കുറിച്ചു അഥവാ ജീവിതത്തെ കുറിച്ച് തന്നെ … എന്റെ അക്ഷരങ്ങൾക്ക് വഴുവഴുപ്പാണ് വിധി ;അറയ്ക്കുന്ന ചീരാപ്പു ഒലിയ്ക്കുന്നതു കൊണ്ടാവാം ….


ഒരു അഭിപ്രായം ഇടൂ

ദാഹം

സൂപ്പർ മൂൺ നിലാവ്. ഡിന്നർ കഴിഞ്ഞ് ഒരു കിംഗ്സ് പതിവാണ് രണ്ടു പേർക്കും.  Fascino യുടെ അക്സിലേറ്റർ അവളുടെ കയ്യിൽ കൊടുക്കുമ്പോഴേ ഭ്രാന്തമായ ഒരു drive തന്നെ ആണ് പ്രതീക്ഷിച്ചത്.

ഓവർ ബ്രിഡ്ജ് ഉള്ള ഹൈ വേയുടെ സർവീസ് റോഡിൽ അത്യാവശ്യം ഇരുട്ടാണ്. റോഡിനോട് ചേർന്ന് ഓരോ സിഗരറ്റിന് വീതം തീ കൊടുത്താൽ പതിനഞ്ച് മിനിട്ടുക്കൾ രണ്ടു പേരും ജീവിതത്തിനെ കുറിച്ച് കൂലങ്കഷമായി ചർച്ച ചെയ്യും. നിരർത്ഥകമായ ജീവിതത്തിനെ നോക്കി ഇരുവരും പുക വിട്ടു കൊണ്ടേയിരിക്കും.

പതിവിനു വിപരീതമായി ഇന്ന് ഞാൻ എൻ്റെ music player on ചെയ്തു. ” സൊല്ലാൽ അടിച്ച സുന്ദരീ…” പാട്ട് നീങ്ങി തുടങ്ങി.
“നിനക്കീ മെലഡി മാത്രേ ചവക്കാൻ പറ്റൂ?” അവൾ പുച്ഛിച്ചു.
ഞാൻ ഒന്നും പറഞ്ഞില്ല. ഒന്നും മിണ്ടാതെ ആഞ്ഞ് വലിച്ചു. എരിഞ്ഞ് തീരാനായ കുറ്റി കാലിനിടയിൽ ഇട്ടു ഞെരിച്ചു.

“പറ. നീ എന്താ മൂഡ് ഓഫ് ആയി ഇരിക്കുന്നത്?” അവൾ വിടാനുള്ള മട്ടില്ല.
“ഹേയ്.. അങ്ങനെ ഒന്നും ഇല്ല” എന്നും പറഞ്ഞു അവളുടെ എരിയുന്ന സിഗരറ്റ് അൽപ്പം സ്വാതന്ത്രത്തിൽ എടുത്തു വലിച്ചു.

“ഡോണ! നീ വിജയകാന്തിനെ കുറിച്ച് കേട്ടിട്ടുണ്ടോ?! തമിഴ് നടൻ?”
” ഹാ! എനിക്കൊന്നും അറിയാൻ പാടില്ല! I rarely watch tamil movies..na?” അവൾ കൈ മലർത്തി.

ശെരിയാണ്. എനിക്കും അറിയില്ലായിരുന്നു.

നിധീഷും ധനീഷും. രണ്ടു സഹോദരങ്ങൾ. Duchenne Muscular Dystrophy ആണ് രണ്ടു പേർക്കും. നിധീഷിന് 13 വയസ്സ് ആണ്; ധനീഷിന് പത്തും. എണീറ്റ് നിൽക്കാൻ രണ്ടു പേർക്കും കഴിയില്ല. രണ്ടു പേരും അസാമാന്യ സിനിമാ സ്നേഹികൾ ആണ്.  ഒടുക്കത്തെ വിജയകാന്ത് ഫാൻസും. Wikipedia നോക്കി ഞാൻ ചോദിച്ച ഏതു വിജയ കാന്ത് പടവും രണ്ടു പേർക്കും മനപ്പാഠം ആണ്. ഓരോരോ പാട്ടുകൾ പറഞ്ഞു എല്ലാം എന്നെ കൊണ്ട് download ചെയ്യിപ്പിച്ചു. ഏതാണ്ട് 30 വിജയകാന്ത് പടത്തിലെ പാട്ടുകൾ ആ ഒരു മണിക്കൂറിൽ എൻ്റെ ഫോണിലെ music player ൽ സ്ഥാനം പിടിച്ചു. പാച്ചല്ലൂർ മലയിൽ പോവുന്ന പല സമയത്തും അവരുടെ വീട്ടിൽ പോവും. കഷ്ടിച്ച് രണ്ടു പേർക്ക് താമസിക്കാൻ കഴിയുന്ന ആ വീട്ടിൽ അവരും അവരുടെ മാതാപിതാക്കളും പാട്ടിയും താത്തയും ജീവിക്കുന്നുണ്ട്. ദൈനം ദിന ചിലവുകളിൽ അരിഷ്ടിച്ച് വാങ്ങിയ ടി.വി യിൽ അവർ വിജയകാന്തിനെ കണ്ട് കൊണ്ടേയിരുന്നു. ഇതിനിടക്ക് റിമോട്ട്, ക്ലോക്ക്, കളിപ്പാട്ടങ്ങൾ തുടങ്ങി പല സാധനങ്ങളും സ്വാധീനം കുറഞ്ഞു തുടങ്ങിയ അവരുടെ കൈകൾ കൊണ്ട് അവർ രണ്ടു പേരും repair ചെയ്യും. കയ്യിൽ ഉള്ള ഫോണിൽ memory പോരാ. ഒരു മെമ്മറി കാർഡ് വേണം എന്നതാണ് അവരുടെ ഇപ്പോഴത്തെ ആവശ്യം. വീട്ടിൽ വെറുതെ ഇരിക്കുന്ന മെമ്മറി കാർഡ് കൊണ്ട് വന്നു തരാം എന്ന വാക്ക് കൊടുത്താണ് കഴിഞ്ഞ പ്രാവശ്യം പോയപ്പോൾ യാത്ര പറഞ്ഞു ഇറങ്ങിയത്…

“ലാസ്റ്റ് ടൈം വീട്ടിൽ പോയപ്പോൾ നീ എടുത്ത് കൊണ്ട് വന്നോ?” ഡോണ ചോദിച്ചു.
” ഇല്ല. മറന്നു. പിന്നെ പോവാനും പറ്റിയില്ല.. പക്ഷേ, നിധീഷായിരുന്നു അത് ചോദിച്ചത്. ഇനി കൊടുക്കാൻ പറ്റാത്തൊരു ഇടത്തേക്ക് അവൻ പോയി പോലും. കാളിയമ്മ സിസ്റ്റർ ആണ് വിളിച്ചത് നേരത്തെ!” ഒരു ശ്വാസത്തിൽ അതും പറഞ്ഞു ഞാൻ സിഗരറ്റിൻ്റെ പുകയ്ക്കായി ദാഹിച്ചു…!!

നിലാവിൽ എൻ്റെ പുകച്ചുരുളുകൾ അവളുടെ നാസാരന്ധ്രങ്ങൾ തേടി പോവുന്നത് ഞാൻ കണ്ടു. ” സൊല്ലാൽ അടിച്ച സുന്ദരി” തീർത്ത് music player അടുത്ത വിജയകാന്ത് പാട്ടിലേക്ക് ഊളിയിട്ടു.